ആശങ്കകളും ദുരൂഹതകളും ബാക്കിവെച്ചു നാസയുടെ 'യുഎഫ്ഒ റിപ്പോര്‍ട്ട്' : പ്രധാന കണ്ടെത്തലുകൾ ഇങ്ങനെ

Mail This Article
ആശങ്കകളും ദുരൂഹതകളും ബാക്കിവെച്ചുകൊണ്ട് നാസയുടെ യുഎഫ്ഒ റിപ്പോര്‍ട്ട്. ആകാശത്ത് പ്രത്യക്ഷപ്പെട്ട തിരിച്ചറിയാത്ത വസ്തുക്കളെക്കുറിച്ച് പഠിക്കാന്‍ 16 അംഗ വിദഗ്ധ സമിതിയെയാണ് നാസ ചുമതലപ്പെടുത്തിയിരുന്നത്. യു.എഫ്.ഒകള്‍ക്കു പിന്നില്‍ അന്യഗ്രഹ ജീവികളാണെന്ന് ഉറപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്നു പറയുന്ന റിപ്പോര്‍ട്ട് അമേരിക്കയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട ഇനിയും തിരിച്ചറിയാത്ത വസ്തുക്കള്‍ ഭീഷണിയാണെന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഓരോ യു.എഫ്.ഒ കാഴ്ച്ചകളെക്കുറിച്ചും വിശദമായി പഠിക്കാന്‍ പുതിയ സമിതിയെ നാസ ചുമതലപ്പെടുത്തിയിരുന്നു.
33 പേജുള്ള യു.എഫ്.ഒ റിപ്പോര്‍ട്ടാണ് നാസ ചുമതലപ്പെടുത്തിയ 16 അംഗ സംഘം തയ്യാറാക്കിയത്. തിരിച്ചറിയാത്ത ആകാശപ്രതിഭാസങ്ങളില്‍ ഭൂരിഭാഗവും എന്താണെന്ന് ശാസ്ത്രീയമായി വിശദീകരിക്കാന്‍ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഭാവിയില്‍ നിര്‍മിത ബുദ്ധി അടക്കമുള്ള സാങ്കേതികവിദ്യകള്‍ കൂടുതല്‍ ഉപയോഗിച്ചായിരിക്കും ഇത്തരം സംഭവങ്ങളുടെ സത്യാവസ്ഥ പരിശോധിക്കുക.

യു.എഫ്.ഒകള്‍ ഉള്‍പ്പെട്ട സംഭവങ്ങളില്‍ വിവരങ്ങള്‍ കൈമാറുന്നത് കൂടുതല്‍ സുതാര്യമാക്കുമെന്ന് നാസ മേധാവി ബില്‍ നെല്‍സണ്‍ പ്രതികരിച്ചതും നിര്‍ണായകമാണ്. ഇത്തരം സംഭവങ്ങളില്‍ വിവരങ്ങള്‍ രഹസ്യമാക്കി വെക്കുമ്പോള്‍ പലപ്പോഴും ഗൂഡാലോചന സിദ്ധാന്തങ്ങള്‍ക്കാണ് പ്രചാരം ലഭിച്ചിരുന്നത്. യു.എഫ്.ഒ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ പുതിയ ഡയറക്ടറുടെ കീഴില്‍ സമിതി രൂപീകരിക്കുമെന്നും നാസ മേധാവി അറിയിച്ചിട്ടുണ്ട്.
ഏതാണ്ട് ഒമ്പത് മാസം സമയമെടുത്താണ് നാസ നിയമിച്ച വിദഗ്ധ സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്നു ദശാബ്ദക്കാലത്ത് അമേരിക്കയില്‍ പലയിടത്തും യു.എഫ്.ഒ കണ്ടെന്ന റിപ്പോര്‍ട്ടുകളുടെ സത്യാവസ്ഥയാണ് സംഘം പരിശോധിച്ചത്. സമിതിയുടെ പ്രവര്‍ത്തനത്തിനായി ഒരു ലക്ഷം ഡോളറാണ് വകയിരുത്തിയിരുന്നത്. നാസയുടെ യു.എഫ്.ഒ സമിതിയുടെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്.
അന്യഗ്രഹജീവികള്‍ ഉണ്ടാവാം, തെളിവില്ല
'അന്യഗ്രഹജീവികളാണ് ഈ നൂറുകണക്കിന് തിരച്ചറിയാനാവാത്ത ആകാശ പ്രതിഭാസങ്ങളുടെ പിന്നിലെന്ന് ഉറപ്പിക്കാനാവില്ല'' എന്നു പറഞ്ഞു കൊണ്ടാണ് നാസയുടെ യുഎഫ്ഒ റിപ്പോര്‍ട്ട് അവസാനിക്കുന്നത്. എങ്കിലും ഏതെങ്കിലും അന്യഗ്രഹ ജീവികള്‍ക്ക് ഭൂമിയുടെ അന്തരീക്ഷത്തില്‍ വസ്തുക്കളെ നിയന്ത്രിക്കാനും മാത്രം സാങ്കേതികവിദ്യ കൈവശമുണ്ടാവില്ലെന്ന് ഉറപ്പിക്കാനാവില്ലെന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. യു.എഫ്.ഒകള്‍ക്കു പിന്നില്‍ അന്യഗ്രഹജീവികളാണെന്ന് ഉറപ്പിക്കുന്ന ഒരു തെളിവു പോലും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

