ADVERTISEMENT

നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയുമൊക്കെ കൗതുകത്തോടെ ശ്രദ്ധിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് ഒഴിവാക്കാനാവാത്ത ഒരു പ്രപഞ്ച പ്രതിഭാസം ഈ മാസം നടക്കുന്നുണ്ട്. വരുന്ന മാര്‍ച്ച് 28ന് നമ്മുടെ ക്ഷീരപഥത്തിലെ അഞ്ചു ഗ്രഹങ്ങളെ ഭൂമിയില്‍ നിന്നും നോക്കിയാല്‍ ഒരേനിരയില്‍ കാണാനാവും. വ്യാഴം, ബുധന്‍, ശുക്രന്‍, യുറാനസ്, ചൊവ്വ എന്നീ ഗ്രഹങ്ങളെയാണ് മാര്‍ച്ച് 28ന് സൂര്യാസ്തമയത്തിന് ശേഷം വരിവരിയായി കാണാനാവുക. 

 

ബുധനും വ്യാഴവുമായിരിക്കും കൂട്ടത്തില്‍ ഏറ്റവും തിളക്കത്തോടെ കാണപ്പെടുക. എങ്കിലും ഏറ്റവും താഴെ ചക്രവാളത്തോട് ചേര്‍ന്നായിരിക്കും ഇവ രണ്ടിന്റേയും സ്ഥാനം. ഇവയ്ക്ക് മുകളിലായാണ് ശുക്രനുദിക്കുക. യുറാനസിനേയും ചൊവ്വയേയും കാണുന്നതിന് ദൂരദര്‍ശിനികളുടെ സഹായം വേണ്ടി വരും. രണ്ടോ മൂന്നോ ഗ്രഹങ്ങളെ ഒരേനിരയില്‍ കാണുന്നത് അപൂര്‍വമല്ലെങ്കിലും അഞ്ച് ഗ്രഹങ്ങള്‍ നിരയായി വരുന്നത് സാധാരണയല്ല. എങ്കിലും കഴിഞ്ഞ വര്‍ഷം ഉത്തരാര്‍ധഗോളത്തിലുള്ളവര്‍ക്ക് ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെ ഒന്നിച്ചു കാണാനുള്ള അവസരം ലഭിച്ചിരുന്നു.

 

പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമായ അസ്‌ട്രോണമി ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് ആര്‍ക്കും ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും സ്ഥാനം എളുപ്പം കണ്ടെത്താനാവും. സൗജന്യമായതും അല്ലാത്തതുമായ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. രാത്രി സമയത്തും നിങ്ങളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ നല്‍കിക്കൊണ്ട് ആകാശത്തേക്ക് ഫോണ്‍ പിടിച്ചാല്‍ ഗ്രഹങ്ങളേയും നക്ഷത്രങ്ങളേയും കാണാനാവും. മിക്കവാറും ആപ്ലിക്കേഷനുകളില്‍ പ്രത്യേകം ഗ്രഹങ്ങളേയും നക്ഷത്രങ്ങളേയും തിരഞ്ഞ് കണ്ടെത്താനുള്ള സംവിധാനവുമുണ്ട്. 

 

ഇത്തവണ ആകാശത്ത് 50 ഡിഗ്രി ചരിവിലായിരിക്കും അഞ്ചു ഗ്രഹങ്ങളെ കാണാനാവുക. അതേസമയം, തെളിഞ്ഞ ആകാശമല്ലെങ്കിലും മരങ്ങളും കെട്ടിടങ്ങളും ഉയരത്തിലുള്ള പ്രദേശമാണെങ്കിലും വ്യാഴത്തേയും ബുധനേയും കാണാനായേക്കില്ലെന്ന മുന്നറിയിപ്പുമുണ്ട്. ഈ വര്‍ഷം ഇനിയും സമാനമായ കാഴ്ചകള്‍ക്കുള്ള അവസരമുണ്ട്. ഏപ്രില്‍ 24ന് ചൊവ്വ, ശുക്രന്‍, യുറാനസ്, ബുധന്‍ എന്നീ ഗ്രഹങ്ങളെ ഒരേ ഭാഗത്ത് കാണാനാകും.

 

English Summary: Five planets will be visible in the night sky at the end of March

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com