ADVERTISEMENT

സ്വകാര്യ ബഹിരാകാശ കമ്പനികളുടെ വിജയത്തിൽ ഇന്ത്യയും ലോകശക്തികളുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നു. അമേരിക്കയിലേത് പോലെ ഇന്ത്യയിലും സ്വകാര്യ സ്‌പേസ് കമ്പനിയുടെ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചിരിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിക്ഷേപണ വാഹന നിര്‍മാതാക്കളില്‍ ഒന്നാകാനും ഇതോടെ സ്‌കൈറൂട്ട് എയ്‌റോസ്‌പേസിന് സാധിച്ചു. രാജ്യത്തെ ശാസ്ത്ര പുരോഗതിയുടെ കുതിപ്പിന് കാരണമായേക്കാവുന്ന റോക്കറ്റ് വിക്ഷേപണം വലിയ പ്രതീക്ഷകളാണ് നൽകുന്നത്. 2018 ൽ സ്റ്റാര്‍ട്ടപ്പ് കമ്പനിയായി ആരംഭിച്ച സ്‌കൈറൂട്ട് എയ്‌റോസ്‌പേസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രതീക്ഷയുളവാക്കുന്നതാണ്. ശാസ്ത്രജ്ഞന്‍മാരായ പവന്‍ കുമാര്‍ ചന്ദനയും നാഗ ഭാരത് ഡാക്കയും ഇസ്രോയിലെ ജോലി രാജിവച്ചാണ് സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി തുടങ്ങിയത്.

 

നവംബര്‍ 18 ന് വെള്ളിയാഴ്ച 11.30 നാണ് സ്‌കൈറൂട്ട് സ്വന്തമായി നിര്‍മിച്ച ആദ്യ റോക്കറ്റ് വിക്രം-എസ് വിക്ഷേപിച്ചത്. ഈ പ്രഥമ ആകാശദൗത്യത്തെ പ്രാരംഭം എന്നാണ് സ്കൈറൂട്ട് വിശേഷിപ്പിച്ചത്. മൂന്നു പേലോഡുകള്‍ ലക്ഷ്യത്തിലെത്തിക്കുക എന്നതായിരുന്നു വിക്രം-എസിന്റെ പ്രാരംഭ ദൗത്യം. ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കാനും ആദ്യ ദൗത്യത്തിൽ തന്നെ സ്കൈറൂട്ടിന് സാധിച്ചു. ഉപഗ്രഹങ്ങളിൽ രണ്ടെണ്ണം ഇന്ത്യന്‍ ഉപഭോക്താക്കൾക്കു വേണ്ടിയും ഒരെണ്ണം വിദേശ കമ്പനിക്കു വേണ്ടിയുമുള്ളതാണ്. ഇത് ഓര്‍ബിറ്റ് കടക്കാത്ത വിക്ഷേപണമായിരുന്നു. വിക്രം-എസിനെക്കുറിച്ചുള്ള വിവരണം സബ്ഓര്‍ബിറ്റല്‍, സിംഗിള്‍-സ്‌റ്റേജ് ലോഞ്ച് വാഹനം എന്നാണ്.

 

ഈ ദൗത്യത്തോടെ, ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്ന ആദ്യ ഇന്ത്യന്‍ സ്വകാര്യ കമ്പനിയായി സ്‌കൈറൂട്ട്. രാജ്യത്തിന്റെ ബഹിരാകാശ മേഖല സ്വകാര്യ കമ്പനികള്‍ക്കായി തുറന്നിടാനുള്ള തീരുമാനം ഉണ്ടായത് 2020ല്‍ ആണ്. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ ബഹിരാകാശ രംഗത്ത് വൻ മുന്നേറ്റം നടത്താനാണ് ഇന്ത്യയും ഉദ്ദേശിക്കുന്നത്.

