ADVERTISEMENT

നിര്‍മിത ബുദ്ധിയാണ് മനുഷ്യന്‍ നേരിടാനിരിക്കുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് വിശേഷിപ്പിക്കുന്നവരുണ്ട്. എന്നാല്‍ മനുഷ്യര്‍ക്കൊപ്പം നിര്‍മിത ബുദ്ധി തോളോടു തോള്‍ ചേര്‍ന്നാല്‍ നിരവധി മേഖലകളില്‍ അദ്ഭുതങ്ങളുണ്ടാവും. പുതിയ അന്യഗ്രഹങ്ങളെ കണ്ടെത്തുക എന്നത് മനുഷ്യപ്രയത്‌നം കൊണ്ട് മാത്രമാണെങ്കില്‍ നിര്‍മിത ബുദ്ധിയുടെ സഹകരണമുണ്ടങ്കില്‍ ഇതെല്ലാം എളുപ്പം സാധിക്കും. അന്യഗ്രഹജീവികളെയും ജീവന്റെ സാന്നിധ്യമുള്ള ഗ്രഹങ്ങളെയും അതിവേഗത്തിൽ കണ്ടെത്താൻ എഐ സംവിധാനങ്ങൾക്ക് സാധിച്ചേക്കും.

 

വര്‍ഷങ്ങള്‍ കഴിയുംതോറും പ്രപഞ്ച നിരീക്ഷണം പോലുള്ള മേഖലകളില്‍ നമുക്ക് ലഭ്യമായ വിവരങ്ങള്‍ കുന്നുകൂടിക്കൊണ്ടിരിക്കുകയാണ്. ഇത് വിശകലനം ചെയ്യുന്നതിനും ഗുണമുള്ളതും ഇല്ലാത്തതും തിരിച്ചറിയുന്നതിനും പലപ്പോഴും ചെറിയ കൂട്ടം മനുഷ്യര്‍ മാത്രമാണുണ്ടാവുക. ഇത് പലപ്പോഴും വിവരങ്ങളുടെ വിശകലനം ഒരു പരിധി വരെ അസാധ്യമാക്കി മാറ്റും. മനുഷ്യര്‍ക്ക് മടുപ്പുണ്ടാക്കുന്ന പല ജോലികളും എളുപ്പം നിര്‍മിത ബുദ്ധി ഉപയോഗിച്ച് ചെയ്യാനാകും. അതുപോലെ നമ്മുടെ മസ്തിഷ്‌കത്തിന് മാത്രം സാധ്യമായ സങ്കീര്‍ണതയുള്ള ജോലികള്‍ മനുഷ്യര്‍ക്ക് ചെയ്യാനുമാകും.

 

നാസയുടെ ടെസ് (Transiting Exoplanet Survey Satellite) ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ സിറ്റിസന്‍ സയന്റിസ്റ്റുകള്‍ തിരിച്ചറിയുന്ന അന്യഗ്രഹങ്ങളുടെ സാധുത നിര്‍മിത ബുദ്ധി ഉപയോഗിച്ച് പരീക്ഷിച്ചു നോക്കിയിരുന്നു. കണ്‍വൊള്യൂഷണല്‍ ന്യൂറല്‍ നെറ്റ്‌വര്‍ക്ക് എന്നറിയപ്പെടുന്ന മെഷീന്‍ ലേണിങ് അല്‍ഗോരിതമാണ് ഇതിനായി ഉപയോഗിച്ചത്. ചിത്രങ്ങളും വിവരങ്ങളും പരിശോധിച്ച് പ്രാധാന്യമുള്ളത് ഏതെന്ന് കണ്ടെത്താനുള്ള ശേഷിയുള്ള അല്‍ഗോരിതമാണിത്. നേരത്തെ പരിചയമില്ലാത്ത വിവരങ്ങള്‍ പോലും പരിശോധിച്ച് ഏതിനാണ് പ്രാധാന്യമെന്ന് തിരിച്ചറിയാന്‍ ഈ അല്‍ഗോരിതത്തിന് സാധിക്കും. 

 

സിറ്റിസന്‍ സൈന്റിസ്റ്റുകളുടെ സഹായത്തില്‍ അന്യഗ്രഹങ്ങളെ കണ്ടെത്താനുള്ള നാസയുടെ ടെസ് പദ്ധതിയാണ് സൂനിവേഴ്‌സ്. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ളവര്‍ സൂനിവേഴ്‌സിലെ വിവരങ്ങളുടെ സഹായത്തില്‍ പുതിയ അന്യഗ്രഹങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഔപചാരിക ശാസ്ത്രീയ വിദ്യാഭ്യാസം പോലുമില്ലെങ്കില്‍ പോലും താല്‍പര്യമുള്ളവര്‍ക്കെല്ലാം ഈ ശാസ്ത്ര പദ്ധതിയുടെ ഭാഗമാവാമെന്നതാണ് പ്രധാന നേട്ടം. 

 

വിദൂര നക്ഷത്രങ്ങളില്‍ നിന്നും എത്തുന്ന പ്രകാശത്തിലുണ്ടാവുന്ന നേരിയ ഏറ്റക്കുറച്ചിലുകളാണ് അന്യഗ്രഹങ്ങളുടെ സാന്നിധ്യം അറിയിക്കുന്ന പ്രധാന കാര്യം. നക്ഷത്രത്തിനും ഭൂമിക്കുമിടയില്‍ അന്യഗ്രഹം വരുന്ന സാഹചര്യമാണ് പ്രകാശത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നത്. നക്ഷത്രങ്ങളില്‍ നിന്നും ബള്‍ബുകളില്‍ നിന്നുള്ളതു പോലെ തുടര്‍ച്ചയായ പ്രകാശമല്ല വരുന്നത്. അതുകൊണ്ടുതന്നെ അന്യഗ്രഹ സാന്നിധ്യം തിരിച്ചറിയുകയെന്നത് അല്‍പം കൗശലം വേണ്ടി വരുന്ന ദൗത്യമാണ്. 

 

നക്ഷത്രങ്ങളുടെ വിദൂര ഭ്രമണ പഥങ്ങളിലൂടെ വലം വെക്കുന്ന ഗ്രഹങ്ങളെ കണ്ടെത്തുക താരതമ്യേന പ്രയാസമാണ്. ടെസ് ആകാശത്തിന്റെ ഒരു ഭാഗത്തെ പരമാവധി ഒരു മാസമാണ് നിരീക്ഷിക്കുക. അതുകൊണ്ടുതന്നെ ഈ കാലയളവിനുള്ളില്‍ എല്ലാ ഗ്രഹങ്ങളേയും കണ്ടെത്തണമെന്നില്ല. ദീര്‍ഘ ഭ്രമണ പഥമുള്ള ഗ്രഹങ്ങളെ കണ്ടെത്തുന്നതിനാണ് പലപ്പോഴും സിറ്റിസന്‍ സയന്റിസ്റ്റുകളുടെ സേവനം ഉപകാരപ്പെടുക. സിറ്റിസന്‍ സയന്റിസ്റ്റുകളുടെ ജോലി എളുപ്പത്തിലാക്കാന്‍ മെഷീന്‍ ലേണിങ് സാങ്കേതികവിദ്യ സഹായിക്കുകയും ചെയ്യും. arXiv.orgലാണ് ഈ ഗവേഷണഫലം പൂര്‍ണമായും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: Tricky alien worlds easier to find when humans and machines team up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com