ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ 21 കിലോമീറ്റര്‍ വിസ്തൃതിയും നാലു കിലോമീറ്റര്‍ ആഴവുമുള്ള വലിയൊരു ഗര്‍ത്തമുണ്ട്. ഈ ഗർത്തത്തിൽ ഇറങ്ങാനൊരുങ്ങുകയാണ് ചൈനയും അമേരിക്കയും. ഷാക്കില്‍ട്ടണ്‍ എന്ന പേരുള്ള ഈ ഗര്‍ത്തത്തിന്റെ തുടര്‍ച്ചയായി സൂര്യപ്രകാശം ലഭിക്കുന്ന മുകള്‍ഭാഗത്ത് ഉയർന്ന ചൂടാണ്. എന്നാല്‍ താഴേക്കു പോകും തോറും തണുപ്പ് കൂടി മഞ്ഞുറഞ്ഞ ഭാഗങ്ങള്‍ വരെയുണ്ടെന്ന് കരുതപ്പെടുന്നു. ജലസാന്നിധ്യമുണ്ടെന്ന് പ്രതീക്ഷിക്കുന്ന ഈ പ്രദേശത്ത് കൂടുതല്‍ ഗവേഷണങ്ങൾക്കായി ഭാവിയില്‍ അമേരിക്കയും ചൈനയും സഹകരിക്കാനുള്ള സാധ്യതയും ഉണ്ട്.
ജീവന്റെ സാധ്യത കല്‍പിക്കപ്പെടുന്ന ഷാക്കില്‍ട്ടണ്‍ ഗര്‍ത്തത്തിലായിരിക്കും ഭാവിയിലെ അമേരിക്കയുടേയും ചൈനയുടേയും ചാന്ദ്ര ദൗത്യങ്ങള്‍ ഇറങ്ങുക. ഈ വര്‍ഷം അവസാനത്തോടെ അമേരിക്കയുടേയും 2026ല്‍ ചൈനയുടേയും ചാന്ദ്ര ദൗത്യങ്ങള്‍ സംഭവിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോള്‍ രണ്ടു രാജ്യങ്ങളും സ്വതന്ത്രമായാണ് ചാന്ദ്ര ദൗത്യങ്ങളുമായി മുന്നോട്ടു പോവുന്നതെങ്കിലും ഭാവിയില്‍ ഷാക്കില്‍ട്ടണ്‍ ഗര്‍ത്തത്തിന്റെ പേരില്‍ സഹകരിക്കാനുള്ള സാധ്യത തള്ളാനാവില്ല.
ഷാക്കില്‍ട്ടണ്‍ ഗര്‍ത്തത്തില്‍ ഹൈഡ്രജനും ഓക്‌സിജനും ചേര്‍ന്നുള്ള മഞ്ഞു കട്ടകളുടെ സാന്നിധ്യം കണ്ടെത്താനായാല്‍ തന്നെ അത് വലിയ നേട്ടമാവും. ഈ മഞ്ഞുകട്ടയില്‍ നിന്നും വായുവും കുടിവെള്ളവും ഇന്ധനവുമെല്ലാം നിര്‍മിക്കാനാവും. അതുകൊണ്ടുതന്നെ ഭാവിയിലെ ചന്ദ്രനിലെ മനുഷ്യ കോളനിക്കുള്ള അടിസ്ഥാനമായി ഈ മഞ്ഞുകട്ടകള്‍ മാറുകയും ചെയ്യും.
2007ല്‍ ചാങ് ഇ 1 ലൂണാര്‍ ഓര്‍ബിറ്റര്‍ വിക്ഷേപിക്കുന്നതോടെയാണ് ചൈനയുടെ ചാന്ദ്ര ദൗത്യങ്ങള്‍ ആരംഭിക്കുന്നത്. 2028ല്‍ ചന്ദ്രനില്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. എതിര്‍പക്ഷം ചന്ദ്രനിലെ പല മേഖലകളിലും അവകാശവാദം ഉന്നയിക്കുമെന്ന ആശങ്ക ചൈനക്കും അമേരിക്കക്കുമുണ്ട്.
2011ലെ വൂള്‍ഫ് അമെന്‍ഡ്‌മെന്റ് നിയമപ്രകാരം നാസക്ക് ചൈനീസ് സ്ഥാപനങ്ങളുമായി നേരിട്ട് പങ്കാളികളാവാന്‍ സാധിക്കില്ല. ഈ നിയന്ത്രണങ്ങള്‍ ചൈനയുമായുള്ള ബഹിരാകാശ മത്സരം വര്‍ധിപ്പിക്കുമെന്ന ആശങ്ക നാസ മേധാവി അടക്കം പ്രകടിപ്പിച്ചു കഴിഞ്ഞു. ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യം ആദ്യം കണ്ടെത്തുകയും കോളനി സ്ഥാപിക്കുകയും ചെയ്യുന്ന രാജ്യത്തിന് ബഹിരാകാശ മത്സരത്തില്‍ മേല്‍ക്കൈ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇപ്പോഴും ചാങ് ഇ 7 ദൗത്യം ചന്ദ്രനില്‍ എവിടെയിറങ്ങുമെന്ന് ചൈന പറഞ്ഞിട്ടില്ലെങ്കിലും ഷാക്കില്‍ട്ടണ്‍ ഗര്‍ത്തം തന്നെയാണ് സാധ്യതയില്‍ മുന്നിലുള്ളത്. കഴിഞ്ഞ മാസം ചൈനീസ് നഗരമായ ഹെഫെയില്‍ നടന്ന ബഹിരാകാശ ശാസ്ത്ര കോണ്‍ഫറന്‍സില്‍ ചൈനയുടെ ഡീപ് സ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ പ്രോഗ്രാമിന്റെ ചീഫ് എൻജിനീയറായ വു യാന്‍ഹുവ ഷാക്കില്‍ട്ടന്‍ ഗര്‍ത്തത്തിന്റെ തെക്കു കിഴക്കന്‍ മേഖല ചാങ് ഇ 7ന് ഇറങ്ങാന്‍ അനുയോജ്യമാണെന്ന് പറഞ്ഞിരുന്നു.
മുകള്‍ ഭാഗത്ത് പകല്‍സമയത്ത് 120 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുകൂടുന്ന ഷാക്കില്‍ട്ടണ്‍ ഗര്‍ത്തത്തിന്റെ ഉള്ളില്‍ മഞ്ഞുണ്ടെന്നാണ് കരുതപ്പെടുന്നത്. ഒരേസമയം മനുഷ്യ പേടകങ്ങള്‍ക്ക് സൂര്യ പ്രകാശത്തില്‍ നിന്നും ഊര്‍ജം സ്വീകരിക്കാനാവുന്നതും ജല സാന്നിധ്യമുണ്ടായേക്കാവുന്നതുമായ പ്രദേശങ്ങള്‍ ചന്ദ്രനില്‍ കുറവാണ്. തുടക്കത്തിലെങ്കിലും ചന്ദ്രനില്‍ ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതില്‍ സ്ഥലത്തിനു വേണ്ടി അമേരിക്കയും ചൈനയും തമ്മില്‍ മത്സരമുണ്ടാവില്ല. കാരണം ഷാക്കില്‍ട്ടണ്‍ ഗര്‍ത്തത്തില്‍ ഏതാണ്ട് 100 ചതുരശ്ര കിലോമീറ്ററോളം വിസ്തൃതിയില്‍ പേടകങ്ങള്‍ക്ക് ഇറങ്ങാനാവുന്ന പ്രദേശങ്ങളുണ്ട്.
English Summary: China and the US are reaching for same region of the moon