ADVERTISEMENT

ഏറ്റവും പുതിയ ഗോഫെന്‍ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങള്‍ ചൈന വിക്ഷേപിച്ചു. സെറെസ് 1 റോക്കറ്റില്‍ നാല് ഗോഫെന്‍ 03ഡി സാറ്റലൈറ്റുകളാണ് ചൈന ജിയുക്വന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും വിക്ഷേപിച്ചത്. നവംബര്‍ മൂന്നാം വാരത്തില്‍ നടന്ന വിക്ഷേപണം വിജയകരമായിരുന്നുവെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമമായ സിന്‍ഹുവ അറിയിച്ചു. അതേസമയം, എന്ത് ലക്ഷ്യത്തിലാണ് ഈ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത് എന്നതിനെക്കുറിച്ച് ഇപ്പോഴും പുറം ലോകത്തിന് വ്യക്തതയില്ല.

 

ചൈനയിലെ ബഹിരാകാശ കമ്പനികള്‍ പൂര്‍ണമായി തന്നെ സര്‍ക്കാരിനോ ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷനോ കീഴിലാണ്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള റിമോട്ട് സെന്‍സിങ് സേവനങ്ങള്‍ക്കായാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതെന്നാണ് സിന്‍ഹുവ റിപ്പോര്‍ട്ടു ചെയ്തത്. ഉയര്‍ന്ന വ്യക്തതയില്‍ ഭൂമിയിലെ പ്രദേശങ്ങളുടെ ചിത്രങ്ങളെടുക്കാനും നിരീക്ഷിക്കാനും ഈ ഉപഗ്രഹങ്ങളെക്കൊണ്ട് സാധിക്കും.

 

നഗരാസൂത്രണം, റോഡ് ശൃംഖലകളുടെ നിര്‍മാണം, ഭൂമിയുടെ സര്‍വേ, കൃഷി, രക്ഷാപ്രവര്‍ത്തനം തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ഗോഫെന്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതെന്നാണ് നേരത്തെ ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ അറിയിച്ചിരുന്നത്. അതേസമയം, സൗത്ത് ചൈന മോണിങ് പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ ഉപഗ്രഹങ്ങള്‍ പ്രതിരോധ ആവശ്യങ്ങള്‍ക്ക് കൂടി ചൈന ഉപയോഗിക്കുന്നുവെന്നതിന്റെ സൂചനകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ഗോഫെന്‍ സാറ്റലൈറ്റുകള്‍ക്ക് മൈക്രോവേവ്, ഒപ്റ്റിക്കല്‍, റഡാര്‍ റിമോട്ട് സെന്‍സിങ് ശേഷികളുണ്ടെന്ന് നേരത്തെ ചൈന തന്നെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

 

2022ലെ 53–ാമത്തെ വിക്ഷേപണമാണ് ഗോഫെന്‍ സാറ്റലൈറ്റുകള്‍ വഴി ചൈന നടത്തിയത്. കഴിഞ്ഞ വര്‍ഷം ചൈന തന്നെ സ്ഥാപിച്ച ഒരു വര്‍ഷത്തില്‍ 56 വിക്ഷേപണങ്ങളെന്ന റെക്കോഡിലെത്താന്‍ അവര്‍ക്ക് ഇനി മൂന്ന് വിക്ഷേപണങ്ങള്‍ കൂടി മതി. മറ്റു ലോക രാഷ്ട്രങ്ങളുമായി കാര്യമായ സഹകരണമില്ലാതെയാണ് ചൈനയുടെ ഈ നേട്ടങ്ങളെന്നതും ശ്രദ്ധേയമാണ്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസക്ക് ചൈനയുമായി സഹകരിക്കുന്നതില്‍ നിന്നും വിലക്കുണ്ട്. എങ്കിലും ചൈനയുമായി സഹകരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ചൈനയുടേതാണെന്ന് അടുത്തിടെ നാസ മേധാവി ബില്‍ നെല്‍സണ്‍ പ്രഖ്യാപിച്ചിരുന്നു.

 

English Summary: China launches mysterious Earth observation satellites 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com