ADVERTISEMENT

അഞ്ചുലക്ഷത്തിലധികം ഉപയോഗശൂന്യ വസ്തുക്കൾ ബഹിരാകാശത്തുണ്ട്. ബഹിരാകാകാശ മാലിന്യം എന്ന് അർഥം വരുന്ന സ്പേസ് ഡെബ്രി, അഥവാ സ്‌പെയ്‌സ് ജങ്ക് എന്നും ഇവ അറിയപ്പെടുന്നു.  ഏഴു പതിറ്റാണ്ടുകളായി ബഹിരാകാശമേഖലയിലെ വിവിധപ്രവർത്തനങ്ങൾക്കായി വിക്ഷേപിക്കപ്പെട്ട വസ്തുക്കളാണ് ഈ മാലിന്യത്തിനു പിന്നിൽ.കത്തിനശിച്ച ഉപഗ്രഹങ്ങൾ, റോക്കറ്റ് ഭാഗങ്ങൾ എന്നിവയൊക്കെ ഇതിൽ ഉൾപ്പെടും. ഈ മാലിന്യത്തെ നീക്കുകയെന്നത് നാസയും ഇസ്റോയും ഉൾപ്പെടെ പ്രമുഖ ബഹിരാകാശ ഏജൻസികളുടെ മുന്നിലെ വലിയൊരു ലക്ഷ്യവുമാണ്.

 

ലേസറുകളും തൂപ്പ് ഉപഗ്രഹങ്ങളും ഉപയോഗിച്ച് ബഹിരാകാശ മാലിന്യം നീക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് നാസ എത്തിയിരിക്കുന്നത്. ലേസറുകൾക്ക് ഗ്രൗണ്ട് സ്റ്റേഷനുകളിൽ നിന്ന് ബഹിരാകാശ മാലിന്യത്തെ ലക്ഷ്യം വയ്ക്കാൻ കഴിയും. ഫോട്ടോൺ പ്രഷർ, അബ്ലേഷൻ എന്നീ രണ്ടുതരം ലേസർ രീതികൾ പരീക്ഷിക്കാൻ നാസയ്ക്ക് ഉദ്ദേശമുണ്ട്.അബ്ലേഷൻ രീതിയിൽ കുറച്ചുകൂടി ശക്തമായ ലേസറുകളാകും ഉപയോഗിക്കപ്പെടുക.

 

ഗ്രൗണ്ട് സ്റ്റേഷനുകളിൽ നിന്നുള്ള ലേസർ കൂടാതെ ബഹിരാകാശപേടകങ്ങളിൽ സ്ഥിതി ചെയ്യുന്ന തരത്തിലുള്ള സ്പേസ് ലേസറുകളും ഉപയോഗിക്കാൻ നാസയ്ക്ക് പദ്ധതിയുണ്ട്. ഇവയ്ക്ക് കരുത്ത് കുറവാണെന്നതാണ് പ്രധാന പോരായ്മ. സ്വീപ്പർ സ്പേസ്ക്രാഫ്റ്റ് അഥവാ തൂപ്പ് പേടകത്തിൽ‌ ബഹിരാകാശ മാലിന്യത്തെ പിടിച്ചെടുക്കുന്ന തരത്തിൽ എയ്റോജെൽ മുതലായ വസ്തുക്കളാകും ഉപയോഗിക്കുന്നത്.

ബഹിരാകാശ മാലിന്യം ഇന്നു ലോകമെങ്ങും ചർച്ചാവിഷയമാണ്. 1957ൽ വിക്ഷേപിച്ച സ്പുട്‌നിക് ഒന്ന് ഉപഗ്രഹം മുതലുള്ള മാലിന്യങ്ങൾ ഭ്രമണപഥത്തിലുണ്ടെന്നു നാസ പറയുന്നു.

 

 2009ൽ യുഎസ് ആശയവിനിമയ കമ്പനിയായ ഇറിഡിയത്തിന്‌റെ ഉപഗ്രഹം ഒരു റഷ്യൻ ഉപഗ്രഹവുമായി കൂട്ടിയിടിച്ചിരുന്നു. അന്ന് നടന്ന ഇടിയുടെ ഭാഗമായി 2500 കഷണങ്ങൾ ബഹിരാകാശ മാലിന്യം ശൂന്യാകാശത്തു സൃഷ്ടിക്കപ്പെട്ടെന്നാണു കണക്ക്. 2007ൽ ചൈന തങ്ങളുടെ ഒരു ഉപഗ്രഹം മിസൈൽ ഉപയോഗിച്ച് തകർത്തിരുന്നു. ഇതു മൂലം 3500 കഷണങ്ങൾ ബിഹാരാകാശത്തു സൃഷ്ടിക്കപ്പെട്ടെന്നാണ് ഏകദേശ കണക്ക്. ഇതോടെ ബഹിരാകാശത്തെ മാലിന്യവ്യാപനം 70 ശതമാനം കൂടി.

 

ബഹിരാകാശ മാലിന്യം ഭൂമിയുടെ പരിസ്ഥിതിയെയും അന്തരീക്ഷത്തെയും തന്നെ ബാധിക്കപ്പെടാവുന്ന രീതിയിൽ ഒരു പ്രശ്‌നമായി മാറാനിടയുണ്ടെന്നു വിദഗ്ധർ അടുത്തിടെയായി താക്കീതുകൾ നൽകുന്നുണ്ട്. ഇവ ഭാവി ബഹിരാകാശ പര്യവേക്ഷണങ്ങൾക്കും പദ്ധതികൾക്കും വലിയ പ്രശ്‌നം സൃഷ്ടിക്കാം.ഭൂമിയുടെ അന്തരീക്ഷത്തിലേക്കു കയറുന്ന ബഹിരാകാശ മാലിന്യങ്ങളിൽ നല്ലൊരു പങ്കും അന്തരീക്ഷത്തിൽ തന്നെ കത്തിത്തീരാറാണ് പതിവ്. എന്നാൽ ചിലപ്പോഴെങ്കിലും ഇവ ഭൂമിയിലും സമുദ്രങ്ങളിലും പതിക്കാറുണ്ട്. ഉപഗ്രഹനിർമാണത്തിലും മറ്റുമുപയോഗിക്കുന്ന ചില വിഷമയമായ വസ്തുക്കൾ ഇവയിൽ ഉണ്ടെന്നുള്ളതും ചിന്തിക്കേണ്ട കാര്യമാണ്.

 

ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഇവ എപ്പോൾ ഇറങ്ങുമെന്ന് നിർണയിക്കുന്ന പ്രയാസമുള്ള കാര്യമാണ്. ഇവയുടെ വേഗവും ഇവ എപ്പോൾ തിരിച്ചിറങ്ങുമെന്നുമൊക്കെ നിർണയിക്കാൻ പാടാണ്. ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളെയും ചിലപ്പോൾ ഇവ ബാധിക്കാറുണ്ട്. ഇവയിൽ ഏറ്റവും ചെറുതിനുപോലും സാരമായ തകരാർ വരുത്തിവയ്ക്കാനാകും. ഇതു ചെറുക്കാൻ ഇന്നുള്ള ഏറ്റവും മികച്ച നടപടികൾ അമേരിക്കൻ വ്യോമസേനയുടെ ബഹിരാകാശ പ്രവർത്തന കേന്ദ്രത്തിന്റേതാണ്. ഏതെങ്കിലും ഒരെണ്ണം ഉപഗ്രഹങ്ങളുമായി കൂട്ടിയിടിക്കാൻ സാധ്യതയുണ്ടെന്നു കണ്ടെത്തിയാൽ ഉപഗ്രഹം നിയന്ത്രിക്കുന്നവരെ അവർ വിവരമറിയിക്കും.

 

English Summary: NASA proposes using lasers and sweeper spacecraft to tackle space junk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com