ബഹിരാകാശ നിലയവുമായി 2030 വരെ സഹകരിക്കുമെന്ന് പ്രഖ്യാപിച്ച് ജപ്പാൻ

tiangong-space-station
Photo: NASA
SHARE

രാജ്യാന്തര ബഹിരാകാശ നിലയത്തിലെ തങ്ങളുടെ സാന്നിധ്യം 2030 വരെ ദീര്‍ഘിപ്പിച്ച് ജപ്പാന്‍. ഇതോടെ ബഹിരാകാശ നിലയത്തില്‍ അമേരിക്കയുടെ വഴിയേയാണ് ജപ്പാനുമെന്ന് വ്യക്തമായിരിക്കുകയാണ്. ജാപ്പനീസ് വിദ്യാഭ്യാസ–ശാസ്ത്ര മന്ത്രി കെയ്‌കോ നഗോക്കയാണ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ഡിസംബറില്‍ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ 2030 വരെ തുടരുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു.

അമേരിക്കക്കും ജപ്പാനും പുറമേ റഷ്യ, കാനഡ, 11 അംഗ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി എന്നിവരാണ് രാജ്യാന്തര ബഹിരാകാശ നിലയവുമായി സഹകരിക്കുന്ന പ്രധാനികള്‍. 2030 വരെ ഐഎസ്എസില്‍ തുടരാന്‍ ഇപ്പോള്‍ അമേരിക്കയും ജപ്പാനും മാത്രമേ തീരുമാനിച്ചിട്ടുള്ളൂ. ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പമുള്ള ഐഎസ്എസ് ഭൂമിയില്‍ നിന്നും 400 കിലോമീറ്റര്‍ ഉയരത്തിലാണ് ഭ്രമണം ചെയ്യുന്നത്. കഴിഞ്ഞ രണ്ട് ദശാബ്ദത്തിലേറെയായി അമേരിക്കയുടേയും റഷ്യയുടേയും നേതൃത്വത്തില്‍ ബഹിരാകാശ സഞ്ചാരികള്‍ ഐഎസ്എസില്‍ നിരവധി പരീക്ഷണങ്ങളാണ് നടത്തിയിട്ടുള്ളത്. 

ഫ്‌ളോറിഡയില്‍ നിന്നും നാസയുടെ അടുത്ത തലമുറ ചാന്ദ്ര റോക്കറ്റ് യാത്രികരില്ലാതെ പറന്നുയര്‍ന്നതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ജപ്പാന്റെ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. അമേരിക്കയുടെ ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു വിക്ഷേപണം. ആര്‍ട്ടിമിസ് ദൗത്യത്തില്‍ അമേരിക്കയുമായി ജപ്പാനും സഹകരിക്കുന്നുണ്ട്. ഈ സഹകരണത്തിന്റെ തുടര്‍ച്ചയാണ് ബഹിരാകാശ നിലയത്തിലേക്കു കൂടി ജപ്പാന്‍ വിപുലപ്പെടുത്തിയിരിക്കുന്നത്. 

ആര്‍ട്ടിമിസ് ദൗത്യം പോലുള്ള നിര്‍ണായക ദൗത്യങ്ങള്‍ക്കു വേണ്ട പല പരീക്ഷണങ്ങളും നടക്കേണ്ടത് രാജ്യാന്തര ബഹിരാകാശ നിലയത്തിലാണ്. അതുകൊണ്ടു തന്നെ അമേരിക്കയുടേയും ജപ്പാന്റേയും സഹകരണം അവിടേക്കു കൂടി വ്യാപിപ്പിക്കേണ്ടത് നിര്‍ണായകമാണെന്ന് ജാപ്പനീസ് മന്ത്രി നഗോക്ക പറഞ്ഞു. ചാന്ദ്ര ബഹിരാകാശ നിലയമായ ഗേറ്റ് വേ സ്ഥാപിക്കുന്നതിന് അമേരിക്കയുമായി സഹകരിക്കാനുള്ള കരാറില്‍ ഒപ്പു വെക്കുന്നതിനിടെയായിരുന്നു ജാപ്പനീസ് വിദ്യാഭ്യാസ- ശാസ്ത്ര മന്ത്രിയുടെ പ്രതികരണം. ഈ കരാര്‍ പ്രകാരം ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായി ഗേറ്റ് വേയിലേക്ക് പോകുന്ന ബഹിരാകാശ സഞ്ചാരികളില്‍ ഒരാള്‍ ജപ്പാന്‍കാരനായിരിക്കും. ബഹിരാകാശ നിലയത്തിന് വേണ്ട ബാറ്ററികളും മറ്റ് ഉപകരണങ്ങളും വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വവും കരാര്‍ ജപ്പാന് നല്‍കുന്നു.

ആര്‍ട്ടിമിസ് ദൗത്യത്തില്‍ ജപ്പാനേയും ഉള്‍പ്പെടുത്തുന്ന കാര്യം കഴിഞ്ഞ മെയിലാണ് ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയും യുഎസ് പ്രസിഡന്റ് ജോ ബെയ്ഡനും സ്ഥിരീകരിച്ചത്. ആര്‍ട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായി ജാപ്പനീസ് സഞ്ചാരി ചന്ദ്രനില്‍ ഇറങ്ങുകയും ചെയ്യും. ഈ ദശാബ്ദത്തിന്റെ അവസാന വര്‍ഷങ്ങളിലായിരിക്കും ഈ ചാന്ദ്ര ദൗത്യം സംഭവിക്കുക.

English Summary: Japan extends participation in International Space Station to 2030

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS