അമേരിക്കയിൽ പരീക്ഷിക്കുന്നത് ലോകത്തിലെ ഏറ്റവും ശക്തിയേറിയ ലേസര്‍!

laser-us
Photo: Marcin Szczepanski/Michigan Engineering
SHARE

ലോകത്തിലെ ഏറ്റവും ശക്തിയേറിയ ലേസര്‍ അമേരിക്കയില്‍ പരീക്ഷണത്തിനൊരുങ്ങുന്നു. കേവലം 25 ഫെംറ്റോ സെക്കൻഡ്സില്‍ (സെക്കൻഡിന്റെ 10,00,00,000 കോടിയില്‍ ഒന്ന്) അതിശക്തമായ ലേസറിനെ പുറത്തുവിടാന്‍ സിയൂസ് (Zetawatt-Equivalent Ultrashort pulse laser System) എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണത്തിന് സാധിക്കും. പ്രപഞ്ചത്തിലെ പല അപൂര്‍വ പ്രതിഭാസങ്ങളേയും പരീക്ഷണശാലയില്‍ കൃത്രിമമായി നിര്‍മിച്ച് പരീക്ഷിക്കാന്‍ ഈ ലേസര്‍ ശാസ്ത്രജ്ഞരെ സഹായിക്കും.

അമേരിക്കയിലേയും ലോകത്തെ തന്നെയും ഏറ്റവും ശക്തമായ ലേസര്‍ ഉപകരണമാണ് സിയൂസ് എന്ന് മിഷിഗണ്‍ സര്‍വകലാശാലയിലെ അസ്‌ട്രോഫിസിസിസ്റ്റ് കാള്‍ ക്രൂഷെല്‍നിക് പറഞ്ഞു. ചെറിയ ശേഷിയില്‍ തുടങ്ങി പിന്നീട് സിയൂസിന്റെ ശേഷി കൂട്ടിക്കൊണ്ടുവരികയാണ് ഗവേഷക സംഘത്തിന്റെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ ഉയര്‍ന്ന തരംഗദൈര്‍ഘ്യത്തിലായിരിക്കുമെങ്കിലും ശക്തി കുറവുള്ള ലേസറായിരിക്കും പരീക്ഷിക്കുക. എന്നുകരുതി സിയൂസ് ചെറിയ സംഭവമാണെന്ന് തെറ്റിദ്ധരിക്കരുത്. ആദ്യഘട്ടത്തില്‍ തന്നെ 30 ടെറാവാട്ട് (30ട്രില്യണ്‍ വാട്‌സ്) ശേഷിയാണ് സിയൂസിന് ആവശ്യമായി വരിക. ഇത് സിയൂസിന്റെ ആകെ ശേഷിയുടെ ഒരു ശതമാനം മാത്രമാണെന്നറിയുമ്പോഴാണ് ഇത് എത്ര ശക്തമായ ലേസര്‍ ഉപകരണമാണെന്ന് അറിയുക.

ഹീലിയം വാതകത്തിലേക്ക് ലേസര്‍ അയച്ചുള്ള പരീക്ഷണവും സിയൂസ് ആദ്യഘട്ടത്തില്‍ നടത്തും. മൃദുകോശങ്ങളെ അതീവ കൃത്യതയില്‍ ഉപയോഗിക്കാന്‍ ശേഷിയുള്ള എക്‌സ്‌റേ പള്‍സുകള്‍ നിര്‍മിക്കുകയാണ് ഈ പരീക്ഷണത്തിന്റെ ലക്ഷ്യം. 2023 ആകുമ്പോഴേക്കും പൂര്‍ണ ശേഷിയില്‍ സിയൂസ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ. ക്വാണ്ടം ഫിസിക്‌സ്, ഡേറ്റാ സുരക്ഷ, മെറ്റീരിയല്‍ സയന്‍സ്, റിമോട്ട് സെന്‍സിങ്, വൈദ്യശാസ്ത്ര മേഖല എന്നിങ്ങനെ പല തലങ്ങളില്‍ ഈ ലേസര്‍ ഉപകരണത്തിന്റെ ഉപയോഗം ലഭിക്കും. ഇതിനൊപ്പം പ്രപഞ്ചത്തിലെ പല അപൂര്‍വ പ്രതിഭാസങ്ങളെക്കുറിച്ചുള്ള അറിവുകളും സിയൂസ് നല്‍കും.

വളരെ ശക്തമായ കാന്തിക മണ്ഡലമുള്ള ന്യൂട്രോണ്‍ നക്ഷത്രങ്ങളെക്കുറിച്ചും ഉയര്‍ന്ന താപനിലയുള്ള പ്ലാസ്മ മൂടിയ ആകാശ ഗോളങ്ങളെക്കുറിച്ചുമെല്ലാമുള്ള പഠനങ്ങള്‍ വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഇവയുടെ കൃത്രിമ മാതൃകകള്‍ പരീക്ഷണശാലയില്‍ നിര്‍മിക്കാന്‍ സിയൂസ് ഉപയോഗിച്ച് സാധിക്കുമെന്ന് മിഷിഗണ്‍ സര്‍വകലാശാലയിലെ ഇലക്ട്രിക്കല്‍ കംപ്യൂട്ടര്‍ എൻജിനീയര്‍ ലൂയിസ് വില്ലിംഗേല്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

വര്‍ഷങ്ങള്‍ പോകും തോറും കൂടുതല്‍ ശക്തവും വൈവിധ്യവുമുള്ള ലേസര്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതില്‍ ശാസ്ത്രലോകം വിജയിച്ചുവരികയാണ്. ഇത് കൂടുതല്‍ വൈവിധ്യമുള്ള പരീക്ഷണങ്ങള്‍ക്കും സഹായമാവുമെന്നാണ് പ്രതീക്ഷ. ലോകമെങ്ങുമുള്ള ഗവേഷകര്‍ക്ക് സിയൂസ് ഉപയോഗിച്ച് പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരം നല്‍കുമെന്നും ഇതിന്റെ നിര്‍മാതാക്കള്‍ പറയുന്നു. പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ സഹിതം അപേക്ഷിക്കുകയാണ് ഇതിന് വേണ്ടത്. വിശദാംശങ്ങള്‍ സിയൂസിന്റെ ഔദ്യോഗിക പേജില്‍ (zeus.engin.umich.edu) ലഭ്യമാണ്.

English Summary: Scientists Are About to Fire Up The Most Powerful Laser in The US

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA