ADVERTISEMENT

മരണത്തിന് തൊട്ടടുത്തു വരെയെത്തി ജീവിതത്തിലേക്ക് തിരിച്ചുവന്ന നിരവധി പേരുണ്ട്. ഇവരില്‍ ഭൂരിഭാഗവും മരണത്തിന് മുൻപുള്ള അനുഭവത്തെ ശാന്തമായ ഒന്നായാണ് വിശേഷിപ്പിക്കുന്നത്. ഇത് നമ്മുടെ മസ്തിഷ്‌കത്തിന്റെ ഒരു സൂത്രപ്പണിയാണോ? അതോ കൂടുതല്‍ സങ്കീര്‍ണമായ പലതും ഈ ശാന്തതക്ക് പിന്നിലുണ്ടോ? ഉത്തരം തേടാന്‍ ശ്രമിക്കുകയാണ് ചില ശാസ്ത്രജ്ഞര്‍. 

 

മരണമെന്നത് ഭൂരിഭാഗം സമയത്തും അപ്രതീക്ഷിതമായതിനാല്‍ തത്സമയം വിവരങ്ങള്‍ ശേഖരിക്കാന്‍ പലപ്പോഴും കഴിയണമെന്നില്ല. ഇതാണ് മരണത്തിന്റെ ഇപ്പോഴും തുടരുന്ന ദുരൂഹതയുടെ ഒരു കാരണമായി വിര്‍ജിനിയ സര്‍വകലാശാലയിലെ മനഃശാസ്ത്ര പ്രഫസറും ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് നിയര്‍ ഡെത്ത് സ്റ്റഡീസ് സഹസ്ഥാപകനുമായ ഡോ. ബ്രൂസ് ഗ്രേസണ്‍ ചൂണ്ടിക്കാണിക്കുന്നത്. അനുഭവ വിവരണങ്ങളും കഥകളും ജീവികളില്‍ നടത്തുന്ന പരീക്ഷണ ഫലങ്ങളുമെല്ലാം മരണത്തെ വിശദീകരിക്കാന്‍ നമുക്ക് ആശ്രയിക്കേണ്ടി വരുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറയുന്നു. 

 

മരണത്തെ വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ മാനസികവും ശാരീരികവും എന്നിങ്ങനെ ഒരേ നാണയത്തിന്റെ രണ്ട് ഭാഗങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞര്‍ ഓര്‍മിപ്പിക്കുന്നു. തലക്കേല്‍ക്കുന്ന ക്ഷതം, ഹൃദയാഘാതം, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ പലപ്പോഴും അങ്ങേയറ്റത്തെ വേദനക്ക് കാരണമാവുന്ന അനുഭവങ്ങള്‍ക്ക് ശേഷമാണ് മരണം സംഭവിക്കാറ്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ മസ്തിഷ്‌കത്തില്‍ വേദന അറിയിക്കുന്ന ഭാഗങ്ങളുടെ പ്രവര്‍ത്തനം നിലക്കുകയോ ചുരുങ്ങിയ പക്ഷം ആ അനുഭവങ്ങളുടെ ഓര്‍മകളെയെങ്കിലും ഇല്ലാതാക്കുകയോ ചെയ്യുന്നുണ്ട്. 

 

മാരകമായ റോഡ് അപകടങ്ങളില്‍ പെട്ടവര്‍ പലരും ആശുപത്രികളിലെത്തും വരെ വേദന അറിഞ്ഞില്ലെന്നു പറഞ്ഞിട്ടുണ്ട്. ഏറ്റവും പ്രിയപ്പെട്ടവരുടെ മുഖങ്ങള്‍ മിന്നി മറയുക, വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന പോലെയോ പറന്നു നടക്കുന്നതു പോലെയോ അനുഭവപ്പെടുക, വെളിച്ചത്തിന്റെ വലിയ കുഴലിലേക്ക് ആഴത്തിലേക്ക് വീണുപോവുക, ആത്മീയ ഗുരുക്കളേയോ അന്യഗ്രഹ ജീവികളേയോ കണ്ട പോലെ തോന്നുക എന്നിങ്ങനെ പലരും മരണത്തോട് അടുപ്പിച്ചതെന്ന രീതിയില്‍ പല അനുഭവങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ മിക്കതിനും ശാസ്ത്രീയ വിശദീകരണം നല്‍കാന്‍ ഇതുവരെ ശാസ്ത്രത്തിന് സാധിച്ചിട്ടില്ല. 

