മലയാളി യുവാക്കൾ പൊളിയാണ്... ഹരിത സ്റ്റാര്‍ട്ടപ് കമ്പനി ആഗോള പരിസ്ഥിതി സംരക്ഷണത്തിന് ടെക്‌നോളജി പ്രയോജനപ്പെടുത്തുന്നത് ഇങ്ങനെ

abhijit-kumar-aashutosh-b-sai
അഭിജിത്ത് കുമാർ മീനാകുമാരി (സിഇഒ) , ആശുതോഷ് ബി സായി (സിടിഒ).
SHARE

ആഗോള തലത്തില്‍ ആയിരക്കണക്കിനു മരങ്ങളെ പരിപാലിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സ്റ്റാര്‍ട്ടപ് കമ്പനിയെക്കുറിച്ചു ചിന്തിക്കാന്‍ സാധിക്കുമോ? അതൊരു സാധ്യതയില്ലാത്ത ആശയമാണെന്നാണോ കരുതുന്നത്. എങ്കിൽ നിങ്ങള്‍ക്ക് തെറ്റുപറ്റി... തിരുവനന്തപുരത്തു നിന്നുള്ള രണ്ട് സ്‌കൂള്‍ സഹപാഠികളാണ് ഈ ആശയത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.

∙ ട്രീ ടാഗ് 

ട്രീ ടാഗ് (Tree Tag) എന്ന പേരില്‍ അഭിജിത് കുമാര്‍ മീനാകുമാരി, അശുതോഷ് ബി. സായി എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച കമ്പനിയാണ് പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് നൂതന രീതിയില്‍ പരിഹാരം അന്വേഷിക്കുന്നത്. കാലാവസ്ഥാ പ്രശ്‌നങ്ങളെക്കുറിച്ച് ബോധ്യമുള്ള ഒരു കമ്പനി എന്ന നിലയില്‍ ട്രീ ടാഗ് ഇപ്പോഴേ പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു. ഈ ഹരിത സാങ്കേതികവിദ്യ കമ്പനി കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കാനായി സാങ്കേതികവിദ്യയുടെ സഹായത്തോടെ വനവല്‍ക്കരണ പദ്ധതികള്‍ നടപ്പാക്കാനാണ് മുന്നോട്ടുവന്നിരിക്കുന്നത്.

∙ ക്ലൈമതോണ്‍ ജേതാവ്

കേരളാ സ്റ്റാര്‍ട്ടപ് മിഷന്‍ നടത്തിയ ക്ലൈമതോണ്‍-2022 ഹാക്കത്തോണില്‍ ജയിച്ചത് ട്രീ ടാഗ് ആണ്. വളരെ ലളിതമായ ബിസിനസ് രീതിയാണ് ട്രീ ടാഗ് പിന്തുടരുന്നത്. തങ്ങളുടെ ഇടപാടുകാര്‍ വിവിധ പദ്ധതികളുടെ ഭാഗമായി നടുന്ന തൈകളുടെ വളര്‍ച്ചയും പരിചരണവും ഉറപ്പാക്കാനായി ഒരു ഇന്റര്‍നെറ്റ് വേദി ഒരുക്കുകയാണ് കമ്പനി ചെയ്യുന്നത്. ഇത്തരം പദ്ധതികള്‍ നടത്തുന്നവര്‍ക്ക് വളരെ കൃത്യമായ ഡേറ്റാ സമയാസമയങ്ങളില്‍ നല്‍കുന്ന കമ്പിയാണ് ട്രീ ടാഗ്. തങ്ങള്‍ അടിസ്ഥാനപരമായി ചെയ്യുന്നത് ഒരു ചെടിയുടെ പരിചരണം ഡിജിറ്റൈസ് ചെയ്യുകയാണ് എന്നാണ് അഭിജിത് മനോരമയോട് പറഞ്ഞത്.

∙ പരിസ്ഥിതി പ്രേമി

മെക്കാനിക്കല്‍ എൻജിനീയറിങ് ബിരുദ ധാരിയായ അഭിജിത് പരിസ്ഥിതി സംരക്ഷണ പദ്ധതികളോട് ഉത്സാഹത്തോടെ പ്രതികരിക്കുന്നയാളാണ്. പരിസ്ഥിതി പ്രേമമാണ് അഭിജിത്തിനെ 'തണല്‍' എന്ന പേരില്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന പേരുകേട്ട എന്‍ജിഒയുമായി സഹകരിക്കാന്‍ ഇടവരുത്തിയത്. പരിസ്ഥിതി അവബോധം വളര്‍ത്താന്‍ ശ്രമിക്കുന്ന കമ്പനിയാണ് തണല്‍. ഈ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന ജയകുമാര്‍.സി ആണ് പുതിയ ആശയം അഭിജിത്തിലേക്ക് എത്തിച്ചത്. വൻ പദ്ധതി നടപ്പാക്കാന്‍ അഭിജിത്തിന്റെ സഹായം തേടുകയായിരുന്നു ജയകുമാര്‍. 

വയനാട്ടിലെ മീനങ്ങാടി ഗ്രാമത്തില്‍ ട്രീ ബാങ്കിങ്ങിനായി ഒരു പ്ലാറ്റ്‌ഫോം തുടങ്ങാന്‍ ജയകുമാര്‍ ആവശ്യപ്പെട്ടത് 2019ല്‍ ആയിരുന്നുവെന്ന് ജയകുമാര്‍ ഓര്‍ത്തെടുക്കുന്നു. ഈ പദ്ധതി വളരെ വേഗത്തില്‍ പ്രശസ്തി ആര്‍ജിക്കുകയായിരുന്നു. ഗ്രാമത്തില്‍ 7,000 മരങ്ങളുടെ വളര്‍ച്ച പിന്തുടരാനായി ഒരു പ്ലാറ്റ്‌ഫോം ഉണ്ടാക്കിയത് അങ്ങനെയാണ്. ഇത് വിജയിച്ചതോടെ ഇതേ പോലെയുള്ള സേവനം വേണമെന്ന് പറഞ്ഞ് പ്രകൃതി സ്‌നേഹികള്‍ ക്ഷണിക്കുകയായിരുന്നുവെന്ന് അഭിജിത് ഓര്‍ത്തെടുക്കുന്നു.

ട്രീ ടാഗിന് തുടക്കമിട്ടത് 2021ല്‍ മാത്രമാണ്. ഇതിന് ഈ ചുരുങ്ങിയ കാലത്തിനിടയില്‍ ലോകമെമ്പാടുമായി അമ്പതിലേറെ ഉപഭോക്താക്കള്‍ ഉണ്ട്. ട്രീ ടാഗിന്റെ സേവനം പ്രയോജനപ്പെടുത്തുന്നവരില്‍ മഹിന്ദ്രാ ലോജിസ്റ്റിക്‌സ്, യങ് ഇന്ത്യന്‍സ്, കോണ്‍ഫഡറേഷൻ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, ഹ്യൂണ്ടായ് എക്‌സ്‌പ്ലോറേഴ്‌സ് തുടങ്ങിയവയും ഉണ്ട്. ട്രീ ടാഗ് തങ്ങളുടെ ബിസിനസ് സാധ്യത കാണുന്ന പരിസ്ഥിതി സംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎസ്ആര്‍) പ്രൊജക്ടുകളിലാണ്. തങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന വനവത്കരണ പരിപാടികളുടെ ഏറ്റവും ഒടുവിലത്തെ നില കമ്പനികളെ അറിയിക്കുകയാണ് ട്രീ ടാഗിന്റെ ദൗത്യം. ഈ പദ്ധതികളില്‍ മറ്റ് സംഘടനകളും, എന്‍ജിഒകളും പങ്കാളികള്‍ ആയിരിക്കാം. തങ്ങളുടെ സേവനം ആവശ്യമായ എന്‍ജിഒകള്‍ക്കും വനവല്‍ക്കരണ പദ്ധതികള്‍ നടപ്പാക്കാനുള്ള സഹായം നല്‍കുന്നു. ട്രീ ടാഗുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ചില എന്‍ജിഒകളാണ് തണല്‍, റസ്ത ( Rasta), സുസ്‌തെര (Sustera) എന്നിവ.

ലോകത്തെ ഏറ്റവു വലിയ റെയിന്‍ ഫോറസ്റ്റായ ആമസോണില്‍ 10 ലക്ഷം മരങ്ങളുടെ അവസ്ഥ പരിശോധിക്കുന്ന മെഗാ പദ്ധതിയുമായും ട്രീ ടാഗ് സഹകരിക്കുന്നു. ഇതു കൂടാതെ ലണ്ടന്‍ കേന്ദ്രമായ ഒരു കമ്പനിയുമായി അഞ്ചു വര്‍ഷത്തെ ഒരു കാരാറിലും കമ്പനി ഒപ്പിട്ടു. ഇതും ആമസോണ്‍ കേന്ദ്രീകൃതമാണ്. അവിടെ വസിക്കുന്ന ഗോത്രവര്‍ഗക്കാർക്കിടയില്‍ നടത്തുന്ന വനവല്‍ക്കരണ പരിപാടി നടപ്പാക്കാനാണ് സഹകരണം. തങ്ങളുടെ ഉപഭോക്താക്കള്‍ വളര്‍ത്തുന്ന ചെടികളുടെ വളര്‍ച്ച രേഖപ്പെടുത്തി ആ വിവരം തങ്ങളുടെ വെബ്‌സൈറ്റില്‍ ക്ലൈന്റുകള്‍ക്ക് ലഭ്യമാക്കുകയാണ് കമ്പനി ചെയ്യുന്നത്.

