ADVERTISEMENT

ചരിത്രത്തില്‍ നേരത്തേ സംഭവിച്ചിട്ടുള്ളതു പോലെ ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ വീണ്ടും വന്നിടിക്കാൻ സാധ്യതയുണ്ടെന്നാണ് ശാസ്ത്രജഞർ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ അത് വൻ ദുരന്തത്തിനു കാരണമാകും. ഭാവിയിൽ അപകടകരമായ ഛിന്നഗ്രഹം ഭൂമിക്കു നേരെ വന്നാല്‍ എന്തു ചെയ്യും? വിവിധ രീതിയില്‍ അതിനെ കൈകാര്യം ചെയ്യാമെന്നാണ് ചർച്ചകൾ നടക്കുന്നത്. ആണവവിസ്‌ഫോടനം, വലിയൊരു ബഹിരാകാശപേടകത്തിന്റെ സഹായത്തോടെ ഛിന്നഗ്രഹത്തിന്റെ വഴി തിരിച്ചുവിടുന്നതുമാണ് രണ്ടു പരിഹാരമാര്‍ഗങ്ങള്‍. എന്നാല്‍, ഇവയ്ക്ക് രണ്ടിനും ഇടയിലുള്ള ഒരു സാധ്യത പരീക്ഷിച്ച് വിജയിച്ചിരിക്കുകയാണ് നാസ. ഈ പദ്ധതിയുടെ പേരാണ് കൈനക്ടിക് ഇംപാക്ടര്‍ ടെക്‌നിക്.

∙ ദൗത്യം വിജയകരം

ബഹിരാകാശമേഖലയിലെ ഏറ്റവും ശ്രദ്ധേയമായ സംഭവങ്ങളിലൊന്നാണ് ചൊവ്വാഴ്ച വെളുപ്പിന് സംഭവിച്ചത്. നാസയുടെ ഏറ്റവും വലിയ ത്രില്ലർ ദൗത്യങ്ങളിലൊന്നായ ഡാർട്ട് അഥവാ ‘ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്‌ഷൻ ടെസ്റ്റ്’ വൻ വിജയമായിരുന്നു. വെളുപ്പിന് 4.44ന് ഒരു ചെറു ഛിന്നഗ്രഹത്തെ ഇടിച്ച് അതിന്റെ ഭ്രമണപാത തെറ്റിക്കാനുള്ള ശ്രമം ഡാർട്ട് വിജയകരമായി പൂർത്തിയാക്കി. ഭൗമപ്രതിരോധരംഗത്തെ ഏറ്റവും നിർണായകമായ കാൽവയ്പാണ് ഇതെന്ന് പറയാം.

ഭൂമിയിൽ നിന്ന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹമായ ഡിഡിമോസിനെ ചുറ്റിക്കറങ്ങുന്ന ഡൈഫോർമോസ് എന്ന മറ്റൊരു ചെറുഛിന്നഗ്രഹത്തെ ലക്ഷ്യമിട്ടായിരുന്നു ഡാർട്ടിന്റെ അറ്റാക്ക്. സെക്കൻഡിൽ 6.6 കിലോമീറ്റർ എന്ന വേഗത്തിൽ ഡാർട്ട് ഈ ചെറു ഛിന്നഗ്രഹത്തിനു നേരെ പാഞ്ഞടുത്തു. ഇതിനു മുൻപായി ഡൈഫോർമോസിന്റെ കുറച്ചു ചിത്രങ്ങൾ ഭൂമിയിലേക്ക് അയയ്ക്കുകയും ചെയ്തു. പിന്നീടായിരുന്നു ഇടി. 612 കിലോ ഭാരവും ഒന്നരമീറ്റർ നീളവുമുള്ള പേടകമാണ് ഡാർട്ട്.

pd-dart-mission-impact

∙ എന്താണ് കൈനക്ടിക് ഇംപാക്ടര്‍ ടെക്‌നിക്?

