ADVERTISEMENT

ഇത്തവണത്തെ രസതന്ത്ര നൊബേൽ പുരസ്കാര ജേതാക്കളിലൊരാളായ കാൾ ബാരി ഷാർപ്‌ലസിന് ഈ നേട്ടം ലഭിക്കുന്നത് ഇതു രണ്ടാം തവണയാണ്. 2001 ലാണ് ഇതിനു മുൻപ് അദ്ദേഹത്തിനു പുരസ്കാരം ലഭിച്ചത്. നൊബേലിന്റെ ചരിത്രത്തിൽ മുൻപ് 4 വ്യക്തികളും 2 സംഘടനകളും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. ഷാർപ്‌ലസിനൊപ്പം കാരലിൻ ബെർടോസി, മോർട്ടൻ മെൽഡൽ എന്നിവർക്കും രസതന്ത്ര നൊബേൽ ലഭിച്ചു. തന്മാത്രകൾ കൂടിച്ചേർന്നു സങ്കീർണമായ രാസസംയുക്തങ്ങൾക്കു രൂപം നൽകുന്ന ക്ലിക്, ബയോ ഓർത്തോഗണൽ രസതന്ത്ര ശാഖ വികസിപ്പിച്ചതിനാണ് ഈ ഗവേഷകർ പുരസ്കാരം കരസ്ഥമാക്കിയത്.

 

ക്ലിക് കെമിസ്ട്രിയെ ലിഗോ രസതന്ത്രമെന്നും കളിയായി വിശേഷിപ്പിക്കാറുണ്ട്.വളരെ ലളിതമായ തന്മാത്രകൾ കൂടിച്ചേർന്ന് പരിധികളില്ലാത്ത തരം രാസസംയുക്തങ്ങൾ സൃഷ്ടിക്കുകയാണ് ഈ രീതിയുടെ പ്രത്യേകത, കുട്ടികളുടെ ലിഗോ ഗെയിം പോലെ. സാധാരണ രാസനിർമാണ രീതികളിൽ സമയം ഒരുപാടെടുക്കുമ്പോൾ ക്ലിക് കെമിസ്ട്രിയിൽ വളരെ വേഗത്തിൽ ഉപോത്പന്നങ്ങളില്ലാതെയാണ് സംയുക്തങ്ങൾ രൂപം കൊള്ളുന്നത്.

 

2000 ൽ ഷാർപ്‌ലസും മോർട്ടൻ മെൽഡലുമാണ് ഈ രീതി വികസിപ്പിച്ചെടുത്തത്. കാരലിൻ ബെർടോസി ജൈവതന്മാത്രകളെയും ജൈവപ്രക്രിയകളെയും നിരീക്ഷിക്കാവുന്ന തരത്തിൽ ബയോ ഓർത്തോഗണൽ കെമിസ്ട്രിയെന്ന പേരിൽ ഇതിനെ വികസിപ്പിച്ചു.കാൻസർ ചികിത്സ, ഡിഎൻഎ മാപ്പിങ്, കൃഷി, വ്യാവസായിക മേഖലകൾ എന്നിവയിൽ ക്ലിക് കെമിസ്ട്രി ഉപകാരപ്രദമാണ്.

 

നിലവിൽ സ്ക്രിപ്സ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഫസറാണ് കാൾ ബാരി ഷാർപ്‌ലസ്. ഈ വർഷം ശാസ്ത്ര വിഭാഗം നൊബേൽ പുരസ്കാര ജേതാക്കളിലെ ഏക വനിതയായ കാരലിൻ ബെർടോസി സ്റ്റാൻഫഡ് സർവകലാശാലയിലെ ഗവേഷകയാണ്. ലോകത്ത് ഇതുവരെ നൊബേൽ സമ്മാനം നേടുന്ന എട്ടാമത്തെ വനിതയുമാണ്. മോർട്ടൻ മെൽഡൽ ഡെൻമാർക്കിലെ കോപ്പൻഹേഗൻ സർവകലാശാലയിലെ പ്രഫസറാണ്. ഇതോടെ ഷാർപ്‌ലസ് ഇരട്ട നൊബേൽ ലഭിച്ച വിഖ്യാത ശാസ്ത്രജ്ഞരുടെ നിരയിലേക്കാണ് ഉയർത്തപ്പെട്ടത്.

 

ശാസ്ത്രത്തിലെ തിളങ്ങുന്ന പെൺകരുത്തായിരുന്നു മേരി ക്യൂറി. ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും അവർക്ക് ഒരേ പോലെ അവഗാഹമുണ്ടായിരുന്നു.  മേരി ക്യൂറി ഭൗതികശാസ്ത്രത്തിൽ 1903ലും രസതന്ത്രത്തിൽ 1911ലും നൊബേൽ നേടി. ജൈവ രസതന്ത്രത്തിൽ ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ അമേരിക്കൻ ശാസ്ത്രജ്ഞനായിരുന്നു ലിനസ് പോളിങ്. കെമിക്കൽ ബോണ്ടുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ 1954ലെ രസതന്ത്ര നൊബേൽ നേടിക്കൊടുത്തു. ആണവായുധങ്ങൾക്കെതിരായി അദ്ദേഹം നിരന്തരമായി നടത്തിയ പ്രവർത്തനങ്ങൾ 1962ലെ സമാധാനം നൊബേലും പോളിങ്ങിനു നേടിക്കൊടുത്തു. മറ്റൊരു സവിശേഷതയുമുണ്ട് പോളിങ്ങിന്റെ നേട്ടത്തിന്. രണ്ട് നൊബേലുകളും പങ്കുവയ്ക്കപ്പെടാതെ അദ്ദേഹത്തിനു മാത്രം ലഭിച്ചെന്നതായിരുന്നു അത്.

 

അമേരിക്കൻ ശാസ്ത്രജ്ഞനായ ജോൺ ബാർദീനു ഭൗതിക ശാസ്ത്രത്തിൽ 1956, 1972 വർഷങ്ങളിൽ നൊബേൽ ലഭിച്ചു.ബ്രിട്ടിഷ് കെമിസ്റ്റായ ഫ്രെഡറിക് സാങ്ങറിന് രസതന്ത്രത്തിലെ നൊബേൽ പുരസ്കാരങ്ങൾ 1958, 1980 വർഷങ്ങളിൽ കിട്ടി. ഇപ്പോഴിതാ കാൾ ബാരി ഷാർപ്‍ലസും ആ നേട്ടം നേടി. 1917, 1944, 1963 വർഷങ്ങളിൽ റെഡ്ക്രോസ് സംഘടന 3 തവണ സമാധാനത്തിനുള്ള നൊബേൽ നേടി.1954, 1981 വർഷങ്ങളിൽ യുണൈറ്റ്‍ഡ് നേഷൻസ് ഹൈക്കമ്മിഷണർ ഫോർ റെഫ്യൂജീസ് സംഘടനയും രണ്ടു തവണ നൊബേൽ നേടി.

 

English Summary: Nobel Prize 2022: Two Nobels in two decades: Meet American chemist Karl Barry Sharpless

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com