സ്കൈലാബെന്ന ബഹിരാകാശ ഡ്രാക്കുള! ലോകം പേടിച്ചുവിറച്ച നാളുകൾ

 43 Years Ago, NASA's Skylab Space Station Fell to Earth
Image Credit: NASA
SHARE

കാലാവസ്ഥാ പര്യവേഷണത്തിനായി 12 വർഷം മുൻപ് ഇസ്റോ വിക്ഷേപിച്ച മേഘാ ട്രോപിക്സ്–1 ഉപഗ്രഹം ഇസ്റോ ഇന്ന് തിരിച്ചിറക്കുകയാണ്. പസിഫിക് സമുദ്രത്തിലെ ഒരു വിദൂരമേഖലയിൽ ഇറക്കാനാണു പദ്ധതി. വൈകിട്ട് 4.30നും 7.30നും ഇടയ്ക്കുള്ള സമയത്ത് ഉപഗ്രഹം ഭൂമി തൊടും. കാലഹരണപ്പെട്ട ഗണത്തിൽപെടുത്തിയിരിക്കുന്ന ഉപഗ്രഹത്തിൽ 125 കിലോഗ്രാം ഇന്ധനം ഇനിയുമുണ്ട്. ഇതു പറ്റിയില്ലെങ്കിൽ താഴ്ന്ന ഭ്രമണത്തിൽ നിലനിർത്തും.ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ സിഎൻഇഎസുമായി ചേർന്ന് വിക്ഷേപിച്ചതാണ് ഉപഗ്രഹം. ഭൂമിയെച്ചുറ്റുന്ന ബഹിരാകാശ മാലിന്യം ഇന്ന് വലിയൊരു തലവേദനയാണ്. സുരക്ഷിതമായ ബഹിരാകാശ പ്രവർത്തനങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഏജൻസിയെന്ന നിലയിലാണ് ഐഎസ്ആർഒ നീക്കത്തിനൊരുങ്ങുന്നത്. കൃത്യമായും നിയന്ത്രണവിധേയമായും ഉപഗ്രഹം ലക്ഷ്യസ്ഥാനത്തേക്ക് ഇറങ്ങുമെന്നാണ് പ്രതീക്ഷ.

ഉപഗ്രഹങ്ങളുടെയും പേടകങ്ങളുടെയുമൊക്കെ തിരിച്ചിറക്കങ്ങൾ ലോക ബഹിരാകാശ ചരിത്രത്തിൽ പലപ്പോഴും ഭീതിയുണ്ടാക്കിയിട്ടുണ്ട്. ഇന്ന് ട്രാക്ക് ചെയ്യാനും സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാനുമുള്ള സാങ്കേതികവിദ്യകൾ വളരെയേറെ പുരോഗമിച്ചുണ്ട്. എന്നാൽ വമ്പൻ ദുരന്തം പോലെ ഒരു ബഹിരാകാശ വരവിനെ ആളുകൾ പേടിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. സ്കൈലാബ് പറന്നിറങ്ങി ഭൂമിയിൽ വീഴുമെന്ന് ആളുകൾ മുഴുവൻ പേടിച്ച ഒരു കാലഘട്ടം.

 43 Years Ago, NASA's Skylab Space Station Fell to Earth
Image Credit: NASA

രാജ്യാന്തര ബഹിരാകാശ നിലയമൊക്കെ നിലവിൽ വരുന്നതിനും മുൻപ് യുഎസ് പരീക്ഷിച്ച ഒരു ബഹിരാകാശ പരീക്ഷണശാലയായിരുന്നു സ്കൈലാബ്. സ്പേസ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള യുഎസിന്റെ ആദ്യശ്രമം. 1973 മേയ് 14നാണ് ഇതു വിക്ഷേപിക്കപ്പെട്ടത്. 1978 ആയപ്പോഴേക്കും സ്കൈലാബിന്റെ ഭ്രമണപഥം പതിയെ താഴ്ന്നുകൊണ്ടിരിക്കുകയാണെന്നു നാസ ശാസ്ത്രജ്ഞർ കണ്ടെത്തി. 77000 കിലോ ഭാരത്തിൽ ഭൂമിയിലേക്കു പതിക്കാനൊരുങ്ങുന്ന ബഹിരാകാശ ബോംബ്! സ്കൈലാബിനെക്കുറിച്ചുള്ള വാർത്തകൾ ലോകത്തെ പത്ര–മാധ്യമങ്ങളിൽ താമസിയാതെ നിറഞ്ഞു.നിലയത്തെ ഉയർന്ന ഭ്രമണപഥത്തിൽ ഉറപ്പിച്ചു നിർത്താനുള്ള യുഎസിന്റെ എല്ലാ ശ്രമങ്ങളും വൃഥാവിലായി. ഹൊറർ കഥകളിലൂടെ ജനങ്ങളെ പേടിപ്പിച്ച ഡ്രാക്കുള പ്രഭുവിന്റെ ഒരു ബഹിരാകാശ പതിപ്പായി മാറി സ്കൈലാബ്.

യുഎസിൽ പ്രസിഡന്റ് ജിമ്മി കാർട്ടറിന്റെ ഭരണത്തിനെതിരെയുള്ള ജനവികാരം ശക്തിപ്പെട്ട നാളുകളായിരുന്നു അത്. സ്കൈലാബിന്റെ തീമിലുള്ള ആഘോഷങ്ങളും പാർട്ടികളും ക്യാംപെയിനുകളുമൊക്കെ അമേരിക്കക്കാർ നടത്തി. കേരളത്തിൽ പോലും തട്ടുകടകളിലും ഹോട്ടലുകളിലും വരെ നിരന്തര ചർച്ച ഇതിനെക്കുറിച്ചായി. ചില സ്ഥലങ്ങളും ഹോട്ടലുകളുമൊക്കെ സ്കൈലാബിന്റെ പേരിൽ നാമകരണം ചെയ്യപ്പെടുക പോലും ചെയ്തത് അന്നത്തെ കാലത്ത് ഇതുയർത്തിയ ഭീതിതരംഗത്തിന്റെ നേർസാക്ഷ്യമാണ്.

പാലക്കാട് ജില്ലയിൽ ചേക്കോട് ഗ്രാമത്തിൽ ഒരു പ്രദേശം  സ്കൈലാബ് എന്നറിയപ്പെടുന്നു. അവിടത്തെ നാൽക്കവലയിലെ ഒരു ചായക്കടയിൽ നിന്നാണ് ഈ പേരു സ്ഥലത്തിനു ലഭിച്ചത്. സ്കൈലാബ് സംബന്ധിച്ച ചർച്ചകളുടെ സ്ഥിരം വേദിയായിരുന്നത്രേ ഈ ചായക്കട. ഇന്ത്യയിൽ സ്കൈലാബിനെക്കുറിച്ചുള്ള ചൂടൻ ചർച്ചകൾ നഗര ഗ്രാമ ഭേദമന്യെ എല്ലായിടത്തും നടന്നു. മുംബൈ, പുണെ തുടങ്ങിയ നഗരങ്ങളിൽ ഈ നിലയം വീണേക്കാമെന്നും അതല്ല കേരളത്തിലാവും പതിക്കുകയെന്നൊക്കെ കിംവദന്തി പ്രചരിച്ചു. ഇന്നത്തെ കാലത്തെ രാഷ്ട്രീയ ചർച്ച പോലെ അന്നത്തെ ആളുകൾ സ്‌കൈലാബിനെപ്പറ്റി ചർച്ച ചെയ്തു. ആ അഭ്യൂഹം മുൻനിർത്തി ഒട്ടേറെ മലയാളികൾ മുംബൈയിൽ നിന്നും പുണെയിൽ നിന്നും കൂട്ടമായി നാട്ടിലേക്കു തിരിച്ചതും  കേരളം ഉൾപ്പെടെ പലയിടങ്ങളിലും ആ ദിവസം അവധി പ്രഖ്യാപിച്ചതും ബഹിരാകാശ ഭീഷണിയുടെ നേർസാക്ഷ്യം. സ്‌കൈലാബ് വീണുണ്ടാകുന്ന നാശനഷ്‌ടങ്ങൾക്ക് യുഎസ് വൻതുക നാശനഷ്ടം പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടു തന്നെ ചിലർ അത് തങ്ങളുടെ പറമ്പിൽ തന്നെ വീഴണേയെന്നു പ്രാർഥിച്ച വിരുതൻമാരും കുറവല്ല.

സ്‌കൈലാബിന്റെ പേരിൽ മുതലെടുപ്പുകളും അരങ്ങേറിയിരുന്നു. സ്‌കൈലാബ് തകർച്ച മൂലം ഉണ്ടാകാവുന്ന രോഗങ്ങളെ പ്രതിരോധിക്കാനുള്ള മരുന്നുമായും ചില തട്ടിപ്പുകാരിറങ്ങി. ഒടുവിൽ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് 1979 ജൂലൈ 11ന് സ്‌കൈലാബ് ഭൂമിയിൽ പതിച്ചു. കടലിൽ വടക്കു കിഴക്കൻ ഓസ്ട്രേലിയയ്ക്കു സമീപമാണ് നിലയം വീണത്.പ്രതീക്ഷിച്ച അപകടങ്ങളൊന്നും ഉണ്ടായില്ല. ആർക്കും പരുക്കും പറ്റിയില്ല. ഇന്നും ഓസ്ട്രേലിയൻ മ്യൂസിയങ്ങളിൽ സ്കൈലാബിന്റെ അവശേഷിപ്പുകൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്.

സ്കൈലാബ് കാരണം ലോട്ടറിയടിച്ച ഒരു ഭാഗ്യവാനാണ് ഓസ്ട്രേലിയയിലെ സ്റ്റാൻ തോൺടൺ. സ്കൈലാബ് തകർന്ന ശേഷം അതിന്റെ കഷണങ്ങൾ ഒരു ദിവസത്തിനുള്ളിൽ എത്തിച്ചു കൊടുത്താൽ തങ്ങൾ ഒരു ലക്ഷം യുഎസ് ഡോളർ നൽകുമെന്ന് സൻ ഫ്രാൻസിസ്കോ എക്സാമിനർ എന്ന പത്രം റിപ്പോർട്ട് ചെയ്തു.യുഎസിൽ സ്കൈലാബ് വീഴില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ പരസ്യം നൽകിയത്.മറ്റ് രാജ്യങ്ങളിലെവിടെയെങ്കിലും വീണാലും അതുമായി ചെറിയ സമയത്തിനുള്ളിൽ ആരും തങ്ങളെ തേടി വരില്ലെന്നും അവർ വിശ്വസിച്ചു.

എന്നാൽ സ്കൈലാബ് തകർന്ന ശേഷം അതിന്റെ ഭാഗത്തിന്റെ ഒരു ചെറിയ കഷണം ലഭിച്ച സ്റ്റാൻ തോൺടൺ തൊട്ടടുത്ത മണിക്കൂറിൽ തന്നെ ഓസ്ട്രേലിയയിൽ നിന്നു യുഎസിലേക്കു വിമാനം കയറി പത്രമോഫിസിലെത്തി വസ്തു കൈമാറി.  പത്രം പറഞ്ഞപ്രകാരം ധനസമ്മാനം സ്റ്റാനിനു നൽകുകയും ചെയ്തു.

English Summary: 43 Years Ago, NASA's Skylab Space Station Fell to Earth

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS