നാസയെ മുട്ടുകുത്തിച്ച ചിഹ്നം, ടപ്പർ മോറസുണ്ടാക്കിയ 'ഡ്രാക്കുളക്കുട്ടി': ദശലക്ഷം ഡോളർ നഷ്ടം; പക്ഷേ..

658516626
Credit: BrianAJackson/Istock
SHARE

1962 ജൂലൈ 22– ഒരു നിർണായക ദൗത്യത്തിന്റെ തിരക്കിലായിരുന്നു നാസ. മാരിനർ 1 - എന്ന ബഹിരാകാശ പേടകം ശുക്രനിലേക്ക് വിക്ഷേപിക്കുന്നതിന്റെ തിരക്കുകൾ, ലോകമൊട്ടാകെയുള്ള ഗവേഷകർ ആ ദൗത്യത്തെ ജിജ്ഞാസയോടെ നിരീക്ഷിക്കുകയായിരുന്നു. പക്ഷേ പറന്നുയർന്ന് ഏതാനും മിനിറ്റുകൾക്കു ശേഷം, മാരിനർ 1 നു ഗതി തെറ്റാൻ തുടങ്ങി. 

വിക്ഷേപിച്ച് 29 മിനിറ്റിനുള്ളിൽ പേടകം ദിശ തെറ്റി അന്തരീക്ഷത്തിൽ കത്തി നശിച്ചു ധൂളിയായി മാറി. അന്യഗ്രഹ ജീവികളോ ‘അന്തർ ഗാലക്സീയ’ വില്ലൻമാരോ ഒന്നുമായിരുന്നില്ല ആ വലിയ പതനത്തിനു പിന്നിൽ. കോഡിന്റെ ഒരു വരിയിൽ വന്നു വീണ വെറും ഒരു ഹൈഫൻ (-)! 

NASA

ദശലക്ഷം ഡോളറുകളുടെ പരാജയം

അതെ! വലിയ നാണക്കേടുതന്നെ. എന്നാൽ അക്കാലത്തെ ഏറ്റവും നൂതനമായ സംവിധാനങ്ങൾ തന്നെയാണു നാസ ഉപയോഗിച്ചിരുന്നത്. ചെലവേറിയ ആ ദൗത്യം പരാജയപ്പെട്ടിട്ടും ശുക്രനെ പര്യവേക്ഷണം ചെയ്യാനുള്ള ദൗത്യം നാസ ഉപേക്ഷിച്ചില്ല. ഏതാനും മാസങ്ങൾക്കുശേഷം അവർ മാരിനർ 2 സമാരംഭിച്ചു, ഇത്തവണ അത് മികച്ച വിജയമായിരുന്നു. പേടകം അതിന്റെ ദൗത്യം പൂർത്തിയാക്കുകയും ശാസ്ത്രജ്ഞർക്ക് ശുക്രനെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ നൽകുകയും ചെയ്തു.

മാരിനർ 1 ന്റെ സോഫ്‌റ്റ്‌വെയർ തകരാറിന്റെ കഥയിൽനിന്നു നമുക്ക് രണ്ടു കാര്യങ്ങൾ പഠിക്കാനാകും! ഒന്ന്, ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയ്ക്കു പോലും കണ്ണിൽപെടാതെ പോകാവുന്ന ഒരു തെറ്റിന്റെ വലിയ ഇരയാകാൻ കഴിയും. രണ്ട്, അതിലും പ്രധാനപ്പെട്ട പാഠം, പരാജയം അവസാനമല്ലെന്നും പുതിയതും വിജയകരവുമായ ഒരു യാത്രയുടെ തുടക്കം മാത്രമാണെന്നും തിരിച്ചറിവുണ്ടാകണം.

Also Read: സൈന്യത്തിന്റെ ബ്രഹ്മാസ്ത്രമായി മാറാൻ ബ്രഹ്മോസ്

ഉയർന്ന വിലയ്ക്ക് ഓഹരി വാങ്ങി, കുറഞ്ഞ വിൽപന നടത്തിയ കുസൃതിക്കാരൻ സോഫ്റ്റ്‌വെയർ

Newyork Stock Exchange
ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിനു മുന്നിലെ ദൃശ്യം (Photo by SPENCER PLATT / GETTY IMAGES NORTH AMERICA / Getty Images via AFP)

യുഎസ് സ്റ്റോക്ക് മാർക്കറ്റിലെ ഒരു നിർണായക ഓഹരി ഉടമ പൊടുന്നനെ ഓഹരികളെല്ലാം ഉയർന്ന വിലയ്ക്ക് വാങ്ങാനും കുറഞ്ഞ വിലയ്ക്കു വിൽപന നടത്താനും തുടങ്ങിയാലോ? അത്ര നല്ല വ്യാപാര തന്ത്രമായി തോന്നുന്നില്ലല്ലോ. പക്ഷേ അത് യാഥാർഥത്തിൽ സംഭവിച്ചു. നൈറ്റിന്റെ ഒരു സോഫ്റ്റ്‌വെയറിന്റെ കുസൃതി അവരെ ഏതാണ്ട് പാപ്പരാക്കി.

2012 ഓഗസ്റ്റ് ഒന്നിന് രാവിലെയായിരുന്നു ഏതൊരു സിഇഒയുടെയും ആ പേടിസ്വപ്നം സംഭവിച്ചത്. 17 വർഷം കൊണ്ട് കെട്ടിപ്പൊക്കിയ ബിസിനസിന്റെ ആണിക്കല്ല് ഏതാനും മണിക്കൂറിൽ കടപുഴകി വീണു. പുതിയ ചില ട്രേഡിങ് സോഫ്‌റ്റ്‌വെയറുകളിലെ ബഗ് ആയിരുന്നു പ്രശ്നക്കാരൻ. 

ന്യൂയോർക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തുറക്കുമ്പോൾ മാത്രം സജീവമാകുന്നതരം ഒരു ബഗ്. സ്റ്റോക്ക് വ്യാപാരത്തിന്റെ ആദ്യ മണിക്കൂറിൽ തന്നെ ബില്യൻ കണക്കിനു ഡോളർ മൂല്യമുള്ള നൂറുകണക്കിനു വ്യത്യസ്ത കമ്പനികളുടെ ഓഹരികൾ നൈറ്റ് വാങ്ങാൻ തുടങ്ങി.

അപകടം തിരിച്ചറിഞ്ഞു നൈറ്റ് വ്യാപാര കരാർ റദ്ദാക്കാൻ ശ്രമിച്ചു, എന്നാൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ചെയർമാൻ മേരി ഷാപ്പിറോ അതിനു വിസമ്മതിച്ചു.വാങ്ങിയ ഓഹരികൾ വിറ്റഴിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലാതെയായി. തിരിച്ചുപിടിക്കാൻ കഴിയാത്ത നഷ്ടത്തിലേക്ക് നൈറ്റ് കൂപ്പുകുത്തി. 

വെറും 45 മിനിറ്റിനുള്ളിൽ നൈറ്റ് ക്യാപിറ്റലിന് 440 മില്യൻ ഡോളർ നഷ്ടമുണ്ടായി, ഇത് കമ്പനിയെ പാപ്പരത്തത്തിലേക്ക് നയിച്ചു. നൈറ്റ് ക്യാപിറ്റൽ തകരാർ കമ്പനിയെ സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തിക ദുരന്തമായിരുന്നു. ഇത് സ്ഥാപനത്തിന്റെ മൊത്തം മൂല്യത്തിന്റെ പകുതിയിലധികവും ഇല്ലാതാക്കി, നൂറുകണക്കിനു ജീവനക്കാരെ പിരിച്ചുവിടാൻ സ്ഥാപനത്തെ നിർബന്ധിതരാക്കി. തകരാർ സ്ഥാപനത്തിന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുകയും ചെയ്തു. 

കമ്പനിയെ മറ്റൊരു സാമ്പത്തിക സേവന സ്ഥാപനമായ ഗെറ്റ്‌കോ ഏറ്റെടുക്കുകയായിരുന്നു. ഉയർന്ന മൂല്യത്തിലുള്ള ട്രേഡിങ്ങിന്റെ സൂക്ഷ്മപരിശോധനയ്ക്കും അപകട സാധ്യത ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ചിന്തിക്കാനും ഈ തകരാറ് കാരണമായി.

ഭക്ഷണവും വെള്ളവുംവരെ സംഭരിക്കാൻ പ്രേരിപ്പിച്ച Y2K

വർഷം 2000. ലോകം ഒരു സാങ്കേതിക ദുരന്തത്തിന്റെ വക്കിലായിരുന്നു. തീയതികളിൽ വർഷത്തെ സൂചിപ്പിക്കാൻ രണ്ട് അക്കങ്ങൾ മാത്രം പ്രോഗ്രാം ചെയ്ത നിലയിലായിരുന്നു ലോകമെമ്പാടുമുള്ള കംപ്യൂട്ടറുകൾ. വർഷം 2000 ൽ എത്തുമ്പോൾ, ഈ കംപ്യൂട്ടറുകൾ അത് 1900 ആണെന്ന് കരുതും. ബാങ്ക് അക്കൗണ്ടുകളിൽ തെറ്റായ തുക ക്രെഡിറ്റ് ചെയ്യുകയോ ഡെബിറ്റ് ചെയ്യുകയോ ചെയ്യുന്നത് മുതൽ പവർ ഗ്രിഡുകൾ തകരാറിലാകുന്നത് വരെ എല്ലാത്തരം പ്രശ്‌നങ്ങൾക്കും അതു കാരണമാകുമെന്നു കരുതിയിരുന്നു.

Y2K ബഗ് അല്ലെങ്കിൽ മില്ലേനിയം ബഗ് എന്നാണ് ആ പ്രശ്നം അറിയപ്പെട്ടത്. 1990 കളുടെ തുടക്കത്തിൽ വിദഗ്ധരുടെ ശ്രദ്ധയിൽപെട്ട ആ ആശങ്ക പെട്ടെന്ന് ഒരു പ്രധാന പ്രശ്നമായി മാറി. അതിന്റെ പരിഹാരത്തിന് കോടിക്കണക്കിന് ഡോളർ ചെലവഴിച്ചു, ലോകമെമ്പാടുമുള്ള ഓർഗനൈസേഷനുകൾ അതിന്റെ പ്രത്യാഘാതങ്ങളെ നേരിടാൻ പദ്ധതികൾ വികസിപ്പിച്ചെടുത്തു.

അവസാനം, Y2K ബഗ് പലരും ഭയപ്പെട്ടിരുന്നതിനേക്കാൾ തീവ്രത കുറഞ്ഞതായി മാറി. എന്നാൽ കംപ്യൂട്ടർ സിസ്റ്റങ്ങളുടെ ദുർബലത ഉയർത്തിക്കാട്ടുന്ന ഒരു പ്രധാന സംഭവമായിരുന്നു അത്. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകൾ പോലും പൂർണമല്ല എന്ന ഓർമപ്പെടുത്തലാണ് Y2K ബഗ്. Y2K ബഗ് പരിഹരിക്കാനുള്ള ഗവേഷണങ്ങളുടെ കൃത്യമായ പണച്ചെലവ് കണക്കാക്കുന്നത് ബുദ്ധിമുട്ടാണ്. എന്നാലും ഏകദേശം 300 ബില്യൻ ഡോളറാണെന്നതെന്ന് ചില കണക്കുകൾ സൂചിപ്പിക്കുന്നു.

ടപ്പർ മോറസുണ്ടാക്കിയ 'ഡ്രാക്കുളക്കുട്ടി'

കണക്റ്റിക്കട്ടിലെ ന്യൂ ഹേവനിലാണ് മോറിസ് ജനിച്ചത്. കോർണൽ യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർത്ഥിയായ റോബർട്ട് ടപ്പൻ മോറിസ് ഒരു മിടുമിടുക്കനായിരുന്നു. ആ മിടുക്കൻ 1988 ൽ ഇന്റർനെറ്റിന്റെ വലുപ്പം ഒന്ന് അളക്കാൻ തീരുമാനിച്ചു. വെറും കൗതുകം. മോറിസ് വേമെന്ന ഒരു സംവിധാനത്തെ സൃഷ്ടിച്ച് അഴിച്ചു വിട്ടു. യുണിക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിലെ തകരാറുകളിലൂടെ പടരുന്ന തരത്തിലായുന്നു ആ വേമിനെ രൂപകൽപന ചെയ്തിരുന്നത്.

പക്ഷേ മോറിസിന് ഒരു പ്രോഗ്രാമിങ് പിശക് സംഭവിച്ചു. എല്ലാം കൈവിട്ടുപോയി. മോറിസ് വേം ഇന്റർനെറ്റിൽ ഉടനീളം പെരുകി വ്യാപിക്കുകയും ആയിരക്കണക്കിന് കംപ്യൂട്ടറുകളെ ബാധിക്കുകയും വ്യാപകമായ നെറ്റ്‌വർക് പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. നെറ്റ്‌വർക്ക് ട്രാഫിക്ക് മന്ദഗതിയിലാക്കുക, സിസ്റ്റങ്ങൾ തകരാറിലാകുക, സെർവറുകൾ പ്രതികരിക്കാത്തതാക്കിത്തീർക്കുക എന്നിവയുൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. 10 മുതൽ 100 വരെ മില്യൻ ഡോളർ വരെ നഷ്‌ടമുണ്ടായതായി കണക്കാക്കപ്പെടുന്നു.

കംപ്യൂട്ടര്‍ സുരക്ഷയുടെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് മോറിസ് വേം, കാരണം ഇത് മെച്ചപ്പെട്ട സുരക്ഷാ സമ്പ്രദായങ്ങളുടെയും ഓഡിറ്റുകളുടെയും ആവശ്യകത ഉയർത്തിക്കാട്ടുന്നു. ആദ്യത്തെ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT) സൃഷ്ടിക്കുന്നതിനും ഇത് കാരണമായി.

മോറിസിനെന്തു സംഭവിച്ചു? 

മോറിസ് വേം സംഭവത്തിന് ശേഷം, കംപ്യൂട്ടർ സംവിധാനങ്ങളിലേക്കുള്ള അനധികൃത പ്രവേശനം നിരോധിക്കുന്ന ഫെഡറൽ നിയമമായ കംപ്യൂട്ടർ ഫ്രോഡ് ആൻഡ് അബ്യൂസ് നിയമം ലംഘിച്ചതിന് മോറിസിനെതിരെ കുറ്റം ചുമത്തി. ഈ നിയമപ്രകാരം ആദ്യമായി കുറ്റാരോപിതനായ വ്യക്തിയാണ് അദ്ദേഹം. 

479801118

ഒടുവിൽ മോറിസിന് മൂന്ന് വർഷത്തെ പ്രൊബേഷനും 400 മണിക്കൂർ കമ്മ്യൂണിറ്റി സേവനവും 10,000 ഡോളർ പിഴയും വിധിച്ചു. ഇത്രയൊക്കെ തിരിച്ചടിയുണ്ടായിട്ടും, മോറിസ് കംപ്യൂട്ടർ സയൻസിൽ വിജയകരമായ ഒരു നിലയിലെത്തി. 2006 ൽ എംഐടിയിൽ പ്രഫസറായ അദ്ദേഹം കംപ്യൂട്ടർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് തുടങ്ങി വിവിധ മേഖലകളിൽ ഗവേഷണം നടത്തി പേരും പദവിയും നേടി. 

വീണ്ടും നാസയെ മുട്ടുകുത്തിച്ച കണക്ക്

ചൊവ്വയുടെ അന്തരീക്ഷം, കാലാവസ്ഥ, ഉപരിതലം എന്നിവ പഠിക്കുന്നതിനായി 1998 ഡിസംബർ 11 ന് നാസ വിക്ഷേപിച്ച ബഹിരാകാശ പേടകമാണ് മാർസ് ക്ലൈമറ്റ് ഓർബിറ്റർ. പക്ഷേ ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് ഒരു തെറ്റായ കോണിൽ പ്രവേശിച്ച പേടകം പൊട്ടിത്തകർന്നു തരിപ്പണമായി. മാർസ് ക്ലൈമറ്റ് ഓർബിറ്റർ നഷ്ടമായത് നാസയുടെ ചൊവ്വാ പദ്ധതിക്ക് വലിയ തിരിച്ചടിയായി. 125 മില്യൻ ഡോളറിന്റെ പരാജയം കൂടിയായിരുന്നു ഇത്. 

വിവിധ ടീമുകൾ തമ്മിലുള്ള ആശയവിനിമയത്തിലെ അപാകതകളായിരുന്നു പരാജയ കാരണം. ബഹിരാകാശ പേടകത്തിന്റെ സോഫ്റ്റ്‌വെയർ ഇംഗ്ലിഷ് യൂണിറ്റുകളും ഗ്രൗണ്ട് കൺട്രോളറുകൾ മെട്രിക് യൂണിറ്റുകളുമായിരുന്നു ഉപയോഗിച്ചിരുന്നത്. യൂണിറ്റുകളിലെ ഈ പൊരുത്തക്കേട് പേടകം ചൊവ്വയുടെ അന്തരീക്ഷത്തിലേക്കു വളരെ താഴ്ന്നു പ്രവേശിക്കാനും തകരാനുമിടയാക്കി. 

ചൊവ്വയുടെ കാലാവസ്ഥാ ഓർബിറ്ററിന്റെ നഷ്ടം വലിയൊരു പാഠമായിരുന്നു. ഒരു പ്രോജക്റ്റിൽ പ്രവർത്തിക്കുന്ന വ്യത്യസ്ത ടീമുകൾ തമ്മിലുള്ള ആശയവിനിമയത്തിന്റെയും ഏകോപനത്തിന്റെയും പ്രാധാന്യം ഇത് എടുത്തുകാണിച്ചു. ബഹിരാകാശ പറക്കലിനുള്ള പുതിയ നടപടിക്രമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും വികസിപ്പിക്കുന്നതിനും ഇത് കാരണമായി.

English Summary: Technical glitches can be very expensive, especially when they occur in critical systems. Here are some of the most expensive technical glitches in history

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS