ADVERTISEMENT

30 വർഷങ്ങൾ മുൻപുള്ള, ശിതീകരിച്ചു സൂക്ഷിച്ച ഭ്രൂണങ്ങളിൽ നിന്ന് ഇരട്ടക്കുട്ടികൾ പിറന്നു. യുഎസിലെ ഓറിഗണിലാണ് സംഭവം. ലോകത്തിൽ ഇത്രയും കാലം സൂക്ഷിച്ചുവച്ച ഭ്രൂണങ്ങളിൽ നിന്ന് കുട്ടികൾ ജനിച്ചത് ഇതാദ്യമായാണെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.1992ൽ ആയിരുന്നു ഈ ഭ്രൂണങ്ങൾ സൂക്ഷിക്കാൻ തുടങ്ങിയത്.

 

കഴിഞ്ഞ ഒക്ടോബറിലാണ് ലിഡിയ, തിമോത്തി എന്നു പേരുള്ള ഇരട്ടക്കുട്ടികൾ ജനിച്ചത്.യുഎസ് ദമ്പതികളായ ഫിലിപ്പിനും റേച്ചൽ റിജ്‌വേയ്ക്കുമാണ് കുട്ടികളുടെ പാലന, രക്ഷകർതൃത്വ അവകാശം. ഇവർക്ക് എട്ട്, ആറ്, മൂന്ന്, ഒരു വയസ്സുകളുള്ള 4 കുട്ടികൾ നേരത്തെയുണ്ട്.  ഈ ഭ്രൂണങ്ങൾ അവയുടെ ബയളോജിക്കൽ മാതാവിൽ ഉണ്ടായിരുന്ന സമയത്ത് ഫിലിപ്പിന് അഞ്ച് വയസ്സും റേച്ചലിന് മൂന്നുവയസ്സുമാണ് ഉണ്ടായിരുന്നത്. 

 

50 വയസ്സുള്ള പുരുഷനും 34 വയസ്സുള്ള വനിതയുമായിരുന്നു ഈ ഭ്രൂണങ്ങളുടെ ബയളോജിക്കൽ മാതാപിതാക്കൾ. ഐവിഎഫ് (ഇൻ വിട്രോ ഫെർട്ടിലൈസേഷൻ) വഴിയാണ് ഭ്രൂണങ്ങൾ രൂപപ്പെട്ടത്. 1992 മുതൽ 2007 വരെയുള്ള കാലയളവിൽ ഈ ഭ്രൂണങ്ങൾ യുഎസിലെ വെസ്റ്റ് കോസ്റ്റ് ഫെർട്ടിലിറ്റി ലാബിലാണു സൂക്ഷിച്ചിരുന്നത്. 2007 മുതൽ ഇത് നോക്സ്‌വില്ലയിലെ എംബ്രയോ ഡൊണേഷൻ സെന്ററിലേക്കു മാറ്റി. തങ്ങളുടെ ശൈശവകാലത്ത് മറ്റെവിടെയോ സൂക്ഷിക്കപ്പെട്ട ഭ്രൂണങ്ങളിലൂടെ പിറന്ന കുട്ടികളുടെ രക്ഷകർത്താക്കളാകാൻ കഴിഞ്ഞത് തികച്ചും സന്തോഷകരമായ കാര്യമാണെന്ന് ഫിലിപ്പും റേച്ചലും പറയുന്നു.

 

ഒരു വ്യക്തിയിൽ നിന്ന് ഭ്രൂണത്തെ മാറ്റി ശിതീകരിച്ച് സൂക്ഷിക്കുന്ന രീതി ക്രയോപ്രിസർവേഷൻ എന്നാണ് അറിയപ്പെടുന്നത്. ക്ലീവ്‌ലാൻഡ് ക്ലിനിക്കിന്റെ വിവരങ്ങൾ പ്രകാരം ശിതീകരിച്ച ഭ്രൂണത്തിൽ നിന്നു കുട്ടി ജനിക്കാനുള്ള സാധ്യത 49 ശതമാനമാണ്. 2020ൽ യുഎസിലെ തന്നെ ടെന്നസിയിലുള്ള ടീന, ബെൻ ഗിബ്സൻ എന്നീ ദമ്പതിമാർക്ക് 27 വർഷം പ്രായമുള്ള  ഭ്രൂണത്തിൽ നിന്ന് ഒരു പെൺകുട്ടിയെ ലഭിച്ചിരുന്നു. മോളി എന്നാണ് അവളുടെ പേര്. മോളിയുടെ സഹോദരിയായ എമ്മയും 24 വർഷം പഴക്കമുള്ള ഭ്രൂണത്തിൽ നിന്നാണു ജനിച്ചത്. ഹ്യൂമൻ ഫെർട്ടിലൈസേഷൻ ആൻഡ് എംബ്രയോളജി അതോറിറ്റിയുടെ പഠനപ്രകാരം 55 വർഷത്തോളം ഭ്രൂണം കേടുകൂടാതെ സൂക്ഷിക്കാം.

 

English Summary: Parents welcome twins from embryos frozen 30 years ago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com