ഭൂമിയും സൂര്യനുമൊക്കെ ആവിയായി പോവുന്ന ഒരു കാലം; ഒരു 'നോളൻ' സിനിമയേക്കാൾ വിചിത്രം

HIGHLIGHTS
  • സമീപഭാവിയിലൊന്നും ഭൂമിയും സൂര്യനുമൊക്കെ ആവിയായി പോവുമെന്ന പേടി ആര്‍ക്കും വേണ്ട
Watch: A star being swallowed up by a black hole
Watch: A star being swallowed up by a black hole. Photo: NASA
SHARE

വിചിത്രമായ ശാസ്ത്രസത്യങ്ങളെ അതിഗംഭീരമായി അവതരിപ്പിച്ച ഹോളിവുഡ് ചിത്രമാണ് ക്രിസ്റ്റഫര്‍ നോളന്റെ ഇന്റര്‍സ്‌റ്റെല്ലര്‍. ടൈം ട്രാവലും വേം ഹോളും(Worm Hole) ഭൂമിയിലെ ഏഴു വര്‍ഷങ്ങള്‍ ഒരു മണിക്കൂര്‍ കൊണ്ടു തീരുന്ന മില്ലേഴ്‌സ് പ്ലാനെറ്റും 5 ഡിയും തമോഗര്‍ത്തവുമെല്ലാം(Black Hole) അത്ഭുതത്തോടെയാണ് നമ്മള്‍ കണ്ടറിഞ്ഞത്. പക്ഷേ നമ്മുടെ പ്രപഞ്ചത്തിലെ രഹസ്യങ്ങളെല്ലാം പലപ്പോളും ഒരു 'നോളൻ സിനിമ'യേക്കാളും ദുരൂഹമാണ്. 

 പ്രകാശത്തെ പോലും പുറത്തേക്കു വിടാത്തത്രയും വലിയ ഗുരുത്വാകര്‍ഷണ ശേഷിയുള്ള തമോഗര്‍ത്തങ്ങള്‍ പോലും കാലാന്തരത്തില്‍ ആവിയായി പോവുമെന്ന് വിഖ്യാത ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംങ്( Stephen Hawking) പ്രവചിച്ചിട്ടുണ്ട്. തമോഗര്‍ത്തങ്ങള്‍ മാത്രമല്ല പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പതിയെ പതിയെ ബാഷ്പീകരിച്ചു പോകുമെന്ന് മറ്റൊരു പഠനം വിശദീകരിക്കുന്നു. 

നെതര്‍ലന്‍ഡ്‌സിലെ റാഡ്ബൗണ്ട് സര്‍വകലാശാലയിലെ ജ്യോതി ശാസ്ത്രജ്ഞരായ മിഖായേല്‍ വോണ്‍ട്രാക്ക്, വാള്‍ട്ടര്‍ വാന്‍ സുലേകോം, ഹെയ്‌നോ ഫാല്‍കെ എന്നിവരുടെ സംഘമാണ് പ്രപഞ്ചത്തിലെ വസ്തുക്കളെല്ലാം അതി വിദൂര ഭാവിയില്‍ ആവിയായി പോവുമെന്ന കണ്ടെത്തലിന് പിന്നില്‍. 

തമോഗര്‍ത്തങ്ങള്‍ ദീര്‍ഘകാലം കൊണ്ട് വിചിത്രമായ റേഡിയേഷനുകളുടെ രൂപത്തില്‍ പുറത്തേക്കു പോവുമെന്നാണ് സ്റ്റീഫന്‍ ഹോക്കിംങ് പറഞ്ഞിട്ടുള്ളത്. പുറത്തേക്കുപോവുന്ന റേഡിയേഷനുകള്‍ വഴിയാണ് തമോഗര്‍ത്തങ്ങള്‍ക്ക് ഭാരം കുറയുകയെന്നും ഹോക്കിംങ് പ്രവചിച്ചിട്ടുണ്ട്.  ഹോക്കിംങ് പ്രവചിച്ചിട്ടുള്ള റേഡിയേഷന്‍ രൂപത്തിലുള്ള ബാഷ്പീകരണം തമോഗര്‍ത്തങ്ങള്‍ക്ക് മാത്രമല്ല എല്ലാ വസ്തുക്കള്‍ക്കും ബാധകമാണെന്നാണ് ഗവേഷക സംഘത്തിന്റെ പുതിയ കണ്ടെത്തല്‍. 