 

എങ്കിലും വര്‍ഷങ്ങള്‍ക്കു മുൻപ് ഒരു വിശേഷപ്പെട്ട വിവരം ശാസ്ത്രലോകത്തിന് അപ്രതീക്ഷിതമായി ലഭിച്ചു. മരിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ മസ്തിഷ്‌കത്തിന്റെ സ്‌കാന്‍ റിപ്പോര്‍ട്ടായിരുന്നു അത്. 87കാരന്‍ ഇഇജി എടുക്കുന്നതിനിടെ ഹൃദയാഘാതം വന്ന് മരിച്ചത് 2016ലായിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് വിശദമായ പഠനത്തിന് ശേഷം ഫ്രോണ്ടിയേഴ്‌സ് ഓഫ് ഏജിങ് ന്യൂറോസയന്‍സില്‍ പ്രസിദ്ധീകരിച്ചു വരികയും ചെയ്തു.

 

ഹൃദയാഘാതം സംഭവിച്ച സമയത്ത് ഉയര്‍ന്ന ആവൃത്തിയിലുള്ള മസ്തിഷ്‌ക തരംഗങ്ങളായ ഗാമ ഓസിലേഷന്‍സ് സംഭവിച്ചു. ഓര്‍മ നിര്‍മിക്കാനും നശിപ്പിക്കാനും ശേഷിയുള്ള തരംഗങ്ങളാണിത്. ഒരൊറ്റയാളുടെ മരണ സമയത്ത് ലഭിച്ച വിശദാംശങ്ങള്‍ മാത്രം വെച്ച് എങ്ങനെയാണ് മരണമെത്തുന്നതെന്ന് പറയാനാവില്ലെന്ന് പഠനത്തിന് നേത്വം നല്‍കിയ ഡോ. അജ്മല്‍ സെമ്മര്‍ പറയുന്നുണ്ട്. ആരോഗ്യമുള്ളയാള്‍ സ്വപ്‌നത്തിലേക്ക് പോകുമ്പോഴും ഓര്‍മിക്കാന്‍ ശ്രമിക്കുമ്പോഴും ധ്യാന നിരതരാകുമ്പോഴൊക്കെ എന്താണോ മസ്തിഷ്‌കത്തിന് സംഭവിക്കുന്നത് അതു തന്നെയാണ് ഇവിടെയും സംഭവിച്ചതെന്നു കൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

 

ഈ വിവരങ്ങള്‍ മരണത്തിന് തൊട്ടടുത്തെത്തി ജീവിതത്തിലേക്ക് മടങ്ങി വന്ന പലരുടേയും വിശദീകരണങ്ങളോട് യോജിക്കുന്നതാണ്. വളരെ ശാന്തമായ അനുഭവമാണ് മരണമെന്ന് ഉറപ്പിക്കാനായാല്‍ മരണത്തെചൊല്ലിയുള്ള അനാവശ്യ ഭയങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ കരുതുന്നു. പ്രത്യേകിച്ച് ഗുരുതര രോഗങ്ങളാലും മറ്റും മരണം അടുത്തെത്തിയെന്ന് കരുതിയിരിക്കുന്നവരുടെ മാനസിക പ്രയാസങ്ങള്‍ കുറയ്ക്കാന്‍ മരണത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണ സഹായിക്കും.

 

English Summary: We're Getting Closer to Understanding Why Our Moment of Death Is So Peaceful

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com