ADVERTISEMENT

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം യുഎസ് ബഹിരാകാശ ഏജൻസി നാസ ആ പേരുകൾ പുറത്തുവിട്ടു. ചന്ദ്രയാത്രാ പദ്ധതിയായ ആർട്ടെമിസിന്റെ രണ്ടാം ദൗത്യത്തിലെ 4 സഞ്ചാരികളെയാണ് നാസ പ്രഖ്യാപിച്ചത്. അമേരിക്കക്കാരായ 2 പുരുഷന്മാരും ഒരു വനിതയും കൂടാതെ ഒരു കാനഡക്കാരനാണ് സംഘത്തിലുള്ളത്. ക്രിസ്റ്റീന കോക്, ജെർമി ഹാൻസൻ, വിക്ടർ ഗ്ലോവർ, റീഡ് വൈസ്മെൻ എന്നിവർ അടുത്ത 2 വർഷത്തേക്ക് പദ്ധതിയുടെ ഭാഗമാകും. 10 ദിവസത്തെ ദൗത്യത്തിൽ ഇവർ ആർട്ടെമിസ് രണ്ടിൽ ചന്ദ്രനു ചുറ്റും സഞ്ചരിക്കും. 

 

∙ ആരാണ് ക്രിസ്റ്റീന കോക്?

christina-koch-01

 

മിഷിഗണിലെ ഗ്രാന്റ് റാപിഡ്‌സ് സ്വദേശിയാണ് ക്രിസ്റ്റീന കോക്. 328 ദിവസവും 13 മണിക്കൂറും 58 മിനിറ്റും ബഹിരാകാശത്ത് കഴിഞ്ഞ ആദ്യ വനിത കൂടിയാണ് ക്രിസ്റ്റീന. ഒറ്റയടിക്ക് ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് കഴിഞ്ഞതിന്റെ റെക്കോഡുണ്ട് ഈ 44കാരിക്ക്. 2019ലും 2020ലുമായാണ് ക്രിസ്റ്റിന 328 ദിവസം ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞത്. ആദ്യത്തെ വനിതാ ബഹിരാകാശ നടത്തത്തിന്റെ റെക്കോർഡിലും ക്രിസ്റ്റിനയുടെ പേരുണ്ട്. ആറ് തവണയായി 42 മണിക്കൂറും 15 മിനിറ്റും ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയിട്ടുണ്ട് ഇവര്‍. ഒറ്റയടിക്ക് 328 ദിവസം ബഹിരാകാശത്ത് കഴിയുക എന്നത് ഇവരുടെ സഹനശേഷിയേയാണ് കാണിക്കുന്നത്.

 

christina

2016-17 ൽ നാസയുടെ മുൻ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്സൺ സ്ഥാപിച്ച 288 ദിവസത്തെ റെക്കോർഡിനെ മറികടന്നാണ് ഏറ്റവും ദൈർഘ്യമേറിയ ഒറ്റ ബഹിരാകാശ യാത്രയ്ക്കുള്ള പുതിയ റെക്കോർഡ് ക്രിസ്റ്റീന കോക് സ്ഥാപിച്ചത്. 2019 മാർച്ച് 14 ന് ബഹിരാകാശ നിലയത്തിലെത്തിയ ക്രിസ്റ്റീന കോക് ആറുമാസത്തെ സാധാരണ ദൗത്യത്തിലായിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ദീർഘകാല ബഹിരാകാശ യാത്രയുടെ ഫലങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി നാസ അവരുടെ താമസം നീട്ടുകയായിരുന്നു.

 

ഭൂമിയ്ക്ക് ചുറ്റും 5,248 തവണയാണ് കോക് സഞ്ചരിച്ചത്. 13.9 കോടി മൈൽ യാത്ര ചെയ്തു. ഇത് ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള 291 റൗണ്ട് യാത്രകൾക്ക് തുല്യമാണ്. 11 മാസത്തെ ദൗത്യത്തിൽ അവർ സ്റ്റേഷന് പുറത്ത് 42 മണിക്കൂറും 15 മിനിറ്റും ചെലവഴിച്ചു. നിലയത്തിലേക്ക് എത്തിയ ഒരു ഡസൻ വാഹനങ്ങളുടെ വരവിനും മറ്റൊരു ഡസൻ പുറപ്പെടലിനും കോച്ച് സാക്ഷിയായി.

 

2013ലാണ് ക്രിസ്റ്റീന കോക് നാസയിൽ ചേർന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ISS) ഫ്ലൈറ്റ് എൻജിനീയറായും പ്രവർത്തിച്ചിട്ടുണ്ട്. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിലും ഫിസിക്സിലും ബിരുദവും ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദവും നേടിയ ക്രിസ്റ്റീന ബഹിരാകാശ യാത്രികയാകുന്നതിന് മുൻപ് കോക് ബഹിരാകാശ ശാസ്ത്ര ഉപകരണ നിർമാണ ഗവേഷണത്തിലായിരുന്നു. ഗൊദാർഡ് സ്‌പേസ് ഫ്ലൈറ്റ് സെന്ററിൽ (ജിഎസ്‌എഫ്‌സി) ഇലക്ട്രിക്കൽ എൻജിനീയറായാണ് ക്രിസ്റ്റീന കോക്കിന്റെ കരിയർ തുടങ്ങിയത്.

 

സോയൂസ് എംഎസ് -12 ബഹിരാകാശ പേടകത്തിൽ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് 2019 ലാണ് ക്രിസ്റ്റീന കോക് ആദ്യമായി ബഹിരാകാശത്തേക്ക് തിരിച്ചത്. നാസയുടെ നിരവധി ദൗത്യങ്ങളുടെ ഭാഗമാകാനും ക്രിസ്റ്റീനയ്ക്ക് സാധിച്ചിട്ടുണ്ട്. ബയോളജി, എർത്ത് സയൻസ്, ഹ്യൂമൻ റിസർച്ച്, ഫിസിക്കൽ സയൻസ്, ടെക്നോളജി വികസനം എന്നിവയുമായി ബന്ധപ്പെട്ട നൂറുകണക്കിന് പരീക്ഷണങ്ങൾക്ക് ക്രിസ്റ്റീന കോക് സംഭാവന നൽകിയിട്ടുണ്ട്.

 

English Summary: Who is Christina Koch? NASA astronaut set for womankind's giant leap

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com