പരിമിത വിവരങ്ങള്‍
പലപ്പോഴും ഇത്തരം സംഭവങ്ങളുടെ ദുരൂഹത വര്‍ധിപ്പിക്കുന്നത് വ്യക്തമായ ദൃശ്യങ്ങളുടേയും വിവരങ്ങളുടേയും അഭാവമാണ്. എങ്കിലും ചില യു.എഫ്.ഒ വിഡിയോകളുടെ സത്യാവസ്ഥ കണ്ടെത്തുന്നതല് സംഘം വിജയിച്ചിട്ടുണ്ട്. അമേരിക്കന്‍ നാവികസേന പകര്‍ത്തിയ യു.എഫ്. ഒ വിഡിയോയില്‍ 22 നിമിഷം കൊണ്ട് 390 മീറ്ററാണ് ഒരു വസ്തു സഞ്ചരിക്കുന്നത്. ശരാശരി വേഗത കണക്കാക്കിയാല്‍ മണിക്കൂറില്‍ 40 മൈല്‍. ഇത് ഭൂമിയില്‍ നിന്നും 13,000 അടി ഉയരത്തിലുള്ള കാറ്റിന്റെ സ്വാഭാവിക വേഗതയാണ്. അതുകൊണ്ടു തന്നെ ഭൂമിയില്‍ നിന്നും വഴി തെറ്റി പറന്നെത്തിയ ബലൂണോ മറ്റോ ആകാം ഈ വിഡിയോയിലെന്ന നിഗമനത്തില്‍ സംഘം എത്തിയിരുന്നു.
നിര്‍മിത ബുദ്ധി
ഒരുപാടു വിവരങ്ങളില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ വേര്‍തിരിക്കുന്നതും സമാനമായ സംഭവങ്ങള്‍ താരതമ്യം ചെയ്തു നോക്കുന്നതും പോലുള്ള ജോലികള്‍ യു.എഫ്.ഒകളുടെ ആധികാരികത പരിശോധിക്കുമ്പോള്‍ വേണ്ടി വരും. ഇതിന് ഏറ്റവും യോജിച്ചത് നിര്‍മിത ബുദ്ധിയായതിനാല്‍ നിര്‍മിത ബുദ്ധിയെ യു.എഫ്.ഒ പഠനങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന നിര്‍ദേശവും യു.എഫ്.ഒ റിപ്പോര്‍ട്ടിലുണ്ട്. ഓപ്പണ്‍സോഴ്സ് സ്മാര്‍ട്ട്ഫോണ്‍ ആപ്പുകള്‍ നിര്‍മിച്ച് പൊതു ജനങ്ങള്‍ക്ക് നല്‍കാമെന്നും അതുവഴി ഇക്കാര്യങ്ങളില്‍ താല്പര്യമുള്ളവരുടെ സഹായം തേടാമെന്ന നിര്‍ദേശവും നായുടെ വിദഗ്ധ റിപ്പോര്‍ട്ടിലുണ്ട്.
നിസാരമാക്കില്ല
ഇങ്ങനെയൊക്കെയാണെങ്കിലും അമേരിക്കന്‍ ആകാശത്ത് പലപ്പോഴായി പ്രത്യക്ഷപ്പെട്ട യു.എഫ്.ഒകളെ തള്ളിക്കളയാന്‍ നാസയോ അമേരിക്കയോ തയ്യാറല്ല. ആസാധാരണ രൂപങ്ങളിലും വേഗങ്ങളിലും റിക്കോഡു ചെയ്യപ്പെട്ടിട്ടുള്ള പല 'പറക്കുംതളിക'കളും ശത്രു രാജ്യങ്ങളുടെ രