ലോകത്തെ ഏറ്റവും ശക്തമായ റോക്കറ്റ് എൻജിൻ പരീക്ഷിച്ച് ചൈന, വിജയകരമെന്ന് റിപ്പോർട്ട്

rocket-engine
Photo: China Aerospace Science and Technology Corporation
SHARE

നിര്‍ണായക ദ്രവ റോക്കറ്റ് എൻജിന്‍ പരീക്ഷണം വിജയിച്ച് ചൈനീസ് എയ്റോസ്‌പേസ് കമ്പനി. ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യരെ എത്തിക്കാനുള്ള ചൈനയുടെ പരിശ്രമങ്ങള്‍ക്ക് പുതു ഊര്‍ജം നല്‍കുന്നതാണ് ഈ പരീക്ഷണവിജയം. ചൈന എയ്റോസ്‌പേസ് സയന്‍സ് ആൻഡ് ടെക്‌നോളജിയാണ് 500 ടണ്‍ തള്ളല്‍ ശേഷിയുള്ള ലിക്വിഡ് ഓക്‌സിജൻ കെറോസിന്‍ എൻജിന്‍ വിജയകരമായി പരീക്ഷിച്ചത്. ഈ വിഭാഗത്തില്‍ പെടുന്ന ലോകത്തെ ഏറ്റവും ശക്തമായ റോക്കറ്റ് എൻജിനാണിത്.

വൈഎഫ്-130 എന്നു പേരിട്ട റോക്കറ്റ് എൻജിന്‍ ചൈനയുടെ തന്നെ 120 ടണ്‍ തള്ളല്‍ ശേഷിയുള്ള വൈഎഫ്-100 റോക്കറ്റ് എൻജിന്റെ നാലിരട്ടി കരുത്താണ് പരീക്ഷണത്തിലൂടെ തെളിയിച്ചത്. ചൈനീസ് എയ്റോസ്‌പേസ് കമ്പനി തങ്ങളുടെ വിചാറ്റ് അക്കൗണ്ട് വഴിയാണ് പരീക്ഷണ വിവരം അറിയിച്ചത്. നിലവില്‍ ദ്രവ റോക്കറ്റ് എൻജിനുകളില്‍ ഏറ്റവും ശക്തമായ റഷ്യയുടെ ആര്‍ഡി 180 റോക്കറ്റിനേയും ചൈനീസ് റോക്കറ്റ് എൻജിന്‍ പിന്നിലാക്കിയിട്ടുണ്ട്. 

ചൈനയുടെ ലോങ് മാര്‍ച്ച് 9 റോക്കറ്റിലായിരിക്കും വൈഎഫ് 130 എൻജിന്‍ ഉപയോഗിക്കുക. 2035 ആകുമ്പോഴേക്കും ചന്ദ്രനില്‍ റഷ്യയുമായി ചേര്‍ന്ന് മനുഷ്യ കോളനി സ്ഥാപിക്കുക എന്നതാണ് ചൈനയുടെ സ്വപ്‌നം. 2030 ആകുമ്പോഴേക്കും മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാനും ചൈനക്ക് പദ്ധതിയുണ്ട്. ലോങ് മാര്‍ച്ച് 9 റോക്കറ്റും വൈഎഫ് 130 എൻജിനും ഈ ലക്ഷ്യത്തിലേക്കുള്ള ചവിട്ടു പടികളാണ്. 

വൈഎഫ് 130 എൻജിന്റെ കരുത്ത് ലഭിക്കുന്നതോടെ ലോങ് മാര്‍ച്ച് 9 ചൈനയുടെ തന്നെ ലോങ് മാര്‍ച്ച് 5 റോക്കറ്റിനേക്കാള്‍ ആറിരട്ടി കരുത്ത് കൂടിയതായി മാറും. 2020ല്‍ ചന്ദ്രനില്‍ ഇറങ്ങി പാറകളും മറ്റും ശേഖരിച്ച് ഭൂമിയിലേക്ക് തിരികെയെത്തിയ ദൗത്യത്തിന് ചൈന ഉപയോഗിച്ചത് ലോങ് മാര്‍ച്ച് 5 റോക്കറ്റായിരുന്നു. ടിയാങ്കോങ് ബഹിരാകാശ നിലയത്തിന്റെ ഭാഗങ്ങള്‍ വിക്ഷേപിച്ചതും ഇതേ റോക്കറ്റ് ഉപയോഗിച്ചാണ്. 

44 ടണ്‍ വരെ ഭാരമുള്ള സ്‌പേസ്‌ക്രാഫ്റ്റിനെ ചൊവ്വയിലേക്കു വരെ എത്തിക്കാനുള്ള ശേഷി വൈഎഫ്-130 റോക്കറ്റ് എൻജിനുണ്ട്. അതുകൊണ്ടുതന്നെ ചൈനയുടെ ചൊവ്വാ ദൗത്യത്തിനും ഈ പരീക്ഷണം സഹായകമാവും. ചൈനയുടെ വരുംതലമുറ റോക്കറ്റുകളുടെ കരുത്ത് ഈ എൻജിനാവുമെന്നാണ് കരുതപ്പെടുന്നത്. 

പുനരുപയോഗിക്കാന്‍ ശേഷിയുള്ള 80 ടണ്‍ റോക്കറ്റ് എൻജിന്റെ പരീക്ഷണവും വിജയകരമായിരുന്നുവെന്ന് ചൈന എയ്റോസ്‌പേസ് സയന്‍സ് ആൻഡ് ടെക്‌നോളജി അറിയിച്ചിട്ടുണ്ട്. ലിക്വിഡ് ഓക്‌സിജന്‍ മീഥെയിൻ എൻജിനാണ് ഇതില്‍ ഉപയോഗിക്കുന്നത്. സ്വകാര്യ മേഖലക്ക് വേണ്ട വിക്ഷേപണങ്ങള്‍ നടത്താനാവും വൈഎഫ് -209 എന്നു പേരിട്ട ഈ റോക്കറ്റ് എൻജിന്‍ ഉപയോഗിക്കുക. മൂന്ന് നാല് തവണ വരെ ഈ റോക്കറ്റ് എൻജിന്‍ ഉപയോഗിക്കാനാവും. ഓരോ വിക്ഷേപണത്തിനു ശേഷവും 48 മണിക്കൂറിനുള്ളില്‍ അടുത്ത വിക്ഷേപണത്തിന് സജ്ജമാവുകയും ചെയ്യും.

English Summary: Powerful Chinese space rocket engine passes ‘milestone’ test

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS