ADVERTISEMENT

ഡയാന രാജകുമാരി, കര്‍ട്ട് കോബെയ്ന്‍, ഹീത്ത് ലെഡ്ജര്‍, ജോണ്‍ ലെനന്‍ തുടങ്ങി നിരവധി പേരുണ്ട് പ്രശസ്തിയുടെ ഉച്ചകോടിയില്‍ നില്‍കേ അണഞ്ഞു പോയവര്‍. അങ്ങനെ ചെറുപ്പത്തിലേ മരിച്ചു പോയവരെ പ്രായമായ ശേഷം കാണാനായാലോ? അങ്ങനെയൊരു സാധ്യതയാണ് തുര്‍ക്കിയിലെ ഫൊട്ടോഗ്രാഫറായ അല്‍പെര്‍ യെസില്‍റ്റാസ് മുന്നോട്ടുവെക്കുന്നത്. നിര്‍മിത ബുദ്ധിയുടെ സഹായത്തിലാണ് അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുൻപേ മരിച്ചു പോയവരുടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.‌

 

നമ്മുടെ ചിന്തകള്‍ എന്തു തന്നെയായാലും അത് യാഥാര്‍ഥ്യമാക്കാന്‍ നിര്‍മിത ബുദ്ധിക്ക് സഹായിക്കാനാവും. അങ്ങനെയൊരു സ്വപ്‌നമാണ് യെസില്‍റ്റാസ് കണ്ടതും നിര്‍മിത ബുദ്ധി യാഥാര്‍ഥ്യമാക്കിയതും. സാങ്കേതികവിദ്യയെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് എനിക്കൊരു തോന്നലുണ്ടായത്. അപ്രതീക്ഷിതമായി നമ്മളെ വിട്ടുപോയ പലരേയും പ്രായമായ രൂപത്തില്‍ കാണാനായാലോ? ജീവന്‍ തുടിക്കുന്നവയാണ് ആ ചിത്രങ്ങളെങ്കില്‍ അത് നമ്മെ സന്തോഷിപ്പിക്കുമെന്ന് തന്റെ പ്രൊജക്ടിനെക്കുറിച്ച് യെസില്‍റ്റാസ് വിശദീകരിക്കുന്നു. 

 

യാഥാര്‍ഥ്യമെന്ന് തോന്നിപ്പിക്കും രൂപത്തിലേക്ക് ഓരോ ചിത്രവും എത്തുന്നതുവരെയുള്ള പ്രക്രിയയാണ് ഏറ്റവും സര്‍ഗാത്മകമായി തോന്നിയതെന്നും അദ്ദേഹം പറയുന്നുണ്ട്. ഫൊട്ടോ എന്‍ഹാന്‍സ് സോഫ്റ്റ്‌വെയറുകളും ഫൊട്ടോ എഡിറ്റിങ് പ്രോഗ്രാമുകളും നിര്‍മിത ബുദ്ധിയുമായി ചേര്‍ന്നാണ് ഡയാന മുതല്‍ ജോണ്‍ലെനന്‍ വരെയുള്ള നിരവധി പേരുടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളായി മാറിയത്. ഇപ്പോള്‍ എടുത്ത പോര്‍ട്രെയിറ്റ് ചിത്രം പോലെ തോന്നിപ്പിക്കുന്നവയാണ് ഇതില്‍ പലതും.

 

ഈ പദ്ധതിയില്‍ അല്‍പെര്‍ യെസില്‍റ്റാസ് ഉള്‍പ്പെടുത്തിയ എല്ലാവരും അകാലത്തില്‍ മരിച്ചവരാണ്. 36–ാം വയസില്‍ പാരിസില്‍ വച്ചായിരുന്നു ഡയാന രാജകുമാരി കാറപകടത്തില്‍ കൊല്ലപ്പെടുന്നത്. പാപ്പരാസികളില്‍ നിന്നും രക്ഷപ്പെടാനായി അമിതവേഗത്തില്‍ കാര്‍ ഓടിച്ചപ്പോഴായിരുന്നു അപകടം സംഭവിച്ചത്. തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍ ഗായകനായ കുര്‍ട്ട് കോബെയ്‌നെ കണ്ടെത്തുന്നത് 27–ാം വയസിലായിരുന്നു.

 

ലോകത്തെ ഞെട്ടിച്ച മറ്റൊരു മരണം നടന്നത് 1980 ഡിസംബര്‍ എട്ടിനായിരുന്നു. അന്നാണ് ബീറ്റില്‍സിലെ ഗായകനായ ജോണ്‍ ലെനന്‍ 40–ാം വയസില്‍ ന്യൂയോര്‍ക്കില്‍ വെച്ച് വെടിയേറ്റ് മരിക്കുന്നത്. റാപ്പറായ തുപാക് ഷാകുര്‍ വെടിയേറ്റ് മരിക്കുമ്പോള്‍ 25 വയസ് മാത്രമായിരുന്നു പ്രായം. ജോക്കറിനെ അനശ്വരനാക്കിയ ഹീത്ത് ലെഡ്ജര്‍ 28–ാം വയസിലാണ് അമിതമായി മയക്കു മരുന്ന് ഉള്ളിലെത്തി കൊല്ലപ്പെടുന്നത്. 42–ാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച എല്‍വിസ് പ്രിസ്‌ലിയും ചിത്രത്തില്‍ പ്രായമായവരുടെ പട്ടികയിലുണ്ട്. 

 

'ഒന്നും സംഭവിച്ചിരുന്നെങ്കില്‍' എന്നാണ് തന്റെ പദ്ധതിക്ക് അല്‍പെര്‍ യെസില്‍റ്റാസ് നല്‍കിയിരിക്കുന്ന പേര്. അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലായിരുന്നെങ്കില്‍ ഒരുപാട് പേര്‍ ഇഷ്ടപ്പെടുന്ന മനുഷ്യര്‍ ഇങ്ങനെയിരിക്കുമെന്നാണ് നിര്‍മിത ബുദ്ധിയുടെ സഹായത്തില്‍ ഈ ഫൊട്ടോഗ്രാഫര്‍ കാണിച്ചു തരുന്നത്.

 

English Summary: Photographer Uses AI to ‘Resurrect’ Stars From the Dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com