അപ്പോളോ 11 ദൗത്യം കണ്ട് ആവേശഭരിതനാവുമ്പോള്‍ കാം ഗഫാരിയന് 11 വയസു മാത്രമായിരുന്നു പ്രായം. പിന്നീട് ജന്മനാടായ ഇറാനില്‍ നിന്നും ഗഫാരിയന്‍ പതിനെട്ടാം വയസ്സില്‍ അമേരിക്കയിലേക്ക് കുടിയേറുകയും പിന്നീട് ബഹിരാകാശ ശാസ്ത്രമേഖലയ്ക്ക് തന്നെ നിര്‍ണായകമായ പല സംരംഭങ്ങളുടേയും ഭാഗമാവുകയും ചെയ്തു. ഇന്ന് ചന്ദ്രനിലേക്കുള്ള ദൗത്യത്തില്‍ ചൈനയുമായി മത്സരിക്കുന്നത് ഗഫാരിയന്റെ ഹൂസ്റ്റണ്‍ ആസ്ഥാനമായുള്ള കമ്പനി ഇന്‍ഡ്യൂടീവ് മെഷീന്‍സാണ്. അപ്പോളോ കാലഘട്ടത്തിന് ശേഷം വീണ്ടും ചന്ദ്രനില്‍ ഇറക്കാനുള്ള പേടകം നിര്‍മിക്കാനുള്ള കരാര്‍ നാസ നല്‍കിയിരിക്കുന്നത് ഗഫാരിയന്റെ കമ്പനിക്കാണ്.
ആണവ റിയാക്ടര്‍ ഡിസൈൻ ചെയ്യുന്ന എക്‌സ് എനര്‍ജി എന്ന കമ്പനിയില്‍ 100 കോടി ഡോളറിന്റെ ഓഹരി പങ്കാളിത്തമുണ്ട് കാം ഗഫാരിയന്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് സ്വകാര്യ വ്യക്തികളെ എത്തിക്കുന്ന ആക്‌സിയം സ്‌പേസ് എന്ന കമ്പനിയുടെ സഹസ്ഥാപകനാണ് ഗഫാരിയന്‍. സ്വന്തം ബഹിരാകാശ നിലയം നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ആക്‌സിയം സ്‌പേസ്.
ബ്ലൂംബെര്‍ഗിന്റെ കോടീശ്വരന്മാരുടെ പട്ടിക പ്രകാരം 3.8 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ളയാളാണ് ഗഫാരിയന്‍. ബഹിരാകാശ വ്യവസായരംഗത്ത് അദ്ദേഹത്തെ ഇലോണ്‍ മസ്‌കിന്റേയും ജെഫ് ബെസോസിന്റേയും നേട്ടങ്ങളുമായാണ് താരതമ്യപ്പെടുത്തുന്നത്. മറ്റു മേഖലകളില്‍ നിന്നും നേടിയ പണം ബഹിരാകാശ വ്യവസായത്തില്‍ വലിയ തോതില്‍ നിക്ഷേപിച്ചവരാണ് ഈ മൂന്നു പേരും.
സ്ട്രിങര്‍ ഗഫാരിയന്‍ ടെക്‌നോളജീസ് എന്ന ഗഫാരിയന്റെ ആദ്യ കാല കമ്പനി നാസക്കു വേണ്ടി എൻജിനീയറിങ് സേവനങ്ങള്‍ നല്‍കുന്നതില്‍ രണ്ടാമത്തെ വലിയ കമ്പനിയായിരുന്നു. ഏതാണ്ട് 50 കോടി ഡോളറായിരുന്നു കമ്പനിയുടെ വാര്‍ഷിക വരുമാനം. 2018ല്‍ ഈ കമ്പനിയെ 35.5 കോടി ഡോളറിന് അദ്ദേഹം വില്‍ക്കുകയായിരുന്നു. സര്‍ക്കാര്‍ ഏജന്‍സികളുമായുള്ള ദീര്‍ഘകാല പങ്കാളിത്തമാണ് ഗഫാരിന്റെ പ്രധാന മുതല്‍കൂട്ട്.
ഗഫാരിയന്റെ നാലാമത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ക്വാണ്ടം സ്‌പേസ്. ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള പ്രദേശത്തേക്ക് കൃത്രിമോപഗ്രഹങ്ങളെ വിക്ഷേപിക്കുന്ന കമ്പനിയാണിത്. കഴിഞ്ഞ ഡിസംബറില്‍ 1.5 കോടി ഡോളറിന്റെ നിക്ഷേപം കമ്പനിക്ക് ലഭിച്ചിരുന്നു. 2022 ജനുവരിയില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ ഗഫാരിയന്‍ ഇങ്ങനെ പറഞ്ഞു, ' ഞാനൊരു കോടീശ്വരനാണോ അല്ലയോ എന്നെനിക്കറിയില്ല. എങ്കിലും മാനവ സംസ്‌കൃതിയുടെ പുരോഗതിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനായാല്‍ അതിലാണ് എനിക്ക് അഭിമാനം'. ഒരിക്കല്‍ ചന്ദ്രനിലേക്ക് മനുഷ്യന്‍ പോകുന്നത് കണ്ട് സ്വപ്‌നം കണ്ടു തുടങ്ങിയ ഗഫാരിയന് തീര്‍ച്ചയായും അഭിമാനിക്കാം. കാരണം ഇടവേളക്കുശേഷമുള്ള അമേരിക്കയുടെ രണ്ടാം ദൗത്യത്തില്‍ ചന്ദ്രനില്‍ ഇറങ്ങുന്നത് ഗഫാരിയന്റെ കമ്പനി നിര്‍മിക്കുന്ന പേടകമായിരിക്കും.
English Summary: Kam Ghaffarian: A Space Billionaire Who Is Racing To Land On Moon Before China