ADVERTISEMENT

നിങ്ങളുടെ നഗരത്തില്‍ ഒരു അണുബോംബ് പതിച്ചാല്‍ ജീവനോടെ രക്ഷപ്പെടാനുള്ള സാധ്യതകള്‍ എന്തൊക്കെയാണ്? എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കൂടുതല്‍ അപകട സാധ്യതകളില്‍ നിന്നു ഒഴിവാകാം? ഒരു പ്രദേശമാകെ നരകമാക്കാന്‍ ശേഷിയുള്ള അണുബോബ് സ്‌ഫോടനം നടന്നാലും എങ്ങനെ ജീവന്‍ രക്ഷിക്കാമെന്ന് പറഞ്ഞു തരികയാണ് സൈപ്രസിലെ നികോസ്യ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍. 

 

ഒരു അണുബോബ് സ്‌ഫോടനം നടക്കുമ്പോള്‍ വലിയ തോതിലുള്ള ഊഷ്മാവും റേഡിയേഷനും മാത്രമല്ല പുറത്തുവരുന്നത്. സ്‌ഫോടനത്തെ തുടര്‍ന്നുള്ള ആഘാത തരംഗങ്ങളും കിലോമീറ്ററുകളോളം ദൂരത്തേക്കെത്തും. അതിവേഗത്തില്‍ വരുന്ന ഈ വായുവിന്റെ ആഘാത തരംഗങ്ങള്‍ കിലോമീറ്ററുകളോളം മനുഷ്യജീവനെടുത്ത ശേഷമാണ് ഒന്ന് ശേഷി കുറയുക. അതുകൊണ്ട് നിങ്ങള്‍ അണുസ്‌ഫോടനത്തിന്റെ ഏറ്റവും വിനാശകാരിയായ കേന്ദ്ര ഭാഗത്ത് ഇല്ലെങ്കില്‍ പോലും ഈ തരംഗങ്ങള്‍ വഴി തത്സമയം മരണം സംഭവിക്കാം.

 

750 കിലോ ടണ്‍ ശേഷിയുള്ള അണുബോംബ് പൊട്ടിയാല്‍ എന്തു സംഭവിക്കുമെന്നാണ് ഗവേഷകര്‍ നോക്കിയത്. അമേരിക്ക ഹിരോഷിമയില്‍ ഇട്ട ബോംബിന് 15 കിലോടണ്ണും നാഗസാക്കിയില്‍ ഇട്ട ബോംബിന് 25 കിലോടണ്ണുമാണ് ശേഷിയുണ്ടായിരുന്നത്. ഇതു വച്ചു നോക്കിയാല്‍ ശരാശരി 37 ഇരട്ടി ശേഷി കൂടിയ അണുബോംബ് സ്‌ഫോടനത്തിന്റെ അനന്തര ഫലമാണ് ഗവേഷകര്‍ കണക്കുകൂട്ടിയത്. 

 

ഇങ്ങനെയൊരു അണുബോംബ് സ്‌ഫോടനം സംഭവിച്ചാല്‍ നാലുകിലോമീറ്റര്‍ ചുറ്റളവില്‍ സര്‍വനാശമായിരിക്കും ഫലം. ഇതിന് പുറത്താണെങ്കില്‍ പോലും ജീവന്‍ രക്ഷപ്പെടാന്‍ ചില മുന്‍കരുതലുകള്‍ നല്ലതാണ്. കെട്ടിടങ്ങളുടെ ചുമരുകളിലൂടെയും മുറികളിലൂടെയും മൂലകളിലൂടെയും വാതിലുകളിലൂടെയും ഇടനാഴിയിലൂടെയും ജനലുകളിലൂടെയുമെല്ലാം എങ്ങനെയാണ് സ്‌ഫോടനത്തെ തുടര്‍ന്നുള്ള ആഘാത തരംഗം സഞ്ചരിക്കുകയെന്നാണ് ഗവേഷകര്‍ പരീക്ഷിച്ചത്. സ്‌ഫോടന കേന്ദ്രത്തില്‍ നിന്നും നാലു കിലോമീറ്റര്‍ മുതല്‍ 48 കിലോമീറ്റര്‍ വരെയുള്ള ദൂരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഇവര്‍ കണക്കുകൂട്ടിയെടുത്തു. 

 

കെട്ടിടങ്ങളിലെ ചെറു ഇടനാഴികളാണ് ഏറ്റവും അപകടം പിടിച്ച മേഖലകളായി മാറുക. കാരണം ഈ ഇടനാഴികള്‍ ഷോക്‌വേവുകളുടെ മര്‍ദത്തെ മനുഷ്യ ശരീരത്തിന്റെ 18 ഇരട്ടി വരെ ഉയര്‍ത്തും. ഇങ്ങനെയൊരു ആഘാത തരംഗത്തില്‍ പെട്ടു പോവുന്നവരുടെ അസ്ഥികള്‍ പോലും പൊട്ടി പോകും. ഇടനാഴികളെ പോലെ തന്നെ അപകടം പിടിച്ച ഭാഗങ്ങളാണ് ജനലുകളും വാതിലുകളും. ഇവയ്ക്ക് സമീപത്ത് നില്‍ക്കുന്നവര്‍ക്കും ആഘാത തരംഗങ്ങളുടെ ഭാഗമായി മരണം സംഭവിക്കാം. 

 

അണുസ്‌ഫോടനം നടന്നു കഴിഞ്ഞാലുള്ള ആഘാത തരംഗത്തില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളും ഗവേഷകര്‍ പറയുന്നുണ്ട്. നിങ്ങളുടെ വീടിന്റെ മുന്നിലെ മുറി അണുസ്‌ഫോടനത്തോട് അഭിമുഖമാണെങ്കില്‍ പോലും രക്ഷപ്പെടാന്‍ വഴിയുണ്ട്. വാതിലോ ജനലോ ഉള്ള ഭാഗത്തേക്ക് പോവാതിരിക്കുക. ഇവയൊന്നുമില്ലാത്ത ചുവരിന്റെ ഏതെങ്കിലും മൂലയോട് ചേര്‍ന്നു നില്‍ക്കുകയാണ് ജീവന്‍ രക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. റഷ്യ കഴിഞ്ഞ ഏപ്രിലില്‍ ഭൂഖണ്ഡാന്തര മിസൈലായ സാര്‍മാട്ട് പരീക്ഷിച്ചതിന് ശേഷമാണ് ഇങ്ങനെയൊരു പരീക്ഷണത്തിന് മുതിര്‍ന്നതെന്നും ഗവേഷകര്‍ പറയുന്നു.

 

English Summary: You Might Survive a Nuclear Blast if You're in This Kind of Shelter, Finds New Study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com