ഒന്നോ ഒന്നിലേറെയോ ബഹിരാകാശപേടകങ്ങള്‍ ഛിന്നഗ്രഹത്തിലേക്ക് അമിത വേഗത്തില്‍ ഇടിച്ചുകയറ്റി അതിന്റെ പാതയില്‍ വ്യതിചലനമുണ്ടാക്കി ഭൂമിയെ സംരക്ഷിക്കുക എന്നതാണത്. കാലേക്കൂട്ടി നടത്താന്‍ സാധിച്ചാല്‍ ഈ രീതി വളരെ ഫലപ്രദമാണെന്നു കണ്ടതിനെ തുടര്‍ന്നാണ് ഇത്തരത്തിലുളള പരീക്ഷണങ്ങള്‍ നടത്താന്‍ നാസ തയാറായത്. ദൗത്യം വിജയിച്ചതിന്റെ ആവേശത്തിലാണ് ഗവേഷകർ. ഭാവിയിൽ ഏതെങ്കിലും ഭീകരൻ ഛിന്നഗ്രഹം നമ്മെ തേടിയെത്തിയാൽ, ഒന്നു തിരിച്ചു പൊരുതാനായി കൈയിലൊരു ആയുധമുണ്ടെന്ന തെളിയിക്കൽ കൂടിയായിരുന്നു ഇത്.

∙ ഡാര്‍ട്ടിന്റെ വലുപ്പം, വേഗം, ഭാരം

ഒരു കാറിന്റെ വലുപ്പമുള്ള ഡാര്‍ട്ടാണ് ഡിഡിമൂണിനു നേരെ തൊടുത്തത്. ഇതാകട്ടെ സെക്കന്‍ഡില്‍ 6.6 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിച്ചത്. എന്നാൽ, ഇപ്പോഴത്തെ ദൗത്യം കൊണ്ട് കാര്യമായി ഫലം കണ്ടോ എന്നറിയാന്‍ അഞ്ചു വര്‍ഷം കാത്തിരിക്കേണ്ടി വന്നേക്കും. ഹെരാ (Hera) എന്ന പേരില്‍ അഞ്ചു വര്‍ഷത്തിനു ശേഷം എത്തുന്ന യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ദൗത്യമായിരിക്കും ഡാര്‍ട്ടിന്റെ ദൗത്യം വിജയിച്ചോ എന്നു കൃത്യമായി വിലയിരുത്തുക. ഡാര്‍ട്ട് ഡിമോര്‍ഫസില്‍ ചെറിയൊരു ആഘാതം മാത്രമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഭൂമിക്കു നേരെ വരുന്ന ഒരു ഛിന്നഗ്രഹത്തില്‍, ഭൂമിയില്‍ നിന്ന് വളരെ അകലെ വച്ച് അത്തരത്തിലൊരു ആഘാതം ഉണ്ടാക്കിയാല്‍ പോലും അത് ഭൂമിക്ക് അടുത്തെത്തുമ്പോള്‍ ഗുണംചെയ്യുമെന്നാണ് നിഗമനം. ഇങ്ങനെ ഛിന്നഗ്രഹങ്ങളെ അവയുടെ പാതയില്‍ നിന്ന് വ്യതിചലിപ്പിക്കാനാണ് ശ്രമം.

∙ ഡിഡിമൂണിന് എന്തു സംഭവിക്കും?

ആഘാതത്തിനു ശേഷം ഡിഡിമൂണിന്റെ പാതയില്‍ വരാവുന്ന വ്യതിയാനത്തെക്കുറിച്ച് ധാരാളം പഠനങ്ങള്‍ ഇപ്പോള്‍ത്തന്നെ നടത്തിയിട്ടുണ്ട്. എന്നാല്‍, ആഘാതത്തിനു ശേഷം ഡിഡിമൂണിന് എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് ഇപ്പോഴും പഠനങ്ങള്‍ നടക്കുകയാണ്. യൂണിവേഴ്‌സിറ്റി ഓഫ് മേരിലാൻഡിലെ ഹാരിസണ്‍ അഗ്രുസയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ഇതേക്കുറിച്ചു പഠിക്കുന്നത്. അദ്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ ഡിഡിമൂണിനു സംഭവിച്ചേക്കാമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അത് അപ്രതീക്ഷിത രീതിയില്‍ കറങ്ങിയേക്കാം. അങ്ങനെ സംഭവിച്ചാല്‍ ഹെരാ ദൗത്യത്തില്‍ ഇഎസ്എ അയയ്ക്കാന്‍ പോകുന്ന രണ്ടു ചെറിയ ബഹിരാകാശ പേടകങ്ങള്‍ക്കും ഡിഡിമൂണില്‍ ഇറങ്ങാന്‍ സാധിക്കുക എളുപ്പമായിരിക്കില്ല.

dart

∙ മൂന്നു ടണ്‍ ടിഎന്‍ടി സ്‌ഫോടനത്തിന്റെ കരുത്ത്

ഡിഡിമൂണിലേക്ക് ഡാര്‍ട്ട് ഇടിച്ചു കയറിയപ്പോള്‍ മൂന്നു ടണ്‍ ടിഎന്‍ടി സ്‌ഫോടനം ഉണ്ടാക്കുന്നത്ര ആഘാതം സൃഷ്ടിച്ചെന്നാണ് ഗവേഷകര്‍ പറയുന്നത്. ആയിരക്കണക്കിന് ചെറു ചീളുകള്‍ ബഹിരാകാശത്തേക്ക് തെറിച്ചിട്ടുണ്ടാകാം. ഇടിയുടെ ആഘാതം ഉടനടി ഡിഡിമൂണിന്റെ തിരിയലില്‍ മാറ്റമൊന്നും വരുത്തില്ല. പക്ഷേ, ഏതാനും ദിവസത്തിനുള്ളില്‍ കാര്യങ്ങള്‍ മാറുമെന്നാണ് ഗവേഷകരും പറയുന്നത്.

∙ ഫലമറിയാന്‍ കാത്തിരിക്കണം, ഇടിക്കു സാക്ഷിയായി ലിസിയ ക്യൂബ്

ഹെര എത്തിയാല്‍ മാത്രമാണ് ഡിഡിമൂണിന് എന്താണ് ശരിക്കും സംഭവിച്ചതെന്ന് അറിയാന്‍ സാധിക്കുക. ഇടിയുടെ ആഘാതത്തില്‍ ഡാര്‍ട്ട് തകര്‍ന്നുതരിപ്പണമായിട്ടുണ്ടാകാം. ഭൂമിയില്‍ നിന്നു നിരീക്ഷിക്കാന്‍ ആകാത്തത്ര ചെറുതാണ് ഡിഡിമൂൺ. ഡാര്‍ട്ട് എത്തി ഇടിക്കുന്നതിനു മുൻപ് ലിസിയക്യൂബ് (LICIACube) എന്നു പേരിട്ടിരിക്കുന്ന ചെറിയൊരു ഇറ്റാലിയന്‍ നിര്‍മിത സാറ്റലൈറ്റ് ഇതിനു സാക്ഷിയാകാന്‍ സജ്ജമാക്കി നിർത്തിയിട്ടുണ്ടായിരുന്നു. ഇടിയുടെയും മറ്റും ചിത്രങ്ങള്‍ ലിസിയക്യൂബ് പകര്‍ത്തിയിട്ടുണ്ടാകുമെന്ന് കരുതുന്നു. പക്ഷേ ഏതാനും മിനിറ്റുകള്‍ മാത്രമായിരിക്കും അതിന്റെ സാന്നിധ്യമുണ്ടാകുക. ഡിഡിമൂണിന്റെ സഞ്ചാരത്തിലുണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന ചാഞ്ചാട്ടവും ഉലച്ചിലും ഒന്നും നിരീക്ഷിക്കാന്‍ ഇതിന് സാധിക്കില്ല.

ഡൈമോർഫോസ് ഛിന്നഗ്രഹത്തിനു സമീപം ഡാർട്ട് (നാസയുടെ ഗ്രാഫിക്സ്)
ഡൈമോർഫോസ് ഛിന്നഗ്രഹത്തിനു സമീപം ഡാർട്ട് (നാസയുടെ ഗ്രാഫിക്സ്)

∙ ഭൂമി സുരക്ഷിതം

ഈ പരീക്ഷണം ഭൂമിക്ക് ഒരു രീതിയിലുമുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കില്ലെന്ന് ഗവേഷകര്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം, ഈ പരീക്ഷണം വഴി ഭാവിയില്‍ പ്രശ്‌നകാരിയായേക്കാവുന്ന ഛിന്നഗ്രഹത്തെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ച് കുറെ ഉപകാരപ്രദമായ വിവരങ്ങള്‍ ശേഖരിക്കാൻ കഴിഞ്ഞേക്കുമെന്നാണ് നാസയും മറ്റും കരുതുന്നത്. എന്നാല്‍ ഈ പരീക്ഷണത്തില്‍ വെറുതെ ഒരു ബഹിരാകാശവാഹനം ഛിന്നഗ്രഹത്തില്‍ ഇടിച്ചു കയറ്റുകയാണ് ചെയ്തതെന്ന് കരുതരുത്. ഇതില്‍ ധാരാളം ഫിസിക്‌സ് അറിയാനുണ്ടെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഒണ്‍ടാറിയോയിലെ ജ്യോതിശാസ്ത്രജ്ഞനായ പോള്‍ വെയ്‌ഗെരെറ്റ് പറയുന്നു.

English Summary: NASA Double Asteroid Redirection Test: DART test successful

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com