40 കാരൻ 18 കാരനായെന്ന്, ബ്രയാന്‍ ചെലവാക്കിയത് 168 കോടി രൂപ

bryan-johnson-
Photo: yotube/Bryan Johnson
SHARE

പ്രായം കൂടുംതോറും കൂടുതല്‍ ചെറുപ്പമാവുകയെന്ന ഒരുപാട് പേര്‍ കാണുന്ന സ്വപ്‌നം സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയാണ് 45കാരനായ ബ്രയാന്‍ ജോണ്‍സണ്‍. ഇദ്ദേഹത്തിന്റെ ഹൃദയം 37കാരന്റേതിന് തുല്യവും ശ്വാസകോശവും ആരോഗ്യവും 18കാരന്റേതിന് തുല്യവുമാണ്. ഭക്ഷണ നിയന്ത്രണവും വ്യായാമവും മാത്രമല്ല ചില ശസ്ത്രക്രിയകള്‍ വരെ ബ്രയാന്‍ ഈ ലക്ഷ്യത്തിനായി സ്വന്തം ശരീരത്തില്‍ നടത്തി. ബ്രയാന്‍ ജോണ്‍സന്റെ പ്രായം പിന്നിലേക്കു നടക്കുന്നതിന് പിന്നില്‍ ഒരുപാടു പേരുടെ പ്രയത്‌നം കൂടിയുണ്ട്.

ഒരു ദശാബ്ദം മുൻപ് വരെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്നു ബ്രയാന്‍. അദ്ദേഹം നിര്‍മിച്ച പേമെന്റ് പ്രോസസിങ് കമ്പനി വന്‍ വിജയമാവുകയും ചെയ്തു. എന്നാല്‍ മണിക്കൂറുകള്‍ വിശ്രമമില്ലാതെ പണിയെടുക്കുകയും ഭക്ഷണവും ഉറക്കവും താളം തെറ്റുകയും ചെയ്തതോടെ ബ്രയാന്‍ പൊണ്ണത്തടിയനാവുകയും മാനസിക സമ്മര്‍ദത്തിന് അടിപ്പെടുകയും ചെയ്തു. ഒടുവില്‍ ആരോഗ്യമാണ് എല്ലാമെന്ന് തിരിച്ചറിഞ്ഞ ബ്രയാന്‍ 2013ല്‍ 80 കോടി ഡോളറിന് ഇ ബേക്ക് കമ്പനി വിറ്റു. പിന്നീട് ഇന്നുവരെ ആരോഗ്യത്തെക്കുറിച്ചു മാത്രമാണ് ബ്രയാന്റെ പ്രധാന ശ്രദ്ധ. 

∙ ചെറുപ്പമാക്കാന്‍ ഡോക്ടര്‍മാരുടെ സംഘം

തന്റെ ആരോഗ്യം നോക്കുന്നതിന്റെ ഭാഗമായി കെര്‍നല്‍ എന്ന പേരില്‍ ബ്രയാന്‍ ഒരു കമ്പനി പോലും സ്ഥാപിച്ചിട്ടുണ്ട്. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സാധിക്കുന്ന ഒരു ഹെല്‍മെറ്റ് ഇവര്‍ നിര്‍മിച്ചു. സ്വന്തം ആരോഗ്യം നിലനിര്‍ത്താനും മെച്ചപ്പെടുത്താനുമായി വിദഗ്ധരുടെ സേവനം സ്വീകരിക്കാന്‍ തീരുമാനിച്ച ബ്രയാന്‍ ഇതിനായി കിങ്‌സ് കോളജ് ലണ്ടനില്‍ നിന്നുള്ള ഡോക്ടറായ ഒളിവര്‍ സോള്‍മാനെയാണ് പ്രധാന പങ്കാളിയാക്കിയത്. 

ഏതാണ്ട് 30 ഡോക്ടര്‍മാരുടെ സംഘമാണ് ഇന്ന് ഒളിവര്‍ സോള്‍മാന്റെ കീഴില്‍ ബ്രയാന്‍ ജോണ്‍സന്റെ ആരോഗ്യ പരിരക്ഷക്കായി സഹായിക്കുന്നത്. ഈ ലക്ഷ്യത്തിനായി ബ്രയാന്റെ ശരീരത്തില്‍ ഇവര്‍ പല പരീക്ഷണങ്ങളും നടത്താറുണ്ട്. ഭക്ഷണക്രമത്തിലും വ്യായാമത്തിലുമെല്ലാം നിയന്ത്രണങ്ങളും മാറ്റങ്ങളും വരുത്തുന്നത് ഈ ഡോക്ടര്‍മാരുടെ സംഘത്തിന്റെ നിര്‍ദേശത്തിലാണ്. 

∙ യൗവ്വനത്തിനായുള്ള കഷ്ടപ്പാടുകള്‍

പുലര്‍ച്ചെ അഞ്ചുമണിയോടെ ബ്രയാന്റെ ഒരു ദിവസം ആരംഭിക്കുന്നു. ലൈകോപീന്‍, സിങ്ക്, മെറ്റ്‌ഫോര്‍മിന്‍, മസ്തിഷ്‌കത്തിനു വേണ്ടിയുള്ള ലിത്തിയം എന്നിങ്ങനെയുള്ള മരുന്നുകള്‍ ആദ്യം കഴിക്കും. ഓരോ ദിവസവും കൃത്യം 1,977 കലോറി സസ്യ ഭക്ഷണമാണ് ബ്രയാന്‍ കഴിക്കുക. ദിവസത്തില്‍ ഒരു മണിക്കൂര്‍ വ്യായാമത്തിന്റെ സമയമാണ്. ആഴ്ചയില്‍ മൂന്നു ദിവസം കൂടുതല്‍ കടുപ്പമേറിയ വ്യായാമങ്ങള്‍ ചെയ്യും. ഉറക്കം ഒരിക്കലും വൈകാതിരിക്കാന്‍ ശ്രദ്ധിക്കും. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുൻപ് നീല വെളിച്ചം പകരുന്ന പ്രത്യേകതരം കണ്ണട വെക്കും. 

ഓരോ ദിവസവും ശരീര ഭാരവും ബോഡി മാസ് ഇന്‍ഡക്‌സും ശരീരത്തിലെ കൊഴുപ്പുമെല്ലാം നോക്കാറുണ്ട്. ഇതിന്റെ കൂട്ടത്തില്‍ രക്തത്തിലെ പഞ്ചസാരയുടേയും ഓക്‌സിജന്റേയും അളവും ഹൃദയമിടിപ്പും പരിശോധിക്കും. ഓരോ മാസവും രക്തവും മൂത്രവും പരിശോധിക്കാറുണ്ട്. എംആര്‍ഐ സ്‌കാന്‍, അള്‍ട്രാ സൗണ്ട്, കൊളോണോസ്‌കോപി തുടങ്ങിയ പരിശോധനകളും മാസത്തില്‍ നടത്തുന്നുണ്ട്. 

ഡോക്ടര്‍മാരുടെ സംഘത്തിന്റെ കര്‍ശന നിരീക്ഷണത്തില്‍ കഴിയുന്ന ബ്രയാന് 37 കാരന്റെ ഹൃദയവും 28കാരന്റെ ചര്‍മവുമാണുള്ളത്. ശ്വാസകോശവും പൊതു ആരോഗ്യവും 18കാരന്റേതിന് തുല്യവുമാണ്. ഒരുവര്‍ഷം 20 ലക്ഷം ഡോളറാണ് (ഏകദേശം 163 കോടി രൂപ) ആരോഗ്യം സംരക്ഷിക്കാനായി ബ്രയാന്‍ ജോണ്‍സണ്‍ ചെലവിടുന്നത്. ശരീരത്തിലെ എല്ലാ അവയവങ്ങളുടേയും ആരോഗ്യ നില പതിനെട്ടുകാരന്റേതാക്കി മാറ്റുകയാണ് ബ്രയാന്റെ ഇപ്പോഴത്തെ ജീവിതലക്ഷ്യം. 

∙ കളി കാര്യമായപ്പോള്‍

കര്‍ശനമായ നിയന്ത്രണങ്ങളിലൂടെ കടന്നുപോവുന്നതിനാല്‍ ചിലപ്പോഴൊക്കെ മരണത്തിന് അടുത്തു വരെ ബ്രയാന്‍ എത്തുകയും ചെയ്തിട്ടുണ്ട്. ഒരിക്കല്‍ ബ്രയാന്റെ ശരീരത്തിലെ കൊഴുപ്പ് മൂന്നു ശതമാനത്തില്‍ കുറവായി മാറി. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് തന്നെ വെല്ലുവിളിയാണ്. തുടര്‍ച്ചയായുള്ള പരിശോധനകളും ഡോക്ടര്‍മാരുടെ മേല്‍നോട്ടവുമുള്ളതിനാലാണ് കൂടുതല്‍ അപകടമില്ലാതെ രക്ഷപ്പെട്ടത്. 

bryan-johnson
Photo: wikimedia

ഇതിനെല്ലാം പുറമേ മുഖത്ത് പ്രത്യേകം കൊഴുപ്പിന്റെ കുത്തിവെപ്പുകള്‍ നടത്താറുണ്ട് ബ്രയാന്‍. മുഖം കൂടുതല്‍ ചെറുപ്പമാവാന്‍ വേണ്ടിയാണിത്. ഭാവിയില്‍ ജീന്‍ തെറാപ്പിയുടെ സാധ്യതകള്‍ കൂടി സ്വന്തം ശരീരത്തില്‍ പരീക്ഷിക്കാനാണ് ബ്രയാന്റെ തീരുമാനം. അതേസമയം സ്വന്തം പണം കൊണ്ട് ഒരു പരീക്ഷണശാല നിര്‍മിച്ച് സ്വയം ഗിനിപ്പന്നിയെ പോലെ കഴിഞ്ഞാണ് ഈ മധ്യവയസ്‌കന്‍ യുവാവായി മാറുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.

English Summary: 45 years old Bryan Johnson spends $2 million a year to be 18 again

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS