ADVERTISEMENT

വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെക്കുറിച്ച് പഠിക്കാനായി ചരിത്രപരമായ ബഹിരാകാശ ദൗത്യത്തിനൊരുങ്ങി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി. ജ്യൂസ് (JUpiter ICy moons Explorer) എന്നു പേരിട്ടിരിക്കുന്ന പേടകത്തിന്റെ അവസാന വട്ട പരീക്ഷണങ്ങള്‍ ഫ്രാന്‍സിലെ ടൗലോസില്‍ പുരോഗമിക്കുകയാണ്. ഇതിനു ശേഷം ദക്ഷിണ അമേരിക്കയിലെ വിക്ഷേപണ കേന്ദ്രത്തിലെത്തിക്കുന്ന ജ്യൂസ് ഏപ്രിലില്‍ ഭൂമിയില്‍ നിന്നും പുറപ്പെടും. എട്ടര വര്‍ഷം കൊണ്ട് 660 കോടി കിലോമീറ്റര്‍ ദൂരം പിന്നിടുന്ന ജ്യൂസ് 2031 ജൂലൈയില്‍ വ്യാഴത്തിന്റെ പരിസരത്തെത്തും. 

 

കാലിസ്റ്റോ, ഗാനിമീഡ്, യൂറോപ തുടങ്ങിയ വ്യാഴത്തിന്റെ ഉപഗ്രഹങ്ങള്‍ക്ക് ചുറ്റും 35 നിരീക്ഷണ പറക്കലുകള്‍ നടത്തിയ ശേഷം 2034 അവസാനത്തോടെ സ്ഥിരമായി ഗാനിമീഡിന് സമീപത്ത് നിലയുറപ്പിക്കും. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളില്‍ എത്രത്തോളം ജീവന് അനുയോജ്യമായ സാഹചര്യമുണ്ടെന്ന കാര്യങ്ങളായിരിക്കും ജ്യൂസ് പേടകം പരിശോധിക്കുക. സൂര്യനില്‍ നിന്നും ഏറെ അകലെയുള്ള തണുത്തുറഞ്ഞു കിടക്കുന്ന വ്യാഴത്തിന്റെ ഉപഗ്രഹങ്ങളില്‍ പോലും ജീവനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്ന് കരുതുന്നവരുണ്ട്. വ്യാഴത്തിന്റെ ഒരു ഉപഗ്രഹമായ യൂറോപയില്‍ കനത്ത മഞ്ഞുപാളിക്ക് താഴെ നൂറ് കിലോമീറ്ററോളം ആഴമുള്ള സമുദ്രമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഭൂമിയിലെ സമുദ്രത്തിന്റെ പത്തിരട്ടി ആഴമുള്ളതാണിത്. 

 

ജ്യൂസ് പേടകത്തിന്റെ പ്രധാനപ്പെട്ട പത്തു ഭാഗങ്ങളാണ് വിക്ഷേപണത്തിന്റെ മുന്നോടിയായി പ്രധാനമായും പരീക്ഷിക്കുന്നത്. ഇന്‍ഫ്രാറെഡ്, അള്‍ട്രാവയലറ്റ് തരംഗങ്ങള്‍ കൂടി ഉപയോഗിക്കാന്‍ സാധിക്കുന്ന ഹൈ റെസല്യൂഷന്‍ ക്യാമറകള്‍, ദൂരദര്‍ശിനികള്‍, റഡാര്‍, ലിഡാര്‍, സെന്‍സറുകള്‍ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലെ ജീവന്റെ സാധ്യതകളെക്കുറിച്ചുള്ള പ്രാഥമിക പരീക്ഷണങ്ങളാണ് ജ്യൂസ് നടത്തുക. ഏറെക്കാലമായി വ്യാഴത്തിന്റെ ഉപഗ്രഹങ്ങളില്‍ ഇറങ്ങിയ ശേഷം ഉപരിതലം തുളച്ചുവിവര ശേഖരണം നടത്താന്‍ ശാസ്ത്രജ്ഞര്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം പരീക്ഷണങ്ങള്‍ ഈ നൂറ്റാണ്ടിന്റെ രണ്ടാം പാതിയില്‍ നടക്കുന്ന ദൗത്യങ്ങളിലായിരിക്കും സാധ്യമാവുക. 

 

വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെക്കുറിച്ച് പഠിക്കാന്‍ ജ്യൂസ് ഒറ്റക്കല്ല പോവുന്നത്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ കിപ്ലര്‍ ദൗത്യവും വ്യാഴത്തെ ലക്ഷ്യമാക്കുന്നുണ്ട്. ജ്യൂസ് ദൗത്യത്തിന് ശേഷമായിരിക്കും കിപ്ലര്‍ ഭൂമിയില്‍ നിന്നും പുറപ്പെടുക. എന്നാല്‍ ജ്യൂസ് എത്തുന്നതിന് മുൻപ് വ്യാഴത്തിന്റെ പരിസരത്തെത്തുന്ന കിപ്ലര്‍ പ്രധാനമായും യൂറോപയെക്കുറിച്ചായിരിക്കും പഠിക്കുക. ഇരു മനുഷ്യ ദൗത്യങ്ങളും ചേര്‍ന്ന് വിലപ്പെട്ട വിവരങ്ങള്‍ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെക്കുറിച്ച് നല്‍കുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.

 

English Summary: Europe's mission to Jupiter's icy moons ready for launch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com