ADVERTISEMENT

വെറും വായുവില്‍ നിന്നും വൈദ്യുതി നിര്‍മിക്കുകയെന്നത് ഇനി സ്വപ്‌നമല്ല. പ്രത്യേകതരം ബാക്ടീരിയ പുറത്തുവിടുന്ന എന്‍സൈമാണ് വായുവില്‍ നിന്നും വൈദ്യുതി നിര്‍മിക്കാന്‍ സഹായിക്കുക. ഓസ്‌ട്രേലിയയിലെ മെല്‍ബണിലുള്ള മൊനാഷ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ കൗതുകകരമായ കണ്ടെത്തലിന് പിന്നില്‍. മണ്ണിലും കടലിലും മലയിലും മഞ്ഞിലുമെല്ലാം കഴിയാന്‍ സാധിക്കുന്ന ഈ ബാക്ടീരിയ വഴി ഫലത്തില്‍ ഭൂമിയിലെവിടെ നിന്നും വായുവില്‍ നിന്നും വൈദ്യുതി സൃഷ്ടിക്കുക ഇനി സാധ്യമാണെന്നാണ് ഗവേഷരുടെ അവകാശവാദം. 

 

അന്തരീക്ഷത്തിലെ ഹൈഡ്രജനെ ഊര്‍ജശ്രോതസായി ബാക്ടീരിയകള്‍ ഉപയോഗിക്കുന്നുവെന്ന് നേരത്തേ തന്നെ അറിവുള്ളതാണ്. എന്നാല്‍ അത് എങ്ങനെയാണ് അവ ചെയ്യുന്നത് എന്നത് സംബന്ധിച്ച് ഇന്നുവരെ അറിവില്ലായിരുന്നു. ഇപ്പോഴിതാ ബാക്ടീരിയയില്‍ നിന്നും പുറത്തുവരുന്ന ഹക്ക് എന്ന എന്‍സൈം വഴി വൈദ്യുതി നിര്‍മിക്കാമെന്ന് ശാസ്ത്രലോകം തിരിച്ചറിഞ്ഞിരിക്കുകയാണ്. 

 

അന്തരീക്ഷത്തില്‍ വളരെ കുറഞ്ഞ അളവിലാണ് ഹൈഡ്രജന്‍ ഉള്ളതെങ്കിലും ഹൈഡ്രജനെ വലിച്ചെടുക്കാന്‍ ഹക്ക് എന്‍സൈമുകള്‍ക്ക് ശേഷിയുണ്ട്. വൈദ്യുതി നിര്‍മിക്കുന്നതുകൊണ്ടുതന്നെ പ്രകൃതി നിര്‍മിത ബാറ്ററികളായാണ് ഫലത്തില്‍ ഇവ പ്രവര്‍ത്തിക്കുന്നത്. ഇത് വൈദ്യുതി നിര്‍മാണത്തിന്റെ പുതിയ സാധ്യതകളാണ് മുന്നോട്ടുവെക്കുന്നത്. 

 

നമ്മുടെ അന്തരീക്ഷത്തില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ഹൈഡ്രജന്‍ ഉള്ളത്. ഇതാണ് ഹക്ക് എന്‍സൈം വഴിയുള്ള വൈദ്യുതി നിര്‍മാണത്തില്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. റൈസ് ഗ്രിന്റര്‍ പറയുന്നു. ഇത്തരം ബാക്ടീരിയകളെ നിര്‍മിച്ചെടുക്കുന്നത് വലിയ ബുദ്ധിമുട്ടേറിയ ജോലിയാണ്. 

 

അതേസമയം, ബാക്ടീരിയയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഹക്ക് എന്‍സൈമുകളെ നിയന്ത്രിത സാഹചര്യങ്ങളില്‍ ദീര്‍ഘകാലത്തേക്ക് സൂക്ഷിക്കാന്‍ സാധിക്കും. തണുപ്പിച്ചോ 80 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുള്ള സാഹചര്യങ്ങളിലോ ഹക്ക് എന്‍സൈമുകള്‍ക്ക് അതിജീവിക്കാന്‍ സാധിക്കും. ഇത് ഭൂമിയിലെ ഏതാണ്ടെല്ലാ പ്രദേശത്തും ഹക്ക് എന്‍സൈമുകള്‍ക്ക് അതിജീവനം സാധ്യമാണെന്നതിന്റെ തെളിവാണ്. 

 

ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങളെ ചാര്‍ജ് ചെയ്യാന്‍ ഭാവിയില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാനാകുമെന്ന് തന്നെയാണ് ഗവേഷകര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. ഇത് നേരിട്ട് വായുവില്‍ നിന്നോ ബാക്ടീരിയകള്‍ക്ക് പ്രത്യേകം ഹൈഡ്രജന്‍ നല്‍കിയോ ആവാം. അന്തരീക്ഷത്തിലെ ഹൈഡ്രജന്റെ അളവ് വളരെ കുറവായതിനാല്‍ ഹൈഡ്രജന്‍ നല്‍കിക്കൊണ്ടായിരിക്കും ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുക.

 

English Summary: Scientists Use Enzyme To Generate Electricity From Thin Air: How It Works

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com