ADVERTISEMENT

എണ്ണ സമ്പത്താണ് ഗൾഫ് രാജ്യങ്ങളെ അത്യുന്നതങ്ങളിൽ എത്തിച്ചത്. എന്നാൽ മറ്റുരാജ്യങ്ങൾ സാങ്കേതിക, ശാസ്ത്ര മേഖലകളിൽ കുതിപ്പ് നടത്തിയപ്പോൾ ഗൾഫ് രാജ്യങ്ങൾ അത്തരം മേഖലകൾ മറന്നു. എന്നാൽ നിലവിലെ സാഹചര്യങ്ങൾ മറികടക്കാൻ ഏറെ വൈകിയാണെങ്കിലും ഗൾഫ് രാജ്യങ്ങളെല്ലാം സാങ്കേതിക മേഖലകളിൽ സജീവമായി കഴിഞ്ഞു. യുഎഇ, സൗദി അറേബ്യ രാജ്യങ്ങളെല്ലാം എണ്ണവില ഇടിവിനെ മറികടക്കാൻ യുദ്ധകാലടിസ്ഥാനത്തിൽ ടെക്നോളജി നടപ്പിലാക്കുകയാണ്.

 

∙ പുതിയ നീക്കവുമായി സൗദി

 

ഐക്യരാഷ്ട്ര സഭയുടെ ബഹിരാകാശ കരാറില്‍ നിന്നും ആദ്യമായി പുറത്തു വരുന്ന രാജ്യമായി കഴിഞ്ഞ ജനുവരിയില്‍ സൗദി അറേബ്യ മാറി. അവരുടെ ചാന്ദ്ര പര്യവേഷണ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ തന്ത്രപരമായ പിന്മാറ്റം. 1979ല്‍ നിലവില്‍ വന്ന ഈ യുഎന്‍ കരാറില്‍ അമേരിക്കയും സോവിയറ്റ് യൂണിയനും അടക്കമുള്ള രാജ്യങ്ങള്‍ ഒരിക്കലും ഒപ്പുവച്ചിട്ടു പോലുമില്ല. 2012ല്‍ മാത്രം ഒപ്പുവെച്ച സൗദിയാവട്ടെ പിന്നീട് അവരുടെ ബഹിരാകാശ സ്വപ്‌നങ്ങള്‍ വിപുലമായതോടെ കരാറില്‍ നിന്നും പിന്മാറുകയും ചെയ്തിരിക്കുന്നു. 

 

ചന്ദ്രനിലേക്കുള്ള പര്യവേഷണങ്ങളില്‍ ഇന്ന് അമേരിക്കയും ചൈനയും മാത്രമല്ല ബഹിരാകാശ മേഖലയിലെ സ്വകാര്യ കമ്പനികള്‍ പോലും പരസ്പരം മത്സരിക്കുന്നുണ്ട്. അമേരിക്കന്‍ ബഹിരാകാശ കമ്പനികളാവട്ടെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പലതിനേയും തങ്ങളുടെ റോക്കറ്റുകളും ബഹിരാകാശ നിലയങ്ങളും സാറ്റലൈറ്റുകളുമെല്ലാം വില്‍ക്കാവുന്ന ഉപഭോക്താക്കളായും കണക്കിലെടുത്തു തുടങ്ങി. ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്ക തയാറാക്കിയിട്ടുള്ള ആര്‍ട്ടെമിസ് കരാറില്‍ സൗദി ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. ഭൂമിക്ക് വെളിയില്‍ നിന്നുള്ള മഞ്ഞു മുതല്‍ വിവിധ അമൂല്യ മൂലകങ്ങള്‍ വരെയുള്ളവ ഖനനം ചെയ്യാനും സ്വന്തമാക്കാനും സൗദി അടക്കമുള്ള രാജ്യങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നാണ് ഈ നീക്കം നല്‍കുന്ന സൂചന. 

 

space-station

∙ സ്വന്തം ബഹിരാകാശ പദ്ധതിക്ക് രണ്ടു വഴി

 

ഏതൊരു രാജ്യത്തിനും പുതിയൊരു ബഹിരാകാശ പദ്ധതിയുണ്ടാക്കുകയെന്നത് വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഒന്നുകില്‍ ആ രാജ്യം തന്നെ സാങ്കേതിക സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കണം. അല്ലെങ്കില്‍ സാങ്കേതിക സംവിധാനങ്ങള്‍ പണം കൊടുത്തു വാങ്ങണം. എണ്ണസമ്പന്ന രാഷ്ട്രമായ സൗദി അറേബ്യ രണ്ടാമത്തെ വഴിയാണ് സ്വീകരിച്ചത്. 

 

വരുന്ന ഏപ്രിലില്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് സൗദിയുടെ സഞ്ചാരികള്‍ എത്തും. ഹൂസ്റ്റണില്‍ നിന്നുള്ള ആക്‌സിം സ്‌പേസ് എന്ന ബഹിരാകാശ കമ്പനിയാണ് ഈ ദൗത്യത്തിന് വേണ്ട സാങ്കേതിക സഹായം സൗദിക്ക് നല്‍കുന്നത്. മൂന്ന്- അഞ്ച് വര്‍ഷങ്ങളുടെ ഇടവേളയില്‍ ബഹിരാകാശ യാത്രികരെ അയക്കുമെന്ന് യുഎഇയും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ദൗത്യങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളുടെ ബഹിരാകാശ സ്വപ്‌നങ്ങളെ കൂടുതല്‍ യാഥാര്‍ഥ്യമാക്കും. 

 

2020ല്‍ യുഎഇയുടെ ആദ്യ ചൊവ്വാ ദൗത്യവും അമേരിക്കന്‍ കമ്പനികളുടെ സാങ്കേതിക സഹായത്തിലായിരുന്നു. ചൊവ്വാ ദൗത്യത്തിന് വേണ്ട സാങ്കേതിക സൗകര്യങ്ങളെല്ലാം യുഎഇ പണം കൊടുത്തു വാങ്ങുകയായിരുന്നു. 2019ല്‍ സൗദി അവരുടെ ആദ്യ കൃത്രിമോപഗ്രഹം വിക്ഷേപിച്ചത് ലോക്ഹീഡ് മാര്‍ട്ടിനുമായി സഹകരിച്ചാണ്. 2030 ആകുമ്പോഴേക്കും തങ്ങളുടെ പൗരനെ ചന്ദ്രനില്‍ ഇറക്കുക എന്നതാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സാങ്കേതികമായുള്ള വെല്ലുവിളിയേക്കാള്‍ രാഷ്ട്രീയമായ വെല്ലുവിളികളാണ് ഈ ലക്ഷ്യത്തിലേക്കെത്താന്‍ സൗദിക്ക് മുന്നിലുണ്ടാവുക.

 

∙ ബഹിരാകാശത്തെ രാഷ്ട്രീയം

 

എല്ലാ മേഖലയിലും അമേരിക്കയുമായി നല്ല ബന്ധത്തിലല്ല സൗദിയുള്ളത്. യുഎസ്- സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ വധിച്ചത് സൗദിയാണെന്ന് അമേരിക്ക വിശ്വസിക്കുന്നുണ്ട്. സ്ത്രീകളുടെ അവകാശങ്ങളുടെ കാര്യത്തിലും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലുമെല്ലാം അമേരിക്കക്ക് വിരുദ്ധ അഭിപ്രായങ്ങളുണ്ട്. സൗദി അറേബ്യ നേരത്തേ പുതിയ ഗോള്‍ഫ് ലീഗ് ആരംഭിക്കാന്‍ ശ്രമിച്ചപ്പോഴും പ്രീമിയര്‍ ലീഗിലെ ഒരു ക്ലബിനെ വാങ്ങാന്‍ ശ്രമിച്ചപ്പോഴുമെല്ലാം വലിയ തോതില്‍ വിവാദങ്ങളുണ്ടായിരുന്നു. സമാനമായ വഴിയിലൂടെ തന്നെയാവും സൗദിയുടെ ബഹിരാകാശ പദ്ധതിയും മുന്നോട്ടു പോവുക. 

 

സൗദിയും യുഎഇയും അടക്കമുള്ള പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങള്‍ അമേരിക്കയെ പോലെ ചൈനയേയും ബഹിരാകാശ രംഗത്തെ മുന്നേറ്റത്തിനായി ആശ്രയിച്ചേക്കുമെന്ന സൂചനകളും ഉയരുന്നുണ്ട്. ഇത് കാര്യങ്ങളെ സങ്കീര്‍ണമാക്കിയേക്കും. കാരണം ചൈനയുമായുള്ള ബഹിരാകാശ ബന്ധങ്ങളെ വിശ്വാസവഞ്ചനയായാണ് അമേരിക്ക കണക്കാക്കുക. ബഹിരാകാശ രംഗത്തെ അതിവേഗം വളരുന്ന ശക്തിയായ ചൈനയെ യൂറോപ്യന്‍ രാജ്യങ്ങള്‍ പോലും ആശ്രയിക്കുന്നുണ്ട്. എങ്കിലും അമേരിക്കയേയും അവരുടെ കമ്പനികളെയാണ് കൂടുതല്‍ ആശ്രയിക്കുന്നതെന്നു മാത്രം. ഈയൊരു തന്ത്രം തന്നെയാവും പശ്ചിമേഷ്യന്‍ രാജ്യങ്ങളും പയറ്റുക. കാര്യങ്ങള്‍ അനുകൂലമായി വന്നാല്‍ ചൈനയും അമേരിക്കയും തമ്മിലുള്ള ബഹിരാകാശ ബന്ധങ്ങളില്‍ ഇടനിലക്കാരായി പോലും പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ മാറാനും സാധ്യതയുണ്ട്.

