ADVERTISEMENT

വെള്ളത്തിലൂടെ വൈദ്യുതി കടന്നുപോകുമെന്ന് നമുക്കറിയാം. എന്നാല്‍ പൂര്‍ണമായും ശുദ്ധജലത്തിലൂടെ വൈദ്യുതി കടന്നു പോവില്ലെന്നറിയുമോ? വെള്ളത്തിലെ മറ്റു ഘടകങ്ങളാണ് വൈദ്യുതി കടന്നുപോകാന്‍ സഹായിക്കുന്നത്. വളരെ ഉയര്‍ന്ന സമ്മര്‍ദത്തിലാക്കിയാല്‍ മാത്രമേ വെള്ളത്തെ വൈദ്യുതി കടന്നു പോകാവുന്ന നിലയിലേക്കെത്തിക്കാനാവൂ. അങ്ങനെ വളരെ ഉയര്‍ന്ന മര്‍ദത്തില്‍ വെള്ളത്തെ ഞെരുക്കുന്ന സമയത്ത് ഇലക്ട്രോണുകള്‍ പങ്കുവെക്കുന്ന ആല്‍ക്കലി ലോഹങ്ങളുമായി സമ്പര്‍ക്കമുണ്ടായാല്‍ വെള്ളത്തുള്ളി ലോഹമായി മാറും!

 

വെള്ളത്തുള്ളികള്‍ ഉയര്‍ന്ന സമ്മര്‍ദത്തിലൂടെ കടന്നുപോവുമ്പോള്‍ സോഡിയവും പൊട്ടാസ്യവുമായി സമ്പര്‍ക്കത്തില്‍ വരുന്നതും നിമിഷ നേരംകൊണ്ട് വെള്ളത്തുള്ളിക്ക് ചുറ്റും ലോഹപാളി വരുന്നതുമാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ഏതാനും നിമിഷങ്ങള്‍ക്കകം നഗ്ന നേത്രങ്ങള്‍ കൊണ്ടുതന്നെ വെള്ളത്തുള്ളികള്‍ ലോഹരൂപത്തിലേക്ക് മാറുന്നത് കാണാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത.

 

മര്‍ദം വര്‍ധിപ്പിച്ചുകൊണ്ട് ആറ്റങ്ങളെ പരസ്പരം പരമാവധി ഞെരുക്കിയാല്‍ അതിന്റെ പുറംഭാഗത്തെ ഇലക്ട്രോണുകള്‍ ഒന്നിനുമേല്‍ മറ്റൊന്നെന്ന നിലയില്‍ നീങ്ങാന്‍ തുടങ്ങും. ഇങ്ങനെയൊരു സാഹചര്യത്തിലേക്ക് വെള്ളം എത്തണമെങ്കില്‍ 48 മെഗാബാര്‍ മര്‍ദം പ്രയോഗിക്കണം. സമുദ്ര നിരപ്പിലുള്ള ഭൂമിയിലെ മര്‍ദത്തിന്റെ 4.80 കോടി ഇരട്ടി വരും ഇത്. ഇത്ര ഉയര്‍ന്ന മര്‍ദം പരീക്ഷണശാലയില്‍ ഒരുക്കുക എളുപ്പമല്ല. 

ഈ പ്രതിസന്ധിക്കുള്ള പരിഹാരമായാണ് ആല്‍ക്കലി ലോഹങ്ങളുപയോഗിച്ച് വെള്ളത്തെ പരീക്ഷിക്കാന്‍ ചെച്‌നിയയിലെ ചെക് അക്കാദമി ഓഫ് സയന്‍സസിലെ ഗവേഷകരാണ് തീരുമാനിച്ചത്. 

 

സാധാരണ താപനിലയില്‍ ദ്രാവകമായി കാണപ്പെടുന്ന സോഡിയം പൊട്ടാസ്യം സംയുക്തത്തെയാണ് ആല്‍ക്കലി ലോഹമായി ഗവേഷകര്‍ തിരഞ്ഞെടുത്തത്. ഉയര്‍ന്ന മര്‍ദത്തില്‍ വെള്ളത്തുള്ളികള്‍ ആല്‍ക്കലി ലോഹത്തിനോട് ചേര്‍ന്ന് വീഴുമ്പോള്‍ അവക്ക് ചുറ്റും ലോഹപാളി രൂപപ്പെടുന്നതായി കണ്ടെത്താനായി. 

 

വളരെ ഉയര്‍ന്ന മര്‍ദമുളള ഗ്രഹങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ഗവേഷകരെ സഹായിക്കുന്നതാണ് ഈ പരീക്ഷണം. നമ്മുടെ സൗരയൂഥത്തിലെ നെപ്റ്റിയൂണ്‍, യുറാനസ് പോലുള്ള ഗ്രഹങ്ങളില്‍ ലിക്വിഡ് മെറ്റാലിക് ഹൈഡ്രജന്റെ ചുഴലികള്‍ പോലും രൂപപ്പെടാറുണ്ടെന്നാണ് കരുതപ്പെടുന്നത്. വെള്ളത്തെ ലോഹപാളികള്‍ കൊണ്ട് മൂടാന്‍ തക്ക ഉയര്‍ന്ന മര്‍ദം വ്യാഴത്തിലുണ്ടെന്നും ശാസ്ത്രം പറയുന്നു. നേച്ചുര്‍ മാഗസിനിലാണ് പഠനം പൂര്‍ണമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: Scientists Transformed Pure Water Into a Metal, And There's Footage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com