ADVERTISEMENT

പ്രവർത്തനക്ഷമമായ ശേഷം കമനീയമായ ഒട്ടേറെ പ്രപഞ്ച ചിത്രങ്ങൾക്ക് മനുഷ്യർക്കായി നൽകിയ ദൗത്യമാണ് ജെയിംസ് വെബ് ടെലിസ്‌കോപ്. ഇപ്പോഴിതാ ശ്രദ്ധേയമായ മറ്റൊരു കണ്ടെത്തലുമായി വന്നിരിക്കുകയാണ് ലോകത്തെ ഏറ്റവും ശക്തമായ ഈ ബഹിരാകാശ ടെലിസ്‌കോപ്. പ്രപഞ്ചത്തിന്റെ ഉദ്ഭവ നാളുകളിൽ സൂര്യന്റെ പതിനായിരം മടങ്ങിലധികം വലുപ്പമുള്ള അതിഭീമൻ നക്ഷത്രങ്ങൾ സ്ഥിതി ചെയ്തിരുന്നെന്നാണ് ഇപ്പോൾ ജയിംസ് വെബ് പുറത്തുവിടുന്ന തെളിവുകൾ. 

നമ്മുടെ സൂര്യനു തന്നെ 13 ലക്ഷത്തോളം ഭൂമികളെ ഉൾക്കൊള്ളാനുള്ള വലുപ്പമുണ്ട്. അപ്പോൾ പുതുതായി കണ്ടെത്തിയ ഈ നക്ഷത്രങ്ങളുടെ വലുപ്പമെത്രയെന്നത് ചിന്തനീയമാണ്. സെലസ്റ്റിയൽ മോൺസ്‌റ്റേഴ്‌സ് എന്നാണ് ഈ നക്ഷത്രങ്ങൾക്ക് ഗവേഷകർ പേര് നൽകിയിരിക്കുന്നത്. പ്രപഞ്ചത്തിന്റെ ഉദ്ഭവത്തിനു വഴിവച്ച ബിഗ്ബാങ് മഹാസ്‌ഫോടനം നടന്ന് 44 കോടി വർഷങ്ങൾക്കു ശേഷമാണ് ഇവ പ്രപഞ്ചത്തിൽ സ്ഥിതി ചെയ്തതെന്ന് ഗവേഷകർ പറയുന്നു. ജയിംസ് വെബ് പ്രപഞ്ചത്തിന്റെ വിദൂരമേഖലകളിലേക്കു നോക്കുന്ന ബഹിരാകാശ ടെലിസ്‌കോപാണ്. ഇതുവഴി പ്രപഞ്ചത്തിന്റെ അനാദികാലത്തെ സവിശേഷതകൾ കൂടിയാണ് ടെലിസ്‌കോപ് തിരയുന്നത്.

സ്വിറ്റ്‌സർലൻഡിലെ ജനീവ സർവകലാശാലയിൽ നിന്നുള്ള ഗവേഷകയായ കോറിൻ ചാർബണലും സംഘവുമാണ് ഗവേഷണത്തിനു പിന്നിൽ. ദശലക്ഷക്കണക്കിന് നക്ഷത്രങ്ങൾ തിങ്ങിനിറഞ്ഞ ഗ്ലോബുലർ ക്ലസ്‌റ്റേഴ്‌സിൽ നിന്നുള്ള രാസസിഗ്നലുകൾ ജയിംസ് വെബ്ബിന്റെ സ്‌പെക്ട്രോമീറ്റർ വിലയിരുത്തിയാണ് നിർണായകമായ കണ്ടെത്തൽ നടത്തിയത്. ഭൂമിയിൽ നിന്ന് 1330 കോടി പ്രകാശവർഷങ്ങൾ അകലെയുള്ള ഗാലക്‌സി സെഡ്-11 എന്ന വിദൂരഗാലക്‌സിയിലായിരുന്നു ഗവേഷണം. പ്രപഞ്ചത്തിൽ കണ്ടെത്തപ്പെട്ടിട്ടുള്ളതിൽ ഏറ്റവും പഴക്കമേറിയ ഗാലക്‌സികളിലൊന്നാണ് ഇത്.

ഈ ആദിമ താരക്കൂട്ടത്തിലെ നക്ഷത്രങ്ങൾക്കു ചുറ്റും ശക്തമായ നൈട്രജൻ സാന്നിധ്യമുണ്ടെന്ന് ഗവേഷകർ സ്‌പെക്ട്രോസ്‌കോപ്പി ഉപയോഗിച്ച് തെളിയിച്ചു. ഇത്രയും ശക്തമായ ഒരു നൈട്രജൻ ആവരണം നക്ഷത്രങ്ങൾക്കു ചുറ്റും ഉണ്ടാകുന്നത് അതിഭീമൻ നക്ഷത്രങ്ങളുടെ പ്രത്യേകതയാണെന്നും ഗവേഷകർ പറയുന്നു. അസ്‌ട്രോണമി ആൻഡ് അസ്‌ട്രോഫിസിക്‌സ് എന്ന പ്രശസ്ത ജേണലിൽ ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിച്ചു. സൂര്യനേക്കാൾ പതിനായിരം മടങ്ങ് തിളക്കത്തിലാകാം ഇവ ആദിമപ്രപഞ്ചത്തിൽ സ്ഥിതി ചെയ്തത്. എന്നാൽ പിൽക്കാലത്ത് ഹൈപ്പർനോവ എന്നറിയപ്പെടുന്ന അതിഗംഭീര പ്രപഞ്ചസ്‌ഫോടനങ്ങളിൽ ഇവ നശിച്ചു.

 

English Summary: James Webb Telescope Finds Evidence Of ''Celestial Monster'' Stars The Size of 10,000 Suns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com