സാറ്റലൈറ്റ് ഇന്റർനെറ്റ് പദ്ധതിയുമായി (സ്റ്റാർലിങ്ക്) മുന്നോട്ടുപോകുന്ന ഇലോൺ മസ്കിന്റെ സ്പേസ്എക്സ് വൺവെബിന്റെ 40 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമെന്ന് റിപ്പോർട്ട്. സാറ്റലൈറ്റ് ഇന്റർനെറ്റ് എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് വൺവെബും സ്പേസ്എക്സും. ഉപഗ്രഹ വിക്ഷേപണത്തിൽ സ്പേസ്എക്സിന്റെ സഹായം തേടുമെന്ന് വൺവെബ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഉപഗ്രഹ വിക്ഷേപണം ഡിസംബർ 6ന് മുൻപ് നടന്നേക്കില്ലെന്നും വൺവെബിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. വിക്ഷേപണത്തിന് സ്പേസ്എക്സ് പ്രത്യേക സമയം നൽകിയിട്ടില്ലെങ്കിലും ഡിസംബറിൽ തന്നെ നടക്കുമെന്നാണ് അറിയുന്നത്. ഈ വിക്ഷേപണത്തോടെ വൺവെബിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് പദ്ധതിക്ക് വേണ്ട മൊത്തം ഉപഗ്രഹങ്ങളുടെ 80 ശതമാനം പൂർത്തിയാകും. അതായത് 648 ഉപഗ്രഹങ്ങൾ ലക്ഷ്യത്തിലെത്തും.
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 എയിൽ നിന്നാണ് വിക്ഷേപണം. വൺവെബ് ഫ്ലോറിഡയിൽ നിന്ന് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത് ഇതാദ്യമാണ്. എയർബസിന്റെ സഹായത്തോടെയാണ് വൺവെബ് സാറ്റലൈറ്റുകൾ നിർമിക്കുന്നത്. ഈ വിക്ഷേപണത്തോടെ യൂറോപ്പ്, യുഎസ്എ, ഏഷ്യയുടെ ഭൂരിഭാഗം, മിഡിൽ ഈസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിലും സർവീസ് വിപുലീകരിക്കാൻ വൺവെബിന് കഴിയും. ഒക്ടോബറിൽ വൺവെബിന്റെ ഉപഗ്രഹങ്ങൾ ഇസ്രോയും വിക്ഷേപിച്ചിരുന്നു.
English Summary: OneWeb Hysterically Announces Partnership with SpaceX, to Launch 40 Satellites