ADVERTISEMENT

പത്തു വര്‍ഷത്തിനകം അര്‍ബുദ ശസ്ത്രക്രിയക്കായി പാമ്പിനെ പോലെ ചലിക്കാന്‍ ശേഷിയുള്ള റോബോട്ടുകളെ ഉപയോഗിക്കാനാവുമെന്ന് റിപ്പോര്‍ട്ട്. ജെറ്റ് എൻജിനീയറിങ്ങിലും ആണവ പ്ലാന്റുകളിലും ഉപയോഗിക്കുന്ന കോബ്ര എന്നു പേരിട്ടിരിക്കുന്ന റോബോട്ടിനെയാണ് വൈദ്യശാസ്ത്ര രംഗത്തും ഉപയോഗിക്കുക. ബ്രിട്ടനിലെ നോട്ടിങ്ഹാം സര്‍വകലാശാലയിലെ ഗവേഷകരാണ് രൂപത്തിലും ഉപയോഗത്തിലും ഈ വ്യത്യസ്തമായ റോബോട്ടിനെ നിര്‍മിച്ചത്. 

 

മനുഷ്യരിലെ ശസ്ത്രക്രിയകളില്‍ ഈ കോബ്ര റോബോട്ടിനെ ഉപയോഗിക്കാനാവുമോ എന്ന കാര്യത്തിലുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്ന് പ്രഫ. ഡ്രാഗോസ് ആക്‌സിന്റെ പറഞ്ഞു. തൊണ്ടയിലെ അര്‍ബുദത്തിന്റേയും പരുക്കിന്റേയും ശസ്ത്രക്രിയകളിലാണ് ഈ റോബോട്ടിനെ ഉപയോഗിക്കാനാവുക. റോള്‍സ് റോയ്‌സുമായി സഹകരിച്ചു നടത്തുന്ന ഗവേഷണത്തിന് ബ്രിട്ടനിലെ എൻജിനീയറിങ് ആൻഡ് ഫിസിക്കല്‍ സയന്‍സസ് റിസര്‍ച്ച് കൗണ്‍സിലിന്റെ ധനസഹായവും ലഭിച്ചിട്ടുണ്ട്. നിലവില്‍ എന്‍ഡോസ്‌കോപി ഉപകരണങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന പരിശോധനകളില്‍ കൂടുതല്‍ വ്യക്തതയും കൃത്യതയും നല്‍കാന്‍ കോബ്ര റോബോട്ടിന് സാധിച്ചേക്കും.

 

'പാമ്പിനെ പോലെ ചെറിയ സ്ഥലങ്ങളിലേക്ക് നുഴഞ്ഞു കയറാനും വളയാനും തിരിയാനുമൊക്കെ ഈ കോബ്ര റോബോട്ടിന് സാധിക്കും. ചെറിയൊരു ജോയ്‌സ്റ്റിക് ഉപയോഗിച്ച് ഇതിനെ നിയന്ത്രിക്കാനുമാവും. ലെസ്റ്ററിലെ ചില ആശുപത്രികളിലെ വൈദ്യശാസ്ത്ര വിദഗ്ധരുമായി ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു' എന്ന് ഗവേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന പ്രഫ. ആക്‌സിന്റെ പറഞ്ഞു. അഞ്ച് മീറ്റര്‍ (16 അടി) നീളമുള്ള റോബോട്ടിന് ഒരു പെന്‍സിലിന്റെ (9 മില്ലിമീറ്റര്‍) വ്യാസം മാത്രമാണുള്ളത്.

 

ലെസ്റ്റര്‍ എന്‍എച്ച്എസ് ട്രസ്റ്റ് യൂനിവേഴ്‌സിറ്റി ആശുപത്രിയിലെ ഇഎന്‍ടി വിഭാഗം ഡോക്ടറും റോബോട്ടിക് സര്‍ജനുമായ ഡോ. ഒലേയോ ഒലാലേയെയാണ് ഈ പാമ്പു റോബോട്ടിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കുന്ന വൈദ്യശാസ്ത്ര വിദഗ്ധരിലൊരാള്‍. മനുഷ്യ ഡമ്മിയുടെ വായിലൂടെ തൊണ്ടക്കുള്ളിലേക്ക് കോബ്ര റോബോട്ടിനെ കടത്തി പരീക്ഷിച്ചിരുന്നു. ഈ റോബോ ക്യാമറയില്‍ ഘടിപ്പിച്ച എച്ച്ഡി ക്യാമറയുടെ സഹായത്തില്‍ നല്ല വ്യക്തതയുള്ള പരീക്ഷണത്തിനിടെ ലഭിച്ചത്. 

 

'തൊണ്ടയിലേയും ശബ്ദ പേടകത്തിലേയും അര്‍ബുദ ചികിത്സയില്‍ ഇത് ഏറെ ഗുണം ചെയ്യും. കൂടുതല്‍ വ്യക്തതയുള്ള ദൃശ്യങ്ങള്‍ ലഭിക്കുക വഴി അര്‍ബുദ മുഴകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കും. ഈ സാങ്കേതികവിദ്യ ഉപയോഗിച്ചാല്‍ രോഗികള്‍ക്ക് കുറഞ്ഞ വേദന മാത്രമേ അനുഭവിക്കേണ്ടി വരൂ. ആശുപത്രിയില്‍ നിന്നും വേഗം മടങ്ങാനും സാധിക്കും. ഇതെല്ലാം രോഗിക്ക് ആശ്വാസം നല്‍കുന്നതാണ്' എന്നും ഡോക്ടര്‍ ഒലാലെയേയുടെ വാക്കുകളിലുണ്ട്.

 

English Summary: Robot snake could be used in cancer surgery in 10 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com