ഭൂമിയുടെ കാന്തിക മണ്ഡലത്തെക്കുറിച്ച് പഠിക്കാൻ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ചൈന

magnetic-field
Photo: NASA
SHARE

ഭൂമിയുടെ കാന്തിക മണ്ഡലത്തെക്കുറിച്ച് പഠിക്കാനായി രണ്ട് കൃത്രിമ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ചൈന. ചൈനീസ് സ്വയംഭരണ പ്രദേശമായ മക്കാവുവിലെ ശാസ്ത്രജ്ഞരുമായി ചേര്‍ന്നുള്ള മക്കാവു സയന്‍സ് 1 എന്നു പേരിട്ട 500 കിലോഗ്രാം ഭാരമുള്ള രണ്ട് സാറ്റലൈറ്റുകളാണ് ചൈന വിക്ഷേപിച്ചത്. ഗോപി മരുഭൂമിയിലെ ജിയുക്വാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും ലോങ് മാര്‍ച്ച് 2സി റോക്കറ്റിലാണ് ഈ സാറ്റലൈറ്റുകള്‍ വിക്ഷേപിച്ചത്. 

ഭൂമിയില്‍ നിന്നും 400 കിലോമീറ്ററും 500 കിലോമീറ്ററും അകലത്തിലുള്ള ഭ്രമണ പഥത്തിലായിരിക്കും ഈ കൃത്രിമോപഗ്രഹങ്ങള്‍ ഭ്രമണം ചെയ്യുക. ഭൂമിയുടെ കാന്തിക മണ്ഡലം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഈ കൃത്രിമോപഗ്രഹങ്ങള്‍ വഴി ശേഖരിക്കാനാവുമെന്നാണ് കരുതപ്പെടുന്നത്. സിഎന്‍എസ്എയും മക്കാവുവിലെ ഗവേഷകരുമായിരിക്കും ഉപഗ്രഹങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ പരിശോധിക്കുക.

ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നതില്‍ കാന്തികമണ്ഡലത്തിന് വലിയ പങ്കുണ്ട്. ഭൂമിയുടെ അന്തരീക്ഷം ബഹിരാകാശത്തേക്ക് പോവാതെ നില്‍ക്കുന്നത് ശക്തമായ കാന്തിക മണ്ഡലമുള്ളതുകൊണ്ടാണ്. ഇതില്ലായിരുന്നെങ്കില്‍ ചൊവ്വയിലേതു പോലെ അന്തരീക്ഷം ബഹിരാകാശത്തില്‍ ലയിച്ചു പോകുമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. 

ഭൂമിയുടെ അകക്കാമ്പിലെ തിളച്ചു മറിയുന്ന ലോഹങ്ങളുടെ ചലനങ്ങളുടെ ഫലമായാണ് കാന്തികമണ്ഡലം രൂപപ്പെടുന്നത്. എന്നാല്‍, കാന്തികമണ്ഡലത്തിന്റെ കാന്തിക ശേഷിയില്‍ കുറവു വരുന്നതായും ശാസ്ത്ര ലോകം കണ്ടെത്തിയിട്ടുണ്ട്. തെക്കേ അറ്റ്‌ലാന്റിക്കിലും തെക്കേ അമേരിക്കക്കും തെക്കു കിഴക്കേ ആഫ്രിക്കക്കും ഇടയിലുള്ള ഭാഗത്തും കാന്തിക ശേഷിയിലെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 

സൗത്ത് അറ്റ്‌ലാന്റിക് അനോമലി എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തെ വിശദമായി പഠിക്കുകയെന്നതും മക്കാവു സയന്‍സ് 1ന്റെ ലക്ഷ്യമാണ്. കാന്തികമണ്ഡലത്തിന്റെ ശേഷിയും ദിശയും കൃത്യതയോടെ കണക്കാക്കാന്‍ ശേഷിയുള്ള മാഗ്നെറ്റോമീറ്ററുകള്‍ ഇതില്‍ ഒരു സാറ്റലൈറ്റിലുണ്ട്. സൂര്യനില്‍ നിന്നുള്ള ഉയര്‍ന്ന ഊര്‍ജമുള്ള കണികകളേയും എക്‌സ്റേകളേയും നിരീക്ഷിക്കാന്‍ ശേഷിയുള്ളതാണ് രണ്ടാമത്തെ സാറ്റലൈറ്റ്.

English Summary: China launches Macau Science 1 satellites to monitor Earth’s magnetic field

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS