ADVERTISEMENT

ചൂടു കൂടുന്നതിനാല്‍ മാംസം കഴിക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കടല്‍തീരങ്ങളില്‍ വര്‍ധിച്ചേക്കുമെന്ന് പഠനം. വിബ്രിയോ വള്‍നിഫിക്കസ് എന്ന ബാക്ടീരിയയുടെ സാന്നിധ്യം വര്‍ധിക്കുമെന്നാണ് സയന്റിഫിക് റിപ്പോര്‍ട്‌സില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. അന്തരീക്ഷ താപനില ഉയരുന്നതിനാല്‍ കടല്‍ തീരങ്ങളിൽ പോകുന്നവര്‍ സൂക്ഷിക്കണമെന്നാണ് പഠനത്തിനു നേതൃത്വം നല്‍കിയ ജിയോസയന്റിസ്റ്റ് എലിസബത്ത് ആര്‍ച്ചര്‍ പറയുന്നത്. 

 

ലഭ്യമായ വിവരങ്ങള്‍ വച്ച് ഭാവിയിലെ രോഗസാധ്യതകളെ മുന്‍കൂട്ടി കാണുന്ന പഠനത്തിനാണ് ആര്‍ച്ചറും കൂട്ടാളികളും നേതൃത്വം നല്‍കിയത്. പ്രധാനമായും അമേരിക്കന്‍ തീരങ്ങളില്‍ കാണപ്പെടുന്ന മാംസം തിന്നുന്ന ബാക്ടീരിയകളെക്കുറിച്ചാണ് ഇവര്‍ പഠിച്ചത്. 21–ാം നൂറ്റാണ്ടിന്റെ അവസാനത്തോട് അടുക്കുമ്പോഴേക്കും വിബ്രിയോ വള്‍നിഫിക്കസ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ അമേരിക്കയുടെ കൂടുതല്‍ തീരങ്ങളിലേക്ക് വ്യാപിക്കുമെന്നും അന്തരീക്ഷ താപനിലയിലുണ്ടാവുന്ന വര്‍ധന ഇതിന്റെ ആക്കം കൂട്ടുമെന്നുമാണ് പഠനം പറയുന്നത്. 

 

വിബ്രിയോ വള്‍നിഫിക്കസ് ആക്രമണങ്ങളുടെ എണ്ണത്തില്‍ 1988നും 2018നും ഇടയില്‍ പ്രതിവര്‍ഷം പത്ത് കേസുകള്‍ മുതല്‍ 80 കേസുകള്‍ വരെയായി വര്‍ധിച്ചിട്ടുണ്ട്. 2100 ആകുമ്പോഴേക്കും ഇത് പ്രതിവര്‍ഷം 200 കേസുകളാവുമെന്നാണ് മുന്നറിയിപ്പ്. വളരെ അപകടകാരിയായ ബാക്ടീരിയയാണ് വിബ്രിയോ വള്‍നിഫിക്കസ്. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്റെ കണക്കുകള്‍ പ്രകാരം ഈ മാംസം തിന്നുന്ന ബാക്ടീരിയകളുടെ ആക്രമണത്തിന് ഇരയാവുന്ന അഞ്ചില്‍ ഒരാള്‍ക്ക് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ജീവന്‍ നഷ്ടപ്പെടുന്നുണ്ട്. 

 

ശരീരത്തില്‍ എന്തെങ്കിലും തുറന്ന മുറിവുകളോ പോറലുകളോ ഉള്ളവര്‍ കടലില്‍ ഇറങ്ങിയാല്‍ ഇത്തരം ബാക്ടീരിയയുടെ ആക്രമണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചും ശുദ്ധജലവും സമുദ്രജലവും ചേരുന്ന ഭാഗങ്ങളിലാണ് ഇത്തരം ബാക്ടീരിയകള്‍ കൂടുതലായി കണ്ടുവരുന്നത്. നിങ്ങളുടെ ശരീരത്തിലേക്കെത്തുന്ന മാംസം തിന്നുന്ന ബാക്ടീരിയ ആദ്യം രക്തവ്യൂഹത്തിലാണ് പ്രവേശിക്കുന്നത്. തുടര്‍ന്ന് ഇരകളില്‍ പനി വിറയല്‍ രക്തസമ്മര്‍ദം കുറയുക ദേഹം തടിച്ചു പൊന്തുക തുടങ്ങിയ പല ലക്ഷണങ്ങളും കാണിച്ചു തുടങ്ങുന്നു.

 

English Summary: Flesh-eating bacteria infections may rise as climate warms, study finds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com