ADVERTISEMENT

ബഹിരാകാശ രംഗത്ത് അതിവേഗം മുന്നേറുന്ന ചൈനയുടെ പുതിയ പദ്ധതിയാണ് ബഹിരാകാശ ആശുപത്രി. ദീര്‍ഘകാലത്തേക്ക് ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യം സംരക്ഷിക്കുകയും ആവശ്യമുള്ളപ്പോള്‍ വേണ്ട ചികിത്സക്കുള്ള സൗകര്യമൊരുക്കുകയുമാണ് ഈ ബഹിരാകാശ ആശുപത്രിയുടെ ലക്ഷ്യം. ഇപ്പോള്‍ ഭൂമിയെ വലം വെക്കുന്ന ചൈനീസ് ബഹിരാകാശ നിലയമായ ടിയാങ്കോങ്ങില്‍ അടക്കം ബന്ധിപ്പിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുംവിധമാണ് ബഹിരാകാശ ആശുപത്രിയുടെ നിര്‍മാണം.

 

വളരെ വിപുലമായ ഗവേഷണങ്ങളും പരീക്ഷണങ്ങളും ഈ മേഖലയില്‍ നടക്കുന്നുണ്ട്. ബഹിരാകാശ യാത്രികരുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനൊപ്പം കൂടുതല്‍ അകലങ്ങളിലേക്ക് യാത്ര ചെയ്യാനും മനുഷ്യരെ ഇത്തരം സൗകര്യങ്ങള്‍ പ്രാപ്തരാക്കുമെന്ന് ബെയ്ജിങ് എയ്റോസ്‌പേസ് സെന്റര്‍ ഹോസ്പിറ്റല്‍ പ്രസിഡന്റ് ഡോ. ജിചെന്‍ പറയുന്നു. ചൈനീസ് വൈദ്യശാസ്ത്ര മേഖലയ്ക്ക് മൊത്തത്തില്‍ ഉണര്‍വു നല്‍കാന്‍ ഇത്തരം പരീക്ഷണങ്ങള്‍ സഹായിക്കുമെന്ന പ്രതീക്ഷയും ജിചെന്‍ പങ്കുവെക്കുന്നു. പരമാവധി സമയത്തേക്ക് ബഹിരാകാശ സഞ്ചാരികളെ ആരോഗ്യത്തോടെയിരിക്കാനും ദീര്‍ഘമായ ബഹിരാകാശ സഞ്ചാരങ്ങളില്‍ വരാനിടയുള്ള ആരോഗ്യ പ്രതിസന്ധികളെ ഫലപ്രദമായി നേരിടാനുമുള്ള മാര്‍ഗങ്ങളുമാണ് ഗവേഷകര്‍ പഠിക്കുന്നത്.

 

നിലവില്‍ ഭൂമിയിലെ ഡോക്ടര്‍മാര്‍ വഴിയാണ് ബഹിരാകാശ സഞ്ചാരികള്‍ക്ക് വേണ്ട വൈദ്യസഹായം ഉറപ്പാക്കുന്നത്. ഇത്തരമൊരു ആശുപത്രി സംവിധാനം ഒരിക്കല്‍ ഏര്‍പ്പെടുത്തി കഴിഞ്ഞാല്‍ പിന്നീട് എപ്പോള്‍ വേണമെങ്കിലും ബഹിരാകാശ സഞ്ചാരികള്‍ക്ക് സ്വന്തം ആരോഗ്യ നില പരിശോധിക്കാനും ആവശ്യമെങ്കില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും സാധിക്കും. ഏറ്റവും കുറഞ്ഞ സ്ഥലത്തില്‍ എങ്ങനെ പരമാവധി വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ ഉള്‍ക്കൊള്ളിക്കാനാകും എന്നതായിരിക്കും ബഹിരാകാശ ആശുപത്രി പോലുള്ള ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഗവേഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഭൂമിയിലുള്ള വൈദ്യശാസ്ത്ര ഉപകരണങ്ങളില്‍ പലതിന്റേയും ചെറുതും ഏറ്റവും കാര്യക്ഷമവുമായ രൂപമായിരിക്കും ബഹിരാകാശ ആശുപത്രിയില്‍ ഉപയോഗിക്കുക. ഇതിനുവേണ്ടി മാത്രം പ്രത്യേകം ഗവേഷണങ്ങള്‍ നടത്തേണ്ടതുണ്ട്.

 

ടിയാങ്കോങ് ബഹിരാകാശ നിലയത്തില്‍ ആറ് മാസമാണ് ഓരോ ചൈനീസ് സഞ്ചാരിയും ചെലവഴിക്കുന്നത്. ഇത്തരം ദൗത്യങ്ങള്‍ക്ക് ബഹിരാകാശ സഞ്ചാരികളെ പ്രാപ്തരാക്കുന്നതിന് മുൻപ് തന്നെ വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധര്‍ വലിയ തോതില്‍ പഠനങ്ങള്‍ നടത്തിയിരുന്നു. ദീര്‍ഘകാല ബഹിരാകാശ ദൗത്യങ്ങള്‍ എങ്ങനെയാണ് സഞ്ചാരികളുടെ ആരോഗ്യത്തെ ബാധിക്കുക എന്നതായിരുന്നു പ്രധാന പഠനവിഷയങ്ങളിലൊന്ന്. ദീര്‍ഘകാല ബഹിരാകാശ ജീവിതം നാഡീ വ്യവസ്ഥയേയും പേശികളേയും അസ്ഥികളേയുമെല്ലാം ബാധിക്കുമെന്ന സൂചനകളും പഠനങ്ങള്‍ നല്‍കിയിരുന്നു. കൂടുതല്‍ ദീര്‍ഘമായ ബഹിരാകാശ യാത്രകള്‍ സഞ്ചാരികളുടെ രോഗപ്രതിരോധ ശേഷിയേയും ശ്വസന സംവിധാനത്തേയും ബാധിക്കുകയും മൂത്രസംബന്ധിയായ പ്രശ്‌നങ്ങള്‍ക്കിടയാക്കുകയും ചെയ്യുമെന്ന ആശങ്കയുണ്ട്. ഇത്തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ പരിഹരിക്കാനുള്ള സൗകര്യങ്ങളാകും ബഹിരാകാശ ആശുപത്രിയില്‍ ഉണ്ടാവുക.

 

English Summary: Experts plan to set up 'space hospital' to serve astronauts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com