ADVERTISEMENT

കെട്ടിടങ്ങള്‍, റോബോട്ടുകള്‍, വാഹനങ്ങള്‍ തുടങ്ങി എന്തു സാധനങ്ങളും കൂട്ടിയോജിപ്പിക്കാനും നിര്‍മിക്കാനും സാധിക്കുന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്ത് മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍. റോബോട്ടുകളുടെ അതേ വലുപ്പത്തിലുള്ള റോബോട്ടുകളേയോ അവയേക്കാള്‍ വലുപ്പമുള്ള റോബോട്ടുകളേയോ നിര്‍മിക്കാനും ഇവക്ക് സാധിക്കും. മനുഷ്യ അധ്വാനം ആവശ്യം വരുന്ന മേഖലകളില്‍ പകരക്കാരനായി മാറാന്‍ എംഐടി റോബോട്ടിന് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

 

വോക്‌സല്‍സ് എന്ന് വിളിക്കുന്ന ഭാഗങ്ങളാണ് ഈ റോബോട്ടുകളുടെ അടിസ്ഥാന ഭാഗം. ഇവ കൂട്ടി യോജിപ്പിച്ചാണ് റോബോട്ടുകള്‍ നിര്‍മിക്കുന്നത്. വലിയ സാമ്പത്തിക ബാധ്യതകളില്ലാതെ എന്തും കൂട്ടിയോജിപ്പിക്കാന്‍ കഴിയുന്ന റോബോട്ടുകളെന്ന ചിന്തയില്‍ നിന്നാണ് എംഐടിയിലെ സെന്റര്‍ ഫോര്‍ ബിറ്റ്‌സ് ആൻഡ് ആറ്റംസാണ് ഈ റോബോട്ടുകള്‍ നിര്‍മിച്ചത്. വര്‍ഷങ്ങളുടെ ഗവേഷണം ഈ കണ്ടെത്തലിന് പിന്നിലുണ്ട്.

 

റേസിങ് കാറും വിമാനത്തിന്റെ ചിറകുമെല്ലാം കൂട്ടിയോജിപ്പിക്കാന്‍ ഈ റോബോട്ടിനാവുമെന്ന് എംഐടി ഗവേഷകര്‍ തെളിയിച്ചിരുന്നു. നേച്ചുര്‍ ജേണലിലാണ് ഇവരുടെ റോബോട്ടിനെക്കുറിച്ചുള്ള ഗവേഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൂടുതല്‍ റോബോട്ടുകളേയും വലിയ റോബോട്ടുകളേയും നിര്‍മിക്കാന്‍ സാധിക്കുന്ന റോബോട്ടുകളെയാണ് ഞങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. നിര്‍മാണത്തിലെ ഏറ്റവും അടിസ്ഥാന ഘടകങ്ങളുടെ വ്യത്യസ്തമായ രീതിയില്‍ ഉപയോഗിച്ചാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നതെന്ന് എംഐടി ഗവേഷകരുടെ പഠനം പറയുന്നു. 

 

വോക്‌സല്‍സ് എന്നു വിളിക്കുന്ന അടിസ്ഥാന ഘടകങ്ങളാണ് ഈ റോബോട്ടിന്റെ പ്രധാന ഭാഗങ്ങള്‍. നമുക്ക് ചുറ്റുമുള്ള ദൈനംദിന ജോലികള്‍ ചെയ്യുന്ന പൂര്‍ണമായും സ്വയം പ്രവര്‍ത്തിക്കുന്ന റോബോട്ടിനെ നിര്‍മിക്കാന്‍ ഇനിയും വര്‍ഷങ്ങളെടുക്കും. എങ്കിലും അതിലേക്കുള്ള പ്രധാനപ്പെട്ട മുന്നേറ്റമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നതെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്. 

 

പ്രത്യേകിച്ച് വയറുകളൊന്നുമില്ലാതെ വിവരങ്ങളും ഊര്‍ജവും കൈമാറ്റം ചെയ്യാന്‍ വോക്‌സലുകള്‍ വഴി സാധിക്കും. ഓരോ വോക്‌സലുകളും കൂട്ടിയോജിപ്പിച്ചുള്ള റോബോട്ടുകള്‍ ഓരോ ഘട്ടങ്ങളിലും തീരുമാനങ്ങളെടുത്താണ് മുന്നേറുക. എന്തെങ്കിലും രൂപമോ സമാനമായ മറ്റൊരു റോബോട്ടോ അതിനേക്കാള്‍ വലുപ്പം കൂടിയ റോബോട്ടോ ഒക്കെ നിര്‍മിക്കാന്‍ ഈ എംഐടി റോബോട്ടിനാവുമെന്ന് ഗവേഷക വിദ്യാര്‍ഥിയായ അമിറ അബ്ദല്‍ റഹ്‌മാന്‍ പറയുന്നു.

 

English Summary: MIT engineers design robots that can grow into bigger robots on their own

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com