∙ വരുമാനം വരുന്ന വഴി, ഭാവി പദ്ധതികള്‍

തങ്ങളുടെ ക്ലൈന്റുകളില്‍ നിന്ന് ലഭിക്കുന്ന സര്‍വീസ് ചാര്‍ജാണ് ട്രീ ടാഗിന്റെ വരുമാന മാര്‍ഗം. മക്കപ്പോഴും മൂന്നു വര്‍ഷത്തേക്കായിരിക്കും സേവനം നല്‍കുക. ലഭിക്കുന്ന പണത്തിന് പദ്ധതിയുടെ രീതിക്കും വലുപ്പത്തിനും അനുസരിച്ചു മാറും. ട്രീ ടാഗ് ഭാവിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളിലൊന്ന് കൂടുതല്‍ മെച്ചപ്പെട്ട പരിസ്ഥിതി സൃഷ്ടിച്ചെടുക്കുക എന്നതാണ്. സ്‌കൂളുകളിലും കോളജുകളിലും അവബോധം വളര്‍ത്താനുള്ള പ്രോഗ്രാമുകളും സംഘടിപ്പിക്കും. ഇപ്പോള്‍ ഫ്രീയായി നടത്തുന്ന അത്തരത്തിലൊരു പദ്ധതിയില്‍ 10,000 ലേറെ വിദ്യാര്‍ഥി വോളണ്ടിയര്‍മാരാണ് പങ്കെടുക്കുന്നത്. എ.പി.ജെ. അബ്ദുള്‍ കലാം കേരളാ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നാഷണല്‍ സര്‍വിസ് സ്‌കീം സെല്ലിലെ വിദ്യാര്‍ഥികള്‍ മരത്തൈ നടീല്‍ പരിപാടകളില്‍ സജീവമായി പങ്കെടുക്കുന്നു. 

ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും വിദ്യാര്‍ഥികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തുന്ന പ്രൊഗ്രാമുകള്‍ നടപ്പിലാക്കാനായി ധനശേഖരണം നടത്താനും ഉദ്ദേശിക്കുന്നുണ്ടെന്നും അഭിജിത് വെളിപ്പെടുത്തി. 

∙ ക്ലൈമതോണ്‍ - 2022 അവാര്‍ഡ്

കഴിഞ്ഞ ആഴ്ച കേരളാ ടെക്‌നോളജി ഇനവേഷന്‍ സോണ്‍ കൊച്ചിയില്‍ വച്ചു നടത്തിയ ഹാക്കത്തോണില്‍ ട്രീ ടാഗിന് 5 ലക്ഷം രൂപ ക്യാഷ് അവാര്‍ഡായി ലഭിച്ചു. കേരളാ സ്റ്റാര്‍ട്ടപ് മിഷനും, ഇവൈ ഗ്ലോബല്‍ ഡെലിവറി സര്‍വിസസും, യുഎന്‍ഡിപി സ്റ്റാര്‍ട്ടപ് ഇന്ത്യയും ഗ്ലോബല്‍ ഷെയ്‌പേഴ്‌സ് കൊച്ചിയും നാസ്‌കോമും, ടിഐഇ (TiE) കേരളയും സംയുക്തമായാണ് ഇത് സംഘടിപ്പിച്ചത്. 

Mohamed Wazeer, COO, Tree Tag; Anoop Babu, CSO, Tree Tag
മുഹമ്മദ് വസീർ ( സിഒഒ), അനൂപ് ബാബു ( സിഎസ്ഒ)

ആശ്രയിക്കാവുന്ന ഇത്തരം പരിഹാരമാര്‍ഗങ്ങള്‍ക്ക് മികച്ച ഭാവിയുണ്ടെന്നാണ് ഈ അംഗീകാരം കാണിച്ചു തരുന്നത്. ടീം ട്രീ ടാഗിന് ഇപ്പോള്‍ തങ്ങളുടെ ആശയം ദേശീയ, രാജ്യാന്തര തലത്തിലേക്ക് അടുത്ത വര്‍ഷം വകസിപ്പിക്കാമെന്ന കാര്യത്തില്‍ കൂടുതല്‍ ആത്മവിശ്വാസമുണ്ടെന്ന് അഭിജിത് പറഞ്ഞു. കമ്പനി മേധാവിയായ അഭിജിത്തിനു പുറമെ ടീം ട്രീ ടാഗല്‍ ചീഫ് ടെക്‌നോളജി ഓഫിസറായി അശുതോഷ് .ബി സായി പ്രവര്‍ത്തിക്കുന്നു. മുഹമ്മദ് വാസീര്‍ ആണ് ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍. കമ്പനിയുടെ ചീഫ് സ്ട്രാറ്റജി ഓഫിസര്‍ അനൂപ് ബാബു ആണ്.

English Summary: Kerala youth’s green startup taps tech for environmental conservation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS