ADVERTISEMENT

മറ്റൊരു ഗ്രഹത്തിൽ ഓക്സിജൻ ഉത്പാദിപ്പിക്കാനുള്ള ശ്രമമായ മോക്സി പരീക്ഷണം പര്യവസാനത്തിലേക്ക്. ചൊവ്വയിലേക്ക് നാസ വിക്ഷേപിച്ച പെഴ്സിവീയറൻസ് റോവറിന്റെ അനേകം ശാസ്ത്ര അന്വേഷണങ്ങളിൽ ഒന്നാണ് മോക്സി. ചൊവ്വയിൽ നിന്നു തന്നെ ഓക്സിജൻ ഉത്പാദിപ്പിക്കുക എന്നതാണ് ഇതിന്റെ ദൗത്യം. രണ്ടുവർഷത്തിലേറെയായി ചൊവ്വയിൽ പ്രവർത്തിക്കുന്ന മോക്സി 122 ഗ്രാം ഓക്സിജൻ ഇതുവരെ ഉത്പാദിപ്പിച്ചു. ചൊവ്വാക്കോളനി പോലുള്ള പദ്ധതികളിൽ നിർണായകമാകുന്ന കാര്യമാണ് ഓക്സിൻ ഉത്പാദനം.

 

ഏതു ഗ്രഹത്തിൽ താമസിക്കണമെങ്കിലും ജീവവായുവായ ഓക്സിജനില്ലാതെ മനുഷ്യർക്ക് പറ്റില്ല. ചൊവ്വയിലും ഇതു വേണം.  ഭൂമിയിൽ നിന്നു സിലിണ്ടറിലാക്കി കൊണ്ടുപോകുകയെന്നതൊക്കെ ചെലവേറിയ സങ്കീർണമായ ലക്ഷ്യമാണ്. ചൊവ്വയുടെ അന്തരീക്ഷത്തിൽ 0.13 ശതമാനം മാത്രമാണ് ഓക്സിജൻ സാന്നിധ്യം.

ചൊവ്വയുടെ അന്തരീക്ഷ വായുവിൽ ഓക്സിജൻ കുറവാണെങ്കിലും കാർബൺ ഡയോക്സൈഡ് 96 ശതമാനത്തോളമാണ്. ഈ കാർബൺ ഡയോക്സൈഡിൽ നിന്ന് ഓക്സിജൻ വേർതിരിച്ചെടുക്കാൻ കഴിയുമോ? ഇതന്വേഷിക്കുകയായിരുന്നു മോക്സിയുടെ ദൗത്യം. മോക്സിയെന്നാൽ മാഴ്സ് ഓക്സിജൻ ഇൻ സിറ്റു റിസോഴ്സ് യൂട്ടലൈസേഷൻ എക്സ്പിരിമെന്റ്.

 

പെഴ്സിവീയറൻസ് റോവറിന്റെ ഹൃദയഭാഗത്തായി ഒരു സ്വർണനിറമുള്ള പെട്ടി രൂപത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.17.1 കിലോയാണു ഭാരം.

ഭൂമിയിൽ ഒരു വൃക്ഷം ചെയ്യുന്നതെന്താണോ അതാണു ചൊവ്വയിൽ മോക്സി ചെയ്തത്. കാർബൺ ഡയോക്സൈഡിനെ ഉള്ളിലേക്ക് എടുത്ത ശേഷം ഓക്സിജനെ പുറന്തള്ളുക. പെഴ്സിവീയറൻസ് റോവറിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ചൂടുണ്ടാക്കി കാർബൺ ഡയോക്സൈഡിനെ കാർബൺ മോണോക്സൈഡും ഓക്സിജനുമായി മാറ്റിയാണ് മോക്സിയുടെ പ്രവർത്തനം.

 

 മണിക്കൂറിൽ 10 ഗ്രാം ഓക്സിജൻ മോക്സി ഉത്പാദിപ്പിക്കും. ഒട്ടേറെ പ്രതിസന്ധികളും മോക്സിക്കു തരണം ചെയ്യേണ്ടി വന്നു. അതിലൊന്ന് ചൊവ്വയിലെ പൊടുന്നനെ മാറുന്ന കാലാവസ്ഥയാണ്. ചിലപ്പോൾ വളരെയേറെ ചൂടുകൂടിയ നിലയിലാകാം അന്തരീക്ഷം, അപ്പോൾ സാന്ദ്രത കുറയും. ഇനി ഇതിന്റെ നേ‍ർവിപരീതമായ കൊടും തണുപ്പുള്ള സമയം അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് ആലിപ്പഴം പോലെ പൊഴിഞ്ഞു വീഴുകയും ചെയ്യും.ഡ്രൈ ഐസ് എന്ന രൂപത്തിൽ.

ഭാവിയിൽ ഇവിടെ എത്തുന്നവർക്കു ശ്വസിക്കാനുള്ള ഉപാധി എന്ന നിലയിൽ മാത്രമല്ല ഓക്സിജന് ഉപയോഗമുണ്ടാകുകയെന്നു ഗവേഷകർ പറയുന്നു. 

 

ഒന്നോ രണ്ടോ പതിറ്റാണ്ടുകൾക്കുള്ളിൽ തന്നെ ചൊവ്വയിലേക്കുള്ള മനുഷ്യയാത്രാ ദൗത്യങ്ങൾ നാസ തുടങ്ങും. അവിടെയെത്തുന്നവർക്ക് ചൊവ്വയിൽ നിന്നു തിരിച്ചു ഭൂമിയിലേക്കുള്ള യാത്രയിൽ ഈ ഓക്സിജൻ  ബഹിരാകാശ ഇന്ധന ജ്വലനത്തിനും ഉപയോഗിക്കാം. ചൊവ്വയിൽ നിന്നു ഭൂമിയിലേക്കു വരുന്ന ഒരു ബഹിരാകാശ വാഹനത്തിന് 50 ടൺ വരെ ഓക്സിജൻ വേണ്ടിവരും. ഇത് അവിടെ നിന്ന് ഉത്പാദിപ്പിക്കാൻ ശ്രമിച്ചാൽ അതു വളരെ നിർണായകമായ ഒരു കാര്യമാണ്. ചെലവു കുറയ്ക്കാനും ഇതു വഴി വയ്ക്കും.

 

English Summary: nasas-moxie-successfully-generates-oxygen-on-mars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com