∙ ആദ്യ സഞ്ചാരികൾ റയ്യാന ബർണവിയും അലി അൽ ഖർനിയും

സൗദിയിലെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരി റയ്യാന ബർണവിയെയും സൗദി പുരുഷ ബഹിരാകാശ സഞ്ചാരി അലി അൽ ഖർനിയെയും ഈ വർഷം തന്നെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് അയക്കുമെന്നു സൗദി അറേബ്യ അറിയിച്ചു കഴിഞ്ഞു. സൗദിയിലെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാണ് റയ്യാന ബർണവി. അലി അൽ ഖർനി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് റയ്യാനയെ അനുഗമിക്കും.

മനുഷ്യരാശിയെ സേവിക്കുന്നതിനും ബഹിരാകാശ വ്യവസായം നൽകുന്ന വാഗ്ദാനമായ അവസരങ്ങളിൽ നിന്ന് പ്രയോജനം നേടുന്നതിനും ആരോഗ്യം, സുസ്ഥിരത, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ നിരവധി മേഖലകളിൽ ശാസ്ത്രീയ ഗവേഷണത്തിന് സംഭാവന നൽകുന്നതിനും ലക്ഷ്യമിട്ടുള്ള മനുഷ്യ ബഹിരാകാശ യാത്രയിലെ ദേശീയ കഴിവുകൾ ശാക്തീകരിക്കുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്. ബഹിരാകാശ സഞ്ചാരികളായ ബർനാവിയും അൽ ഖർനിയും എഎക്‌സ്-2 ബഹിരാകാശ ദൗത്യത്തിന്റെ സംഘത്തോടൊപ്പം ചേരും.

കൂടാതെ സൗദി ഹ്യൂമൻ സ്‌പേസ് ഫ്‌ളൈറ്റ് പ്രോഗ്രാമിന്റെ ഭാഗമായി തുടർ പരിശീലനത്തിന് ഒരു വനിത ഉൾപ്പെടെ രണ്ട് ബഹിരാകാശ സഞ്ചാരികളെ അയക്കാനും തീരുമാനിച്ചിട്ടുണ്ട്. മറിയം ഫർദൂസ്, അലി അൽ ഗാംദി എന്നിവരെ വിദഗ്ധ പരിശീലനത്തിന് അയക്കും. സൗദി സ്‌പേസ് കമ്മീഷൻ ചെയർമാൻ അബ്ദുല്ല അൽ സ്വാഹ ബഹിരാകാശ പദ്ധതിക്ക് പരിധിയില്ലാത്ത പിന്തുണ നൽകാൻ രാജ്യത്തിന്റെ നേതൃത്വം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു.

സാങ്കേതികവിദ്യ, എഞ്ചിനീയറിങ്, ഗവേഷണം, നവീകരണം തുടങ്ങി നിരവധി മേഖലകളിലെ രാജ്യങ്ങളുടെ മികവിന്റെയും ആഗോള മത്സരക്ഷമതയുടെയും പ്രതീകമാണ് മനുഷ്യ ബഹിരാകാശ യാത്ര. ഈ ദൗത്യം ചരിത്രപരമാണ്, കാരണം ഒരേ രാജ്യക്കാരായ രണ്ട് ബഹിരാകാശ സഞ്ചാരികളെ ഒരേസമയം രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുവരുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി ഇത് രാജ്യത്തെ മാറ്റുമെന്നുമെന്നാണ് കരുതുന്നത്.

രാജ്യാന്തര പങ്കാളികൾക്ക് പുറമെ പ്രതിരോധ മന്ത്രാലയം, കായിക മന്ത്രാലയം, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രി ആൻഡ് റിസർച് സെന്റർ എന്നിവയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി വരുന്നതെന്നും സൗദി സ്പേസ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു.
 

English Summary: How Middle Eastern ambitions are fueling the space industry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com