ADVERTISEMENT

2024ല്‍ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാനുള്ള ലക്ഷ്യത്തിലേക്കുള്ള അവസാന വട്ട ഒരുക്കങ്ങളാണ് 2023ല്‍ നടക്കാന്‍ പോവുന്നത്. നാസയുടെ മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ ദൗത്യം മുതല്‍ സ്വകാര്യ ബഹിരാകാശ കമ്പനികളുടെ ചാന്ദ്രദൗത്യം വരെ ആവേശത്തിന്റെ അവസാന ലാപ്പിലാണുള്ളത്. ആര്‍ട്ടിമിസ് ദൗത്യത്തിനായുള്ള എസ്എല്‍എസ് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചതാണ് നാസയുടെ 2022ലെ നേട്ടങ്ങളില്‍ പ്രധാനപ്പെട്ടത്. മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കുന്ന ആര്‍ട്ടിമിസ് മൂന്ന് ദൗത്യത്തിനായുള്ള എൻജിന്റേയും ബൂസ്റ്ററുകളുടേയും പരീക്ഷണം പുരോഗമിക്കുകയാണ്. ആര്‍ട്ടിമിസ് ദൗത്യം വഴി വീണ്ടും ചന്ദ്രനിലിറങ്ങുക എന്നതിനേക്കാള്‍ ചൊവ്വയിലേക്കുള്ള യാത്രക്കുള്ള ഇടത്താവളമാക്കി ചന്ദ്രനെ മാറ്റുകയെന്ന ലക്ഷ്യവും നാസക്കുണ്ട്.

 

ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തില്‍ ബഹിരാകാശ പേടകം ഇറക്കാന്‍ സാധിക്കുന്ന 13 സ്ഥലങ്ങളെക്കുറിച്ച് നാസ വിശദമായി പഠിച്ചു കഴിഞ്ഞു. സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്‌സിം സ്‌പേസാണ് ചന്ദ്രനില്‍ ആര്‍ട്ടിമിസ് ദൗത്യത്തിലെ അംഗങ്ങള്‍ക്കുവേണ്ടി സ്‌പേസ് സ്യൂട്ട് അടക്കം ചന്ദ്രനില്‍ നടക്കാന്‍ വേണ്ട ഉപകരണങ്ങളെല്ലാം നിര്‍മിച്ചു നല്‍കുന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ സഞ്ചാരികള്‍ക്കുവേണ്ട പുതിയ സ്‌പേസ് സ്യൂട്ടുകള്‍ കോളിന്‍സ് എയറോസ്‌പേസും നിര്‍മിക്കും. ചന്ദ്രനില്‍ ദീര്‍ഘകാല മനുഷ്യ പര്യവേഷണ പദ്ധതികള്‍ക്കുവേണ്ട ബഹിരാകാശ പേടകം നിര്‍മിക്കാനുള്ള കരാര്‍ സ്‌പേസ് എക്‌സിനാണ് നാസ നല്‍കിയിരിക്കുന്നത്.

 

ചന്ദ്രനില്‍ ഓടിക്കാന്‍ സാധിക്കുന്ന ചാന്ദ്ര പേടകം നിര്‍മിക്കാനുള്ള അപേക്ഷകളും കമ്പനികളില്‍ നിന്നും നാസ സ്വീകരിച്ചിരുന്നു. ഭൂമിയില്‍ നിര്‍മിച്ച കൃത്രിമ പ്രദേശത്ത് ചന്ദ്രനിലേതിന് സമാനമായ വെല്ലുവിളികള്‍ വിജയകരമായി മറികടക്കാന്‍ കഴിയുന്ന വാഹനത്തെയാവും നാസ ദൗത്യത്തിനായി തിരഞ്ഞെടുക്കുക. സ്വകാര്യ കമ്പനികളെ ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളില്‍ സജീവമായി പങ്കെടുപ്പിച്ചുകൊണ്ട് പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് നാസ സ്വീകരിച്ചിരിക്കുന്നത്.

 

സ്വകാര്യ ബഹിരാകാശ കമ്പനികളുടെ ദൗത്യങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള നടപടികളും വേഗത്തില്‍ പുരോഗമിക്കുന്നുണ്ട്. സ്‌പേസ് എക്‌സിന്റെ ആദ്യ ചാന്ദ്ര ദൗത്യത്തിനായുള്ള എട്ടു ടിക്കറ്റുകളും വാങ്ങിയതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഡിസംബറിലാണ് ജാപ്പനീസ് കോടീശ്വരനായ യുസാകു മാസേവ അറിയിച്ചത്. ആരെയെല്ലാമാണ് യാത്രക്കായി തിരഞ്ഞെടുത്തിരിക്കുന്നതെന്നും മാസേവ പുറത്തുവിട്ടിരുന്നു. 

ഡി.ജെ സ്റ്റീവ് ഓകി, സംഗീതജ്ഞന്‍ ചോയ് സിയൂങ് ഹ്യുന്‍, നര്‍ത്തകനായ യെമി എ.ഡി, ഫൊട്ടോഗ്രാഫര്‍ റിയാനന്‍ ആദം, യൂട്യൂബര്‍ ടിം ഡോഡ്, ഫൊട്ടോഗ്രാഫര്‍ കരിം ഇലിയ, സിനിമാ നിര്‍മാതാവ് ബ്രണ്ടന്‍ ഹാള്‍, നടന്‍ ദേവ് ഡി ജോഷി എന്നിവരാണ് സംഘത്തിലുള്ളത്. ഇവര്‍ക്ക് എന്തെങ്കിലും സാഹചര്യത്തില്‍ പോകാനായില്ലെങ്കില്‍ പകരക്കാരായി രണ്ടു പേരെയും പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌നോബോര്‍ഡര്‍ കാത്‌ലിന്‍ ഫറിങ്ടണ്‍, നര്‍ത്തകിയായ മിയു എന്നിവരാണ് പകരക്കാര്‍. 

 

ജപ്പാനിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വസ്ത്ര വില്‍പനശാലയായ സോസോടൗണിന്റെ ഉടമയാണ് മേസാവ. ജാപ്പനീസ് കോടീശ്വരനു വേണ്ടി ചന്ദ്രനിലേക്ക് സ്‌പേസ് എക്‌സ് യാത്ര നടത്തുമെന്ന് 2018ലാണ് ഇലോണ്‍ മസ്‌ക് പ്രഖ്യാപിക്കുന്നത്. ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റിലായിരിക്കും ചന്ദ്രനിലേക്കുള്ള സ്‌പേസ് എക്‌സ് യാത്ര നടക്കുക. 2023ല്‍ തന്നെ മേസാവയുടെ സംഘത്തിന്റെ ചാന്ദ്ര യാത്ര യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ സ്‌പേസ് എക്‌സില്‍ പുരോഗമിച്ചിരുന്നു.

 

English Summary: Space: From NASA mission to private trips, humankind gets closer to Moon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com