 

ബഹിരാകാശ മേഖലയിലേക്ക് കടക്കാന്‍ ഇസ്രോയുമായി ധാരണാപത്രം ഒപ്പുവച്ച ആദ്യ സ്റ്റാര്‍ട്ടപ് കമ്പനിയും സ്‌കൈറൂട്ടാണ്. താരതമ്യേന കുറഞ്ഞ ചെലവില്‍ സാറ്റലൈറ്റ് സേവനങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇത്. ആശ്രയിക്കാവുന്ന രീതിയില്‍, സ്ഥിരമായി, ചെലവു കുറച്ച് ഇന്ത്യയിലെയും വിദേശത്തെയും ഉപഭോക്താക്കൾക്കായി പ്രവര്‍ത്തിക്കുക എന്നതാണ് കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യം.

 

വിക്രം-എസില്‍ വിക്ഷേപിച്ചതിൽ പ്രധാനപ്പെട്ടത് 2.5 കിലോ ഭാരമുള്ള സ്‌പേസ്‌കിഡ്‌സിന്റെ 'ഫണ്‍സാറ്റ്' ഉപഗ്രഹം ആണ്. ഇന്ത്യ, അമേരിക്ക, സിംഗപ്പൂര്‍, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഫണ്‍സാറ്റ് വികസിപ്പിച്ചെടുത്തത്. ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യൻ എയ്‌റോസ്‌പേസ് സ്റ്റാർട്ടപ്പാണ് സ്‌പേസ്‌കിഡ്‌സ്.

 

ഇന്ത്യന്‍ ബഹിരാകാശ പദ്ധതികളുടെ സ്ഥാപകനും ശാസ്ത്രജ്ഞനുമായ വിക്രം സാരാഭായിയോടുള്ള ആദരവായാണ് സ്‌കൈറൂട്ട് എയ്‌റോസ്‌പേസിന്റെ ആദ്യ ലോഞ്ച് വാഹനത്തിന് വിക്രം എന്ന പേരിട്ടത്. കമ്പനി ഇതുവരെ സ്വന്തമായി ക്രയോജനിക്, ഹൈഡ്രോളിക്-ലിക്വിഡ്, ഖര-ഇന്ധന കേന്ദ്രീകൃതമായ റോക്കറ്റ് എൻജിനുകള്‍ വികസിപ്പിക്കുകയും പരീക്ഷിച്ചു വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനായ കോംപസിറ്റ്, 3ഡി-പ്രിന്റിങ് സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി. ഈ വര്‍ഷം സെപ്റ്റംബറില്‍ 5.1 കോടി ഡോളറിന്റെ സീരീസ്-ബി നിക്ഷേപം ആകര്‍ഷിക്കാനും കമ്പനിക്കു സാധിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 1.1 കോടി ഡോളറിന്റെ സീരീസ്-എ നിക്ഷേപവും കമ്പനിക്ക് ലഭിച്ചിരുന്നു.

 

ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്‌കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഹിരാകാശ സ്വകാര്യ കമ്പനിയാണ് സ്‌പേസ്എക്‌സ്. അമേരിക്കയില്‍ ആമസോണ്‍ മേധാവി ജെഫ് ബെസോസിനും ബഹിരാകാശ കമ്പനിയുണ്ട്. ബഹിരാകാശ മേഖല തുറന്നിട്ടതോടെ വിവിധ സ്വകാര്യ കമ്പനികള്‍ ഇന്ത്യയിലും പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണ്. സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് അടക്കമുള്ള ഇവയുടെ ഭാവി എന്താകുമെന്നും അവയ്ക്ക് ബഹിരാകാശ മേഖലയില്‍ എന്ത് പ്രഭാവം ചെലുത്താനാകുമെന്നും മറ്റും കാത്തിരുന്നു കാണാം. അപാര സാധ്യതയുള്ള ഈ മേഖലയില്‍ പല അവസരങ്ങളും സൃഷ്ടിക്കപ്പെട്ടേക്കും. അവ മുതലാക്കാനാകുന്ന കമ്പനികള്‍ മികവു കൊയ്യും.

 

English Summary: Vikram-S rocket launch Live Updates: India’s first private rocket blasts off successfully

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com