2025ൽ പറന്നിറങ്ങുന്നു ചന്ദ്രനിൽ: ആ യാത്ര നടക്കുന്നത് ഇങ്ങനെ...

artemis-orion
Photo: NASA
SHARE

മനുഷ്യരാശി ഒരിക്കൽ കീഴടക്കിയ, പിന്നീട് അപ്രാപ്യമായി മാറിയ ചന്ദ്രനിലേക്ക് അരനൂറ്റാണ്ടിനു തിരിച്ചുപോകുന്നതിനുള്ള ആർട്ടിമിസ് പദ്ധതിക്ക് കാഹളമൂതിയിരിക്കുകയാണു നാസ. പദ്ധതിയിലെ യാത്രാപേടകമായ ഓറിയണിനെ വഹിക്കുന്ന സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എൽഎസ്) മെഗാറോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണം (ആർട്ടിമിസ് 1) കഴിഞ്ഞ ദിവസം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നടന്നിരുന്നു.

ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റെന്നും പേരുള്ളതും 98 മീറ്റർ നീളവുമുള്ള എസ്എൽഎസ്, ചന്ദ്രനിലേക്കു മുൻപ് നടന്ന സഞ്ചാരങ്ങളിൽ യാത്രികരെ വഹിച്ച സാറ്റേൺ ഫൈവ് റോക്കറ്റിന്റെ പിൻഗാമിയാണ്.410 കോടി യുഎസ് ഡോളറാണ് ഇന്നലത്തെ പരീക്ഷണത്തിനായി ചെലവായത്. സോവിയറ്റ് യൂണിയനുമായുള്ള ശീതയുദ്ധകാലത്തെ ബഹിരാകാശ വടംവലിയിൽ യുഎസിന് നിർണായക മേൽക്കൈ നേടിക്കൊടുത്ത ഏടാണ് ചന്ദ്രയാത്ര. അപ്പോളോ പദ്ധതി എന്നറിയപ്പെട്ട ഇതിലെ പതിനൊന്നാം ദൗത്യമാണ് ചന്ദ്രനിലെത്തിയത്. നീൽ ആംസ്ട്രോങ് ചന്ദ്രനിലെ ആദ്യ മനുഷ്യനായി. പിന്നീട് 1972ൽ നടന്ന അപ്പോളോ 17 വരെയുള്ള ദൗത്യങ്ങളിലായി 12 യാത്രികർകൂടി ചന്ദ്രനിലെത്തി. എന്നാൽ നാസയുടെ അടുത്ത ചാന്ദ്ര പദ്ധതിയായ ആർട്ടിമിസിനു പിന്നിലുള്ള ലക്ഷ്യങ്ങൾ ശീതയുദ്ധകാലത്തേതു പോലെ മത്സരസ്വഭാവമുള്ളതല്ല. മറിച്ച് ചന്ദ്രനിൽ എക്കാലവും നിലയുറപ്പിക്കാനും സൗരയൂഥത്തിന്റെ മറ്റു മേഖലകളിലേക്കുള്ള യാത്രകൾക്കായി ചന്ദ്രനെ ഒരു ഇടത്താവളമായി മാറ്റാനും ലക്ഷ്യമിട്ടുള്ളതാണ്. 1972ൽ ചന്ദ്രനിൽ സ്പർശനം നടത്തിയ ശേഷം പിടിതരാതെ വെല്ലുവിളിച്ചു നിന്ന ചന്ദ്രനിലേക്കുള്ള ആർട്ടിമിസ് പദ്ധതിയുടെ ലക്ഷ്യം ഇങ്ങനെയാണ്.

∙ ആദ്യദൗത്യം.

ഇന്നലെ വിട്ട എസ്എൽഎസ് റോക്കറ്റിനെ ചുറ്റിപ്പറ്റിയാണ് ആദ്യ ദൗത്യം. എല്ലാം ശുഭകരമായി പര്യവസാനിച്ചാൽ എസ്എൽഎസ് റോക്കറ്റിനു മുകളിലായി സ്ഥാപിച്ചിരിക്കുന്ന ഓറിയൺ പേടകം, തിങ്കളാഴ്ചയോടെ ചന്ദ്രന് 130 കിലോമീറ്റർ അടുത്തെ‌ത്തി ഭ്രമണപഥമേറും. 3 ആഴ്ചയ്ക്കു ശേഷം ഡിസംബറിൽ ഈ പേടകം തിരിച്ച് ഭൂമിയിലെത്തി പസിഫിക് സമുദ്രത്തിൽ വീഴുന്നതോടെ ദൗത്യം വിജയരേഖ തൊടും. യാത്രക്കാർക്ക് പകരമായി 3 ബൊമ്മകളെ ഓറിയോൺ പേടകം വഹിക്കുന്നുണ്ട്. ഇവയുടെ സ്‌പേസ് സ്യൂട്ട്, തിരിച്ചെത്തിയ ശേഷം നാസ പരിശോധിക്കും. ഇവയിലേറ്റ ബഹിരാകാശ വികിരണങ്ങളുടെ തീവ്രതയും അളവും ഏജൻസി നിർണയിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യരുൾപ്പെടുന്ന അടുത്ത ദൗത്യങ്ങൾക്കുള്ള പദ്ധതി നാസയൊരുക്കുന്നത്.

∙ രണ്ടാം ദൗത്യം

പരീക്ഷണഘട്ടം വിജയമായാൽ 2024ൽ, ആർട്ടിമിസ് 2 ദൗത്യത്തിൽ 4 പേരടങ്ങിയ യാത്രാസംഘത്തെ അയയ്ക്കാനാണു നാസയുടെ പദ്ധതി.  ചന്ദ്രന്റെ വിദൂരവശം കടന്ന് 7402 കിലോമീറ്റർ കൂടി ഈ ദൗത്യം സഞ്ചരിക്കും. ബഹിരകാശത്ത് ഏറ്റവും കൂടുതൽ ദൂരം യാത്ര ചെയ്തവരായി ഇതിലെ യാത്രികർ മാറും. എട്ടുമുതൽ 10 ദിവസം വരെ സമയമെടുത്താകും ഈ ദൗത്യം പൂർത്തീകരിക്കുന്നത്.

∙ മൂന്നാം ദൗത്യം

2025ൽ ആർട്ടിമിസ് 3 ദൗത്യത്തിലൂടെയാകും ചന്ദ്രനിൽ വീണ്ടും ഇറക്കം നടക്കുന്നത്. ചന്ദ്രനിലെത്തുന്ന ആദ്യ സ്ത്രീയും വെളുത്തവർഗത്തിൽപെടാത്ത ആദ്യ സഞ്ചാരിയും ഇതിലുണ്ടാകും. ഓറിയോൺ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുകയും അവിടെ ഭ്രമണം തുടരുകയും ചെയ്യും. ഇതിൽ നിന്ന് സ്പേസ് എക്സ് നിർമിച്ച പ്രത്യേക ലാൻഡറിലാകും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് രണ്ടു യാത്രികർ വന്നിറങ്ങുക. ആഴ്ച നീളുന്ന പരീക്ഷണങ്ങൾക്കു ശേഷം ഇവിടെ നിന്ന് തിരികെ ഓറിയണിലെത്തി ഡോക്ക് ചെയ്യും. തുടർന്നു ഭൂമിയിലേക്കു തിരിക്കും.

അപ്പോളോ ദൗത്യങ്ങളെക്കാൾ സുരക്ഷിതമായാണ് ആർട്ടിമിസ് ദൗത്യങ്ങൾ നാസ ഒരുക്കുന്നത്. നിലവിൽ ആദ്യ 3 ദൗത്യങ്ങൾക്കാണു കൂടുതൽ ശ്രദ്ധ. നാലാം ദൗത്യവും അണിയറയിലുണ്ട്. ഇവയെല്ലാം ഭംഗിയാകുകയാണെങ്കിൽ 13 ദൗത്യങ്ങളിലേക്കു വരെ ആർട്ടിമിസ് നീങ്ങാമെന്നും നിരീക്ഷകർ പറയുന്നുണ്ട്.

English Summary: Artemis Begins a New Era in Space

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS