ADVERTISEMENT

ഇ–മാലിന്യങ്ങളില്‍ നിന്നും ശേഖരിച്ച സ്വര്‍ണത്തില്‍ നിന്നും സ്വന്തം വിവാഹത്തിനുള്ള കെട്ടുതാലി പണിത് എംഫോര്‍ ടെക് വ്‌ളോഗര്‍ ജിയോ. ഏതാണ്ട് അഞ്ച് വര്‍ഷത്തിലേറെ എടുത്ത് ശേഖരിച്ച ഇ മാലിന്യങ്ങളില്‍ നിന്നാണ് ജിയോ താലി പണിയാന്‍ വേണ്ട സ്വര്‍ണം ശേഖരിച്ചത്. രണ്ട് ആഴ്ചയോളം സമയമെടുത്ത് ഇ മാലിന്യത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നത് ഘട്ടംഘട്ടമായി ജിയോ തന്റെ യുട്യൂബ് വിഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. ഇ വേസ്റ്റില്‍ നിന്നും കെട്ടുതാലി ഉണ്ടാക്കിയ വിഡിയോക്ക് ആദ്യ രണ്ട് ദിവസത്തിനകം 29 ലക്ഷത്തിലേറെ വ്യൂസ് ലഭിക്കുകയും ചെയ്തു.

 

∙ ഇ വേസ്റ്റില്‍ നിന്നും എങ്ങനെ സ്വര്‍ണം എടുക്കാം?

 

ഇ വേസ്റ്റില്‍ നിന്നും സ്വര്‍ണം എടുക്കുന്നത് ഒരു സുപ്രഭാതത്തില്‍ നടക്കുന്ന കാര്യമല്ല. കംപ്യൂട്ടര്‍ പ്രോസസറുകളും റാമുകളുമാണ് പ്രധാനമായും ഇ വേസ്റ്റുകളായി ശേഖരിച്ചിരുന്നത്. ഒരു കംപ്യൂട്ടറിന് ഒരു പ്രോസസറാണ് ഉണ്ടാവുക. ഏതാണ്ട് പത്തു കിലോയോളം പ്രോസസര്‍ മാത്രം ശേഖരിച്ചിരുന്നു. പ്രോസസറുകള്‍ ഓരോന്നായി എടുത്ത് അതിന്റെ അലൂമിനിയം പുറം ചട്ട കുത്തിപ്പൊളിച്ചു കളയുന്നതാണ് ആദ്യഘട്ടം. റാം മുഴുവനായി തന്നെ എടുത്തു. 

 

∙ സ്വര്‍ണം വേര്‍തിരിച്ചെടുക്കാൻ ആസിഡുകളും രാസ വസ്തുക്കളും

 

ആസിഡുകളും മറ്റു രാസ വസ്തുക്കളും ഉപയോഗിച്ചാണ് സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നത്. ഇതിനായി കയ്യുറകളും കോട്ടും കണ്ണടയും അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ ജിയോ ധരിക്കുന്നുണ്ട്. ആവശ്യമായ സുരക്ഷാ മുന്‍കരുതലുകളില്ലാതെ ഇത്തരം ജോലികള്‍ അനുകരിക്കരുതെന്ന മുന്നറിയിപ്പും വ്‌ളോഗര്‍ നല്‍കുന്നുണ്ട്. റാമുകളും പ്രോസസറുകളും ആദ്യം ഒരു പ്ലാസ്റ്റിക് ബക്കറ്റിലേക്കിട്ടു. പിന്നീട് ഹൈഡ്രോക്ലോറിക് ആസിഡ് അഞ്ച് ലിറ്ററോളം ഒഴിച്ചു. ഇതിലേക്ക് ഹൈഡ്രജന്‍ പെറോക്സൈഡ് ചേര്‍ത്തു. 30 ശതമാനം സാന്ദ്രതയുള്ള ഹൈഡ്രജന്‍ പെറോക്സെഡ് വെള്ളം ചേര്‍ത്താണ് ചേര്‍ക്കുക. രാസപ്രവര്‍ത്തനം വേഗത്തിലാക്കാനാണിത്. ഇതിനുശേഷം സ്വര്‍ണം പൂര്‍ണമായും ലായനിയിലേക്ക് അലിഞ്ഞു ചേരാനായി ഏഴ് ദിവസം വയ്ക്കണം.

 

പിന്നീട് വേറൊരു വലിയ പാത്രത്തിലേക്ക് മാറ്റി. ചെറിയൊരു ബ്രഷ് എടുത്ത് ഉരച്ചുകൊടുത്താല്‍ സ്വര്‍ണ തരികള്‍ വിട്ടുപോവും. ഈ ലായനിയില്‍ നിന്നും സ്വര്‍ണം അടങ്ങിയ വസ്തുക്കള്‍ ഫില്‍ട്ടര്‍ പേപ്പറും പ്ലാസ്റ്റിക് അരിപ്പയും ചേര്‍ത്ത് അരിച്ചെടുക്കുകയാണ്. ഫില്‍റ്റര്‍ പേപ്പറോടെ സ്വര്‍ണം അടങ്ങിയ അരിച്ചെടുത്ത ഭാഗങ്ങള്‍ നേരെ ഹൈഡ്രോക്ലോറിക് ആസിഡിലേക്ക് ഇടുന്നു. ഇതിനുശേഷം അല്‍പം സോഡിയം ഹൈപോ ക്ലോറൈറ്റ് ഒഴിച്ചുവയ്ക്കുന്നു. ഇതോടെ സ്വര്‍ണം ആ ലായനിയിലേക്ക് അലിഞ്ഞു ചേരും.

 

ആ ലായനിയിലെ മാലിന്യങ്ങള്‍ ഒഴിവാക്കാനായി ഒന്നുകൂടി ഫില്‍റ്റര്‍ പേപ്പര്‍ വച്ച് അരിച്ചെടുക്കും. സമയമെടുത്ത് താഴെ പാത്രത്തിലേക്ക് അരിച്ചിറങ്ങുന്നത് സ്വര്‍ണം കലര്‍ന്ന ലായനിയാണ്. പിന്നീടുള്ള ചില കാര്യങ്ങള്‍ സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് ജിയോ വിശദീകരിക്കുന്നില്ല. കുട്ടികള്‍ അനുകരിക്കാനുള്ള സാധ്യത ഒഴിവാക്കാന്‍ വേണ്ടിയാണിതെന്നാണ് ജിയോ പറയുന്നത്. പിന്നീട് ഫില്‍റ്റര്‍ പേപ്പറില്‍ വീണ്ടും അരിച്ചെടുക്കുന്നതാണ് വിഡിയോയില്‍ കാണിക്കുന്നത്. 

 

ഇത്തവണ മണ്ണുപോലെ സ്വര്‍ണം പേപ്പറില്‍ തെളിയുന്നുണ്ട്. അങ്ങനെ സ്വര്‍ണ തരികള്‍ അടങ്ങിയ ഫില്‍റ്റര്‍ പേപ്പര്‍ മടക്കി മാറ്റി വയ്ക്കുന്നു. പിന്നീട് ഈ സ്വര്‍ണ തരികളെ ഉരുക്കിയെടുത്ത് തണുക്കാന്‍ അനുവദിച്ചാണ് കട്ടിയുളള രൂപത്തിലേക്ക് മാറ്റുന്നത്. പാത്രം ചൂടാക്കുമ്പോള്‍ ബോറാക്സ് ചേര്‍ത്തു കൊടുക്കുന്നുണ്ട്. ഫ്ളെയിം ടോര്‍ച്ച് വച്ച് ഈ സ്വര്‍ണ തരികളെ ഉരുക്കുകയാണ് വിഡിയോയില്‍ ചെയ്യുന്നത്. ജ്വല്ലറിയിലെ സ്വര്‍ണ പണിക്കാരുടെ സഹായത്തിലാണ് ഈ സ്വര്‍ണം 916 കെട്ടുതാലിയാക്കി മാറ്റുന്നത്. 

അങ്ങനെ അഞ്ച് വര്‍ഷം കൊണ്ട് ശേഖരിച്ച ഇ മാലിന്യങ്ങളില്‍ നിന്നുള്ള സ്വര്‍ണത്തില്‍ നിന്നും നിര്‍മിച്ച കെട്ടുതാലി പങ്കാളിക്ക് ജിയോ ചാര്‍ത്തിക്കൊടുക്കുന്ന ദൃശ്യങ്ങളും വിഡിയോയിലുണ്ട്. ഇ മാലിന്യങ്ങളില്‍ നിന്നും കെട്ടുതാലി ഉണ്ടാക്കിയ ലോകത്തെ ആദ്യത്തെയാള്‍ എന്നാണ് വ്‌ളോഗര്‍ സ്വയം വിശേഷിപ്പിക്കുന്നതും. താലിയുടെ മുകളില്‍ വച്ച കൊച്ചു കുരിശുരൂപത്തിനുവേണ്ട സ്വര്‍ണവും ഇ മാലിന്യത്തില്‍ നിന്നുള്ളതു തന്നെയാണ്. ഏതാണ്ട് നാല് ഗ്രാം സ്വര്‍ണമാണ് വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ജിയോക്ക് ലഭിച്ചത്. അതിവേഗത്തില്‍ ഭൂമിയില്‍ കുമിഞ്ഞുകൂടുന്ന ഇ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള മാര്‍ഗങ്ങള്‍ വേഗത്തില്‍ കണ്ടെത്തട്ടെ എന്നു കൂടി ആശംസിച്ചാണ് ജിയോ തന്റെ വിഡിയോ അവസാനിപ്പിക്കുന്നത്.

 

English Summary: How To Mine Gold From Electronics?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com