ADVERTISEMENT

അറബ് മേഖലയിൽ നിന്ന് ബഹിരാകാശത്ത് 2 യാത്രികരെയെത്തിച്ച ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് സൗദി അറേബ്യ. റയ്യന്ന ബർനാവി എന്ന വനിതയും അൽ ഖർണി എന്ന മറ്റൊരു സൗദി യാത്രികനുമാണ് ഇന്നലെ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തി പുതിയ ചരിത്രം സൃഷ്ടിച്ചത്. ബഹിരാകാശ നിലയത്തിലേക്ക് യാത്രികരെ എത്തിക്കുന്ന സ്വകാര്യദൗത്യമായ ആക്‌സിയം 2ൽ ഭാഗമായാണ് ഇരുവരും ബഹിരാകാശത്തെത്തിയത്. സൗദിക്കാരല്ലാത്ത മറ്റു 2 യാത്രികർ കൂടി ഇവർക്കൊപ്പമുണ്ടായിരുന്നു, സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്‌സിയം 2 ആണ് ദൗത്യം നടത്തുന്നത്. സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിലായിരുന്നു സംഘത്തിന്റെ യാത്ര.

 

1988 സെപ്റ്റംബറിൽ സൗദി നഗരമായ ജിദ്ദയിലാണ് റയ്യന്ന ജനിച്ചത്. ഇപ്പോൾ 34 വയസ്സുള്ള ഇവർ ബയോമെഡിക്കൽ ഗവേഷകയാണ്. ഈ ഫെബ്രുവരിയിലാണ് റയ്യന്നയെ യാത്രാസംഘത്തിൽ ഉൾപ്പെടുത്തുന്നതായി സൗദി ബഹിരാകാശ കമ്മിഷൻ അറിയിച്ചത്. ന്യൂസീലൻഡിലെ ഒട്ടാഗോ സർവകലാശാലയിൽ നിന്നും ബയോമെഡിക്കൽ സയൻസസിൽ ബിരുദമെടുത്ത റയ്യന്ന സൗദിയിലെ അൽഫൈസൽ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. കാൻസർ സ്റ്റെം സെൽ റിസർച്ചിൽ 9 വർഷത്തെ ഗവേഷണപരിചയം ഇവർക്കുണ്ട്. റിയാദിലെ കിങ് ഫൈസൽ സ്‌പെഷ്യൽറ്റി ആശുപത്രിയിൽ ഗവേഷകയായി ജോലി ചെയ്യുന്നതിനിടെയാണ് റയ്യന്നയ്ക്ക് ബഹിരാകാശ അവസരം ലഭിച്ചത്.

 

Photo: Handout/AXIOM SPACE/AFP
Photo: Handout/AXIOM SPACE/AFP

റയ്യന്നയ്ക്കും അൽ ഖർണിക്കും സൗദി ബഹിരാകാസ കമ്മിഷൻ തങ്ങളുടെ സ്‌പേസ്ഫ്‌ലൈറ്റ് പ്രോഗ്രാമിനു കീഴിൽ പരിശീലനം നൽകിയിരുന്നു.

2018ൽ ആണ് സൗദി സ്‌പേസ് കമ്മിഷൻ രൂപീകരിച്ചത്. സൗദി ഭരണകൂടം ലക്ഷ്യം വയ്ക്കുന്ന വിഷൻ 2030 പദ്ധതിയുടെ ഭാഗമായി സ്വന്തം നിലയ്ക്ക് ബഹിരാകാശ പദ്ധതി രൂപപ്പെടുത്താൻ ഉദ്ദേശ്യമുണ്ട്. സൗദി ഐടി, കമ്മ്യൂണിക്കേഷൻസ് മന്ത്രിയായ അബ്ദുല്ല അൽസ്വാഹയാണു സ്‌പേസ് കമ്മിഷനെ നയിക്കുന്നത്.

 

ആക്‌സിയം 2 ദൗത്യത്തിൽ റയ്യന്നയ്ക്ക് എന്തെങ്കിലും തടസ്സം നേരിടുന്ന പക്ഷം പകരക്കാരിയായി മറിയം ഫർദൂസ് എന്ന മറ്റൊരു വനിതയെയും സൗദി പരിഗണിച്ചു പരിശീലനം നൽകിയിരുന്നു. 38 വയസ്സുകാരിയായ മറിയം പകർച്ചവ്യാധികളെക്കുറിച്ച് പഠനം നടത്തുന്ന ഗവേഷകയാണ്. ആർട്ടിക് സമുദ്രത്തിൽ ആഴക്കടൽ ഡൈവിങ് നടത്തിയ ആദ്യ അറബ് വനിതയും ഇവരാണ്. സൗദിയിൽ ആദ്യമായി സ്‌കൂബ ഡൈവിങ് ലൈസൻസ് ലഭിച്ച വനിതയും മറിയമാണ്.

 

English Summary: First Arab female astronaut reaches space station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com