ഇതുവരെ ഹോക്കിംങ് റേഡിയേഷന്റെ തെളിവുകള്‍ ശേഖരിക്കാന്‍ ശാസ്ത്രലോകത്തിന് സാധിച്ചിട്ടില്ല. എന്നാല്‍ ലഭ്യമായ അറിവുകളും പരീക്ഷണങ്ങളും അനുസരിച്ച് അങ്ങനെയൊരു സാധ്യതയെ തള്ളിക്കളയാനും സാധിക്കില്ല. വളരെ വലിയ തോതില്‍ ഭാരം വളരെ കുറഞ്ഞ സ്ഥലത്തേക്ക് കേന്ദ്രീകരിച്ചാണ് ബ്ലാക്ക് ഹോള്‍ അഥവാ തമോഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നത്. 

നമ്മുടെ ഭൂമിയെ തന്നെ ഒരു നെല്ലിക്കയോളം വലിപ്പത്തിലേക്ക് ചെറുതാക്കാനായാല്‍ ഭൂമിയും തമോഗര്‍ത്തമായി മാറുമെന്ന് കരുതപ്പെടുന്നു. പ്രകാശത്തിനു പോലും പുറത്തേക്കു പോവാനാവാത്ത ഇവന്റ് ഹൊറൈസന്‍ എന്നു വിളിക്കുന്ന ഒരു അതിര്‍ത്തിയുണ്ട് ഓരോ തമോഗര്‍ത്തത്തിനും. ഇവന്റ് ഹൊറൈസനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ വലിയ ഊര്‍ജ്ജമുള്ള കണങ്ങള്‍ കാണപ്പെടാറുണ്ട്. ഇവയാണ് വലിയ വസ്തുക്കള്‍ പോലും വളരെ വേഗത്തില്‍ തമോഗര്‍ത്തത്തിലേക്ക് വലിച്ചെടുക്കുന്നതിന് കാരണമാവുന്നത്. 

'ഇവന്റ് ഹൊറൈസന്‍ ഇല്ലാത്ത ജീവനറ്റ നക്ഷത്രങ്ങളെ പോലുള്ള പ്രപഞ്ചത്തിലെ വലിയ വസ്തുക്കളിലും തമോഗര്‍ത്തത്തില്‍ നിന്നും പുറത്തു വരുന്നതു പോലുള്ള റേഡിയേഷനുകള്‍ കാലാന്തരത്തില്‍ പുറത്തുവരും. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും വളരെ നീണ്ട ഒരു കാലയളവിനൊടുവില്‍ ആവിയായി പോവും. ഇത് പ്രപഞ്ചത്തിന്റെ ഭാവിയെക്കുറിച്ചുള്ള നമ്മുടെ ധാരണയെ പോലും മാറ്റി മറിക്കുന്നതാണ്' പഠനം പറയുന്നു. 

എങ്കിലും സമീപഭാവിയിലൊന്നും ഭൂമിയും സൂര്യനുമൊക്കെ ആവിയായി പോവുമെന്ന പേടി ആര്‍ക്കും വേണ്ട. നമ്മുടെ സൂര്യനോളം ഭാരമുള്ള ഒരു തമോഗര്‍ത്തത്തിന്റെ ഇവന്റ് ഹൊറൈസണ്‍ ആകെ ആറു കിലോമീറ്റര്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ഏതാണ്ട് ഏഴു ലക്ഷം കിലോമീറ്റര്‍ ചുറ്റളവുള്ള നക്ഷത്രമാണ് സൂര്യനെന്നു കൂടി ഓര്‍ക്കണം. പത്തിനു ശേഷം 64 പൂജ്യങ്ങള്‍ ഇട്ടാലുള്ള സംഖ്യയുടെ അത്രയും വര്‍ഷങ്ങള്‍ വേണം ഈ തമോഗര്‍ത്തം ആവിയായി പ്രപഞ്ചത്തില്‍ അലിഞ്ഞുചേരാന്‍.  

English Summary: Everything in the Universe Will Eventually Evaporate, According to New Study

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS