ഭൂമിയിൽ നിന്ന് 45 ദിവസം കൊണ്ട് ചൊവ്വയിലെത്താം, പുതിയ ടെക്നോളജിക്ക് നാസയുടെ അംഗീകാരം

nasa-rocket
Photo: NASA
SHARE

ആണവോര്‍ജം ഇന്ധനമാക്കി വെറും 45 ദിവസം കൊണ്ട് ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക് എത്തിക്കുന്ന സാങ്കേതികവിദ്യക്ക് സാമ്പത്തിക സഹായം നല്‍കി നാസ. ന്യൂക്ലിയര്‍ തെര്‍മല്‍ ആൻഡ് ന്യൂക്ലിയര്‍ ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ (NTP/NEP) എന്ന പേരില്‍ നാസക്ക് മുൻപാകെ അവതരിപ്പിക്കപ്പെട്ട ആശയം പ്രാവര്‍ത്തികമാക്കാന്‍ ആദ്യഘട്ട പരീക്ഷണങ്ങള്‍ക്കാണ് സഹായം അനുവദിച്ചിരിക്കുന്നത്. ഫ്‌ളോറിഡ സര്‍വകലാശാലയിലെ പ്രഫ. റയാന്‍ ഗോസെ അവതരിപ്പിച്ച ഈ ആശയം പ്രാവര്‍ത്തികമാക്കാനായാല്‍ ബഹിരാകാശ യാത്രകളില്‍ വലിയ മാറ്റത്തിനായിരിക്കും തുടക്കം കുറിക്കുക. 

ആകെ 14 ആശയങ്ങള്‍ക്കാണ് നാസ ഇന്നൊവേറ്റീവ് അഡ്വാന്‍സ്ഡ് കണ്‍സെപ്റ്റില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. ഇവയുടെ ആദ്യഘട്ട പരീക്ഷണങ്ങള്‍ക്കായി 12,500 ഡോളറാണ് (ഏകദേശം 10.11 ലക്ഷം രൂപ) അനുവദിച്ചിരിക്കുന്നത്. ഇക്കൂട്ടത്തിലുള്ളതാണ് ആണവോര്‍ജം ഇന്ധനമാക്കി ചൊവ്വയിലേക്ക് പോകാനുള്ള ആശയവും. നേരത്തേയും ആണവോര്‍ജം ഇന്ധനമാക്കിയുള്ള ബഹിരാകാശ യാത്രകളില്‍ നാസ ഗവേഷണം നടത്തിയിട്ടുണ്ട്. ന്യൂക്ലിയര്‍ എൻജിന്‍ ഫോര്‍ റോക്കറ്റ് വെഹിക്കിള്‍ അപ്ലിക്കേഷന്‍ (NERVA) എന്ന ആശയത്തിന്റെ ആദ്യഘട്ടം വിജയകരമായി പരീക്ഷിച്ചെങ്കിലും പിന്നീട് 1973ല്‍ സാമ്പത്തിക സഹായം നിര്‍ത്തലാക്കുകയായിരുന്നു. 

അടുത്തിടെ 2000 ത്തിനോട് അടുപ്പിച്ചും ആണവ സാങ്കേതികവിദ്യ ബഹിരാകാശ യാത്രകളില്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് നാസ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. പ്രോമിത്യൂസ് എന്ന് പേരിട്ട പദ്ധതിയിലായിരുന്നു അത്. മുന്‍ നാസ ബഹിരാകാശ സഞ്ചാരി ഫ്രാങ്ക്‌ളിന്‍ ആര്‍. ചാങ് ഡയസിന്റെ ആഡ് അസ്ത്ര എന്ന സ്വകാര്യ കമ്പനി 2021ല്‍ VX 200SS പ്ലാസ്മ റോക്കറ്റ് 88 മണിക്കൂര്‍ പരീക്ഷണവും നടത്തിയിരുന്നു. തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാല്‍ മണിക്കൂറില്‍ 1,97,950 കിലോമീറ്റര്‍ വരെ വേഗത്തില്‍ ബഹിരാകാശ യാത്രകള്‍ സാധ്യമാണെന്നാണ് ആഡ് അസ്ത്ര വാദിക്കുന്നത്. 

ദ്രവ ഹൈഡ്രജനെ ന്യൂക്ലിയര്‍ റിയാക്ടറിന്റെ സഹായത്തില്‍ ചൂടാക്കി ഇന്ധനമാക്കി മാറ്റുന്ന ന്യൂക്ലിയര്‍ തെര്‍മര്‍ പ്രൊപ്പല്‍ഷനും (NTP) ആണവ റിയാക്ടറിന്റേയും വൈദ്യുതിയുടേയും സഹായത്തില്‍ ഇന്ധന നിര്‍മാണം സാധ്യമാക്കുന്ന ന്യൂക്ലിയര്‍ ഇലക്ട്രിക് പ്രൊപ്പല്‍ഷനും (NEP) ഒരേസമയം ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ഇപ്പോള്‍ പ്രഫ. റയാന്‍ ഗോസെയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ രണ്ട് രീതികളുടേയും നല്ല വശങ്ങള്‍ ഉപയോഗിച്ച് നിലവിലെ റോക്കറ്റുകളുടെ ഇരട്ടി കാര്യക്ഷമതയും ശേഷിയും സാധ്യമാക്കാനാകുമെന്നാണ് ഗോസെയും സംഘവും പറയുന്നത്. 

ചൊവ്വയിലേക്കുള്ള യാത്രാ സമയം വെട്ടിക്കുറക്കാന്‍ ഗോസെയുടെ ആശയം പ്രാവര്‍ത്തികമാക്കിയാല്‍ സാധിക്കും. നിലവില്‍ മനുഷ്യ നിര്‍മിത പേടകങ്ങള്‍ ഭൂമിയില്‍ നിന്നും ചൊവ്വയിലേക്കെത്താന്‍ ആറ് മുതല്‍ ഒൻപത് മാസങ്ങള്‍ വേണ്ടിവരും. വെറും 45 ദിവസം കൊണ്ട് ഗോസെയുടെ ആണവോര്‍ജം ഇന്ധനമാക്കിയുള്ള ദൗത്യങ്ങള്‍ക്ക് ചൊവ്വയിലേക്ക് എത്താനാവും. ഇതോടെ വര്‍ഷങ്ങളെടുക്കുന്ന ചൊവ്വയിലേക്കുള്ള യാത്രകളുടെ ദൈര്‍ഘ്യം മാസങ്ങളാക്കി ചുരുക്കാന്‍ സാധിക്കുകയും ചെയ്യും. 

ദീര്‍ഘകാല ബഹിരാകാശ യാത്രകളില്‍ സഞ്ചാരികള്‍ അനുഭവിക്കേണ്ടി വരുന്ന അപകടകരമായ റേഡിയേഷനുകളെ കുറക്കാനും ഇതുവഴി സാധിക്കും. ഗുരുത്വമില്ലാത്ത അവസ്ഥയില്‍ ദീര്‍ഘകാലം കഴിഞ്ഞാല്‍ മനുഷ്യശരീരത്തിന് വലിയ തോതില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. ഈ അപകട സാധ്യതയേയും കുറക്കാന്‍ ചൊവ്വയിലേക്കുള്ള യാത്രാ സമയം കുറക്കുന്നതുവഴി സാധിക്കും. 

നാസയുടെ NIAC പദ്ധതി വഴി വേറെയും നിരവധി ആശയങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. ശനിയുടെ ഉപഗ്രഹമായ ടൈറ്റനില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ച് മടങ്ങുന്ന ടൈറ്റന്‍ എയര്‍ ആശയം ഇക്കൂട്ടത്തിലൊന്നാണ്. ചന്ദ്രനിലേക്കുള്ള ഓക്‌സിജന്‍ വിതരണത്തിന്റെ കാര്യക്ഷമത കൂട്ടുന്ന സാങ്കേതികവിദ്യയുടെ പരീക്ഷണങ്ങള്‍ക്കും സഹായം ലഭിച്ചിട്ടുണ്ട്. ബഹിരാകാശ സാങ്കേതികവിദ്യകള്‍ക്ക് പുറമേ ജ്യോതിശാസ്ത്രം, ഭൂമിശാസ്ത്രം എന്നീ മേഖലകളിലെ ആശയങ്ങള്‍ക്കും നാസ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary: NASA's New Plan Could Make It Possible For Rockets To Reach Mars In 45 Days

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS