ADVERTISEMENT

തമോഗര്‍ത്തം നക്ഷത്രത്തെ വിഴുങ്ങുന്ന അപൂര്‍വ പ്രതിഭാസം നിരീക്ഷിച്ച് ഇന്ത്യന്‍ ദൂരദര്‍ശിനി ഗ്ലോബല്‍ റിലേ ഓഫ് ഒബ്‌സര്‍വേറ്ററീസ് വാച്ചിങ് ട്രാന്‍സിയന്റ്‌സ് ഹാപ്പെന്‍ (GROWTH). ഭൂമിക്ക് നേരെ വന്ന അസാധാരണ പ്രകാശം പിന്തുടര്‍ന്നു നടത്തിയ നിരീക്ഷണങ്ങളിലാണ് നക്ഷത്രത്തെ തമോഗര്‍ത്തം വിഴുങ്ങുന്നതിലേക്ക് ജ്യോതി ശാസ്ത്രജ്ഞര്‍ എത്തിയത്. ശാസ്ത്ര ജേണല്‍ നേച്ചുറിലാണ് പഠനഫലം പൂര്‍ണമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

സരസ്വതി കൊടുമുടിക്ക് മുകളിലായി സമുദ്ര നിരപ്പില്‍ നിന്നും 4,500 മീറ്റര്‍ ഉയരത്തിലാണ് ഗ്രോത്ത് (GROWTH) ദൂരദര്‍ശിനി ഇന്ത്യ സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ ഫുള്ളി റോബോട്ടിക് ഒപ്റ്റിക്കല്‍ റിസര്‍ച്ച് ടെലസ്‌കോപ്പാണിത്. ഐഐടി ബോംബെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സും ചേര്‍ന്നാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. പ്രപഞ്ചത്തിലെ വിവിധ ഭാഗങ്ങളില്‍ സംഭവിക്കുന്ന കൂട്ടിയിടികളേയും മറ്റും നിരീക്ഷിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

 

നക്ഷത്രത്തിന്റെ കാര്യത്തില്‍ നല്ലതല്ല സംഭവിച്ചത്. നക്ഷത്രത്തെ വലിച്ചെടുത്ത തമോഗര്‍ത്തം ഫലത്തില്‍ പിച്ചി ചീന്തിയ ശേഷമാണ് വിഴുങ്ങുക. നക്ഷത്രത്തിന്റെ ഭാഗങ്ങള്‍ തമോഗര്‍ത്തത്തിന് ചുറ്റുമുള്ള ഡിസ്‌കില്‍ അതിവേഗത്തില്‍ കറങ്ങുകയും വൈകാതെ തമോഗര്‍ത്തത്തിലേക്ക് വലിച്ചെടുക്കപ്പെടുകയും ചെയ്യും. പ്രപഞ്ചത്തില്‍ സംഭവിക്കുന്ന ഇത്തരം പ്രതിഭാസങ്ങളെ ടൈഡല്‍ ഡിസ്‌റപ്ഷന്‍ ഇവെന്റ്‌സ് അഥവാ ടിഡിഇ (TDE) എന്നാണ് വിളിക്കുക എന്നും ഐഐടി ബോംബെയിലെ അസ്‌ട്രോഫിസിസിസ്റ്റ് വരുണ്‍ ബലേറാവു പറയുന്നു.

 

കഴിഞ്ഞ ഫെബ്രുവരി 11ന് കലിഫോര്‍ണിയയിലെ സ്വികി ട്രാന്‍സിയന്റ് ഫെസിലിറ്റിയാണ് ആദ്യമായി ഭൂമിക്ക് നേരെ വന്ന തീഷ്ണ പ്രകാശത്തെ ആദ്യമായി നിരീക്ഷിച്ചത്. എടി 2022സിഎംസി എന്ന് ഈ അജ്ഞാത പ്രകാശ ശ്രോതസിന് പേരിടുകയും ചെയ്തു. അതിവേഗത്തില്‍ തീഷ്ണത കൂടിയ പ്രകാശം ഇപ്പോള്‍ വേഗത്തില്‍ മങ്ങുകയാണ്. ഹാന്‍ലേയിലെ ഗ്രോത്ത് ഇന്ത്യ ടെലസ്‌കോപ് ഉപയോഗിച്ച് ഇതേക്കുറിച്ച് പഠിക്കാന്‍ ഐഐടി ബോംബെയിലെ ജ്യോതിശാസ്ത്രജ്ഞര്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് തമോഗര്‍ത്തം നക്ഷത്രം വിഴുങ്ങുന്നതില്‍ നിന്നും ഭൂമിക്ക് നേരെ വന്നിരുന്ന പ്രകാശം അതിവേഗത്തില്‍ മങ്ങുന്നതായി കണ്ടെത്തിയത്.

 

രാജ്യാന്തര ജ്യോതിശാസ്ത്രജ്ഞരുടെ കൂട്ടായ്മയും നിരീക്ഷണത്തിനായി ഇന്ത്യന്‍ സംഘം ഒരുക്കിയിരുന്നു. ഭൂമിയിലെ പലയിടത്തുമുള്ള റേഡിയോ ടെലസ്‌കോപുകളില്‍ നിന്നും എക്‌സ്‌റേ ടെലസ്‌കോപുകളില്‍ നിന്നുമുള്ള വിവരങ്ങള്‍ക്ക് പുറമേ ഹബിള്‍ സ്‌പേസ് ടെലസ്‌കോപില്‍ നിന്നുമുള്ള വിവരങ്ങളും ശാസ്ത്രസംഘം പരിശോധിച്ചു. ഏതാണ്ട് 850 കോടി പ്രകാശ വര്‍ഷം അകലെയാണ് തമോഗര്‍ത്തം നക്ഷത്രത്തെ വിഴുങ്ങുന്നത്.

 

English Summary: Indian telescope observes cosmic violence as dying star comes close to a black hole

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com