ADVERTISEMENT

ചെറിയ രീതിയില്‍ വൈദ്യുതി പ്രവഹിപ്പിച്ച് സാധാരണയിലും 25 ശതമാനം കൂടുതല്‍ വേഗത്തില്‍ മുറിവ് ഭേദമാക്കുന്ന സ്മാര്‍ട് ബാന്‍ഡേജുമായി ശാസ്ത്രജ്ഞര്‍. സ്മാര്‍ട് ബാന്‍ഡേജിലെ വയര്‍ലസ് സര്‍ക്യൂട്ടും താപനില പരിശോധിക്കുന്ന സെന്‍സറുകളുമൊക്കെയാണ് മുറിവ് വേഗത്തില്‍ ഭേദമാവാന്‍ സഹായിക്കുന്നത്. മുറിവുള്ള ഭാഗത്തെ ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ വേഗം പരിഹരിക്കാനും രക്തയോട്ടം വേഗത്തിലാക്കാനും പാടുകളും മറ്റും ഉണ്ടാവുന്നത് തടയാനുമൊക്കെ സ്മാര്‍ട് ബാന്‍ഡേജുകൊണ്ട് സാധിക്കും. 

 

സ്റ്റാന്‍ഫോഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഹൈ ടെക് ബാന്‍ഡേജിന് പിന്നില്‍. നേച്ചുര്‍ ബയോടക്‌നോളജിയില്‍ ഇതിന്റെ വിശദമായ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഈ ബാന്‍ഡേജ് ധരിക്കുന്ന വ്യക്തിയുടെ മുറിവ് പൂര്‍ണമായും ഉണങ്ങാതിരിക്കുകയും അണുബാധ സംഭവിക്കുകയും ചെയ്താല്‍ സെന്‍സറുകള്‍ കൂടുതല്‍ വൈദ്യുതി കടത്തിവിട്ട് മുറിവുണങ്ങുന്നത് വേഗത്തിലാക്കും. അതാതു സമയത്തെ മുറിവുള്ള ഭാഗത്തെ മാറ്റങ്ങള്‍ തിരിച്ചറിയാന്‍ സ്മാര്‍ട് ബാന്‍ഡേജിലെ ബയോ സെന്‍സറുകള്‍ക്ക് സാധിക്കും. 

 

എലിയില്‍ നടത്തിയ പരീക്ഷണങ്ങള്‍ വിജയിച്ചതോടെയാണ് ഈ സ്മാര്‍ട് ബാന്‍ഡേജ് മനുഷ്യരിലും ഉപയോഗിക്കാന്‍ തീരുമാനിച്ചത്. എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് സാധാരണയിലും 25 ശതമാനം കൂടുതല്‍ വേഗത്തില്‍ മുറിവുണക്കാന്‍ ഈ സ്മാര്‍ട് ബാന്‍ഡേജിന് സാധിക്കുന്നുവെന്ന് കണ്ടെത്തിയത്. പുതിയ ബാന്‍ഡേജ് വ്യാപകമാവുന്നതോടെ ചികിത്സാ രീതികളില്‍ പോലും വലിയ മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുമെന്നാണ് ഗവേഷകരുടെ അവകാശവാദം. സ്മാര്‍ട് ബാന്‍ഡേജില്‍ നിന്നുള്ള വിവരങ്ങള്‍ തല്‍സമയം സ്മാര്‍ട് ഫോണ്‍ വഴി ശേഖരിക്കാനും ഗവേഷകര്‍ക്ക് സാധിച്ചിരുന്നു.

 

എന്തുകൊണ്ടാണ് ചെറിയ രീതിയില്‍ വൈദ്യുതി കടത്തി വിടുന്നത് വേഗത്തില്‍ മുറിവുണങ്ങാന്‍ സഹായിക്കുന്നത് എന്നതിനെക്കുറിച്ചും ഗവേഷകര്‍ വിശദീകരിക്കുന്നുണ്ട്. ശരീരത്തില്‍ നീരുവരുന്നത് കുറക്കുന്ന സെലെനോപ്, പേശികളുടേയും കോശങ്ങളുടേയും വളര്‍ച്ച കൂട്ടുന്ന അപോ തുടങ്ങിയ ജീനുകളുടെ പ്രവര്‍ത്തനത്തെ വൈദ്യുതിയുടെ സാന്നിധ്യം വേഗത്തിലാക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. ഇതിനൊപ്പം ശ്വേതരക്താണുക്കളുടെ എണ്ണം കൂട്ടാനും ചെറിയ രീതിയിലുള്ള കറന്റടിപ്പിക്കല്‍ സഹായിക്കുന്നുണ്ട്. ദീര്‍ഘകാലത്തേക്ക് നോക്കുമ്പോള്‍ വില കുറക്കുക, ദീര്‍ഘകാലത്തേക്ക് വിവര ശേഖരണത്തിനുള്ള സൗകര്യമൊരുക്കുക, മനുഷ്യന് അനുയോജ്യമായ രീതിയിലേക്ക് ബാന്‍ഡേജിന്റെ രൂപം മാറ്റുക തുടങ്ങി പല വെല്ലുവിളികളും ഗവേഷകര്‍ നേരിടുന്നുണ്ട്.

 

English Summary: Smart 'band-aid' uses electrical current to heal wounds 25% FASTER than traditional methods by stimulating tissue to enhance recovery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com