നിമിഷങ്ങൾക്കുള്ളിൽ പല്ലുകള്‍ക്ക് ഡെന്റല്‍ ക്രൗണുകള്‍ നിര്‍മിക്കാം, എഐ വിജയകരമെന്ന് ഗവേഷകർ
Mail This Article
നിര്‍മിത ബുദ്ധി ഉപയോഗിച്ച് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഡെന്റല്‍ ക്രൗണുകള്‍ നിര്‍മിക്കുന്നതില്‍ വിജയിച്ച് ഗവേഷകര്‍. ഹോങ്കോങ് സര്‍വകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള രാജ്യാന്തര സംഘമാണ് നിര്‍മിത ബുദ്ധി ഉപയോഗിച്ച് സാമ്പ്രദായിക രീതിയില്‍ നിര്‍മിക്കുന്നതിനേക്കാള്‍ വേഗത്തിലും കാര്യക്ഷമമായും ഡെന്റല്‍ ക്രൗണുകള്‍ നിര്‍മിച്ചിരിക്കുന്നത്. നിര്‍മിത ബുദ്ധിയുടെ പുതിയ ഉപയോഗം ദന്ത പരിചരണ രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താനിടയുണ്ടെന്ന് ഗവേഷകർ പറഞ്ഞു.
പല്ലുകള്‍ക്ക് അപകടങ്ങളിലോ മറ്റോ കാര്യമായ ക്ഷതമേല്‍ക്കുന്നവര്‍ക്കും റൂട്ട്കനാല്‍ നിര്‍ദേശിക്കുന്നവര്‍ക്കുമാണ് ഡെന്റല്‍ ക്രൗണുകള്‍ അഥവാ ദന്ത കിരീടങ്ങള്‍ വയ്ക്കാന്‍ നിര്‍ദേശിക്കാറ്. സാധാരണ പല്ലുകളോട് പരമാവധി രൂപസാമ്യമുള്ളവയായിരിക്കും ഇവ. ഡെന്റല്‍ ക്രൗണുകള്‍ വയ്ക്കേണ്ട പല്ലുകളോട് ചേര്‍ന്നുള്ള പല്ലുകളുടെ വിവരങ്ങള്‍ ശേഖരിച്ചാണ് നിര്‍മിത ബുദ്ധി ഡെന്റല്‍ ക്രൗണുകള്‍ നിര്‍മിക്കുന്നത്. യഥാര്‍ഥ പല്ലുകളോട് പരമാവധി സാമ്യത പുലര്‍ത്തുന്ന ഈ എഐ നിര്‍മിത പല്ലുകള്‍ മറ്റു ഡെന്റല്‍ ക്രൗണുകളെ അപേക്ഷിച്ച് മറ്റു പല്ലുകളുമായി കൂടുതല്‍ യോജിക്കുന്നുമുണ്ട്.
നിലവില്‍ ഡെന്റല്‍ ക്രൗണ്‍ നിര്‍മിക്കാന്‍ അഞ്ചു മുതല്‍ 15 മിനിറ്റു വരെയാണ് എടുക്കുന്നത്. എന്നാല്‍ ഡെന്റല്‍ ക്രൗണുകളുടെ നിര്‍മാണത്തിനു രാജ്യാന്തര തലത്തില്‍ ഒരു പൊതു നിലവാരമില്ല. മാത്രമല്ല ഉപയോഗിച്ചു നോക്കിയാണ് ഇവയുടെ ഫലപ്രാപ്തി പരീക്ഷിക്കാറ്. നിലവിലെ രീതികളില്‍ നിര്‍മിച്ചെടുക്കുന്ന ഡെന്റല്‍ ക്രൗണുകള്‍ക്ക് പലപ്പോഴും വലുപ്പം കൂടുതലോ കുറവോ ആവാറുണ്ട്. രോഗികള്‍ക്ക് എന്തെങ്കിലും തരത്തില്‍ അസൗകര്യം അനുഭവപ്പെട്ടാല്‍ അവ മാറ്റി പുതിയത് നിര്‍മിക്കുകയും ചെയ്യും.
മനുഷ്യരുടെ 600 ആരോഗ്യകരമായ പൂര്‍ണ ദന്ത നിരകളുടെ വിവരങ്ങള്‍ നല്‍കിയാണ് നിര്‍മിത ബുദ്ധിയെ ഗവേഷകര്‍ പഠിപ്പിച്ചെടുത്തത്. ഏതാണ്ട് 1.50 ലക്ഷം കണക്കുകൂട്ടലുകളിലൂടെ കടന്നുപോയ ശേഷമാണ് ഓരോ ഡെന്റല്‍ ക്രൗണും നിര്‍മിത ബുദ്ധി വഴി നിര്‍മിക്കുന്നത്. നിര്‍മിത ബുദ്ധി വഴി നിര്‍മിച്ച ഡെന്റല്‍ ക്രൗണുകളാണ് യഥാര്‍ഥ പല്ലുകളോട് കൂടുതല്‍ സാമ്യത പുലര്‍ത്തുന്നതെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഹോങ്കോങ് സര്‍വകലാശാലയിലെ ജെയിംസ് സോയ് കിറ്റ്‌ഹോന്‍ ചൂണ്ടിക്കാണിക്കുന്നു.
ഹോങ്കോങ് സര്‍വകലാശാലയിലെ ഗവേഷകര്‍ക്കു പുറമേ ഷാങ്ഹായ്‌ടെക് യൂനിവേഴ്‌സിറ്റി, ഡ്രെക്‌സല്‍ യൂനിവേഴ്‌സിറ്റി, അമേരിക്കയിലെ യൂനിവേഴ്‌സിറ്റി ഓഫ് മിനെസോട്ട, ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. ഡെന്റല്‍ മെറ്റീരിയല്‍സ് ജേണലിലാണ് ഇവരുടെ പഠനം വിദഗ്ധ പരിശോധനക്കൊടുവില്‍ പ്രസിദ്ധീകരിച്ചു വന്നത്.
English Summary: Artificial intelligence can help to create customised dental crowns within seconds, team led by HKU scientists says