മനുഷ്യന്റെ തലച്ചോറിൽ പരീക്ഷണത്തിനൊരുങ്ങി ഇലോൺ മസ്ക്, പ്രതീക്ഷയോടെ ശാസ്ത്രലോകം

brain-chip-neuralink
Photo: Neuralink
SHARE

മനുഷ്യമസ്തിഷ്‌കത്തില്‍ ചിപ്പ് ഘടിപ്പിക്കുന്ന പരീക്ഷണങ്ങള്‍ വീണ്ടും നീട്ടി ഇലോണ്‍ മസ്‌കിന്റെ ന്യൂറലിങ്ക്. ഇത് മൂന്നാം തവണയാണ് മസ്‌ക് മനുഷ്യരിലെ പരീക്ഷണം പല കാരണങ്ങളെ കൊണ്ട് നീട്ടുന്നത്. ആദ്യം 2020ല്‍ ന്യൂറലിങ്ക് മനുഷ്യരില്‍ പരീക്ഷിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് 2022ലേക്കും ഇപ്പോള്‍ 2023ലേക്കുമാണ് നീട്ടിയിരിക്കുന്നത്. അവസരം ലഭിച്ചാല്‍ തന്റെ മസ്തിഷ്‌കത്തിലും ന്യൂറലിങ്ക് ചിപ്പുകള്‍ ഘടിപ്പിക്കുമെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞു. 

മനുഷ്യരിലെ പരീക്ഷണത്തിനായി അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടെന്നും മസ്‌ക് അറിയിച്ചു. വരുന്ന ആറ് മാസത്തിനുള്ളില്‍ മനുഷ്യരില്‍ ന്യൂറലിങ്ക് ചിപ്പുകള്‍ ഘടിപ്പിച്ചുകൊണ്ട് പരീക്ഷണം നടത്താനാവുമെന്ന പ്രതീക്ഷയാണ് മസ്‌ക് പങ്കുവെച്ചത്. മനുഷ്യ മസ്തിഷ്‌കത്തില്‍ വയ്ക്കാവുന്ന ഉപകരണം നിര്‍മിക്കുകയാണ് ന്യൂറലിങ്കിന്റെ പ്രഖ്യാപിത ലക്ഷ്യം. ഈ ഉപകരണം കംപ്യൂട്ടര്‍ വഴി നിയന്ത്രിച്ച് മനുഷ്യ മസ്തിഷ്‌കത്തേയും ചലനങ്ങളേയും സ്വാധീനിക്കാനാണ് ന്യൂറലിങ്ക് ശ്രമിക്കുന്നത്. ശരീരം പൂര്‍ണമായി തളര്‍ന്നു കിടക്കുന്നവര്‍ക്കും അപൂര്‍വ രോഗങ്ങള്‍ ബാധിച്ചവര്‍ക്കുമൊക്കെ അനുഗ്രഹമായിരിക്കും ഈ കണ്ടെത്തലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കുരങ്ങുകളില്‍ ന്യൂറലിങ്ക് പരീക്ഷണം ആരംഭിച്ചുവെന്ന് 2019ല്‍ തന്നെ ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. 2020ല്‍ പന്നികളിലേക്കും പരീക്ഷണം വ്യാപിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ന്യൂറലിങ്ക് ഘടിപ്പിച്ച കുരങ്ങുകള്‍ പിങ് പോങ് കളിക്കുന്നതിന്റെ ദൃശ്യങ്ങളും ന്യൂറലിങ്ക് പുറത്തുവിട്ടിരുന്നു. മൃഗങ്ങളില്‍ നടത്തുന്ന ഇത്തരം പരീക്ഷണങ്ങള്‍ക്കെതിരെ മൃഗസ്‌നേഹികളും സംഘടനകളും രംഗത്തു വന്നിട്ടുണ്ട്. ന്യൂറലിങ്ക് പരീക്ഷണങ്ങള്‍ക്കിടെ മൃഗങ്ങളില്‍ പലതും ശരീരം തളര്‍ന്നു പോവുകയും ചത്തുപോവുകയും ചെയ്തുവെന്നതായിരുന്നു ആരോപണം. ഇത്തരം ആരോപണങ്ങള്‍ക്കിടയിലും തങ്ങളുടെ പദ്ധതിയുമായി ന്യൂറ ലിങ്കും ഇലോണ്‍ മസ്‌കും മുന്നോട്ടു പോവുകയായിരുന്നു. 

മഷ്യരില്‍ നേരിട്ട് ചിപ്പുകള്‍ ഘടിപ്പിക്കുന്നതിനെതിരെയും വലിയ തോതില്‍ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതാണ് ന്യൂറലിങ്കിന്റെ മനുഷ്യരിലെ പരീക്ഷണങ്ങള്‍ വൈകിയതില്‍ ഒരു കാരണമായത്. തലയോട്ടിയിലെ ചെറിയ ഭാഗം നീക്കം ചെയ്ത് ചെറു നാരുകളുള്ള ന്യൂറലിങ്ക് ചിപ്പ് നേരിട്ട് മസ്തിഷ്‌കത്തിലേക്ക് ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. 15 മിനിറ്റിനുള്ളില്‍ 64 ന്യൂറലിങ്ക് നാരുകള്‍ വരെ മസ്തിഷ്‌കത്തിലേക്ക് ഘടിപ്പിക്കാന്‍ സാധിക്കുന്ന റോബോട്ടിക് സംവിധാനത്തെക്കുറിച്ചും ന്യൂറലിങ്ക് വൈസ് പ്രസിഡന്റ് ഡി.ജെ. സിയോ പറഞ്ഞു. പരീക്ഷണഘട്ടത്തില്‍ നിന്നും ഉത്പന്നം പുറത്തിറക്കാനുള്ള ഘട്ടത്തിലേക്കാണ് ന്യൂറലിങ്ക് നീങ്ങുന്നതെന്നാണ് ഇലോണ്‍ മസ്‌കിന്റെ അവകാശവാദം.

English Summary: Elon Musk claims Neuralink is about ‘six months’ away from first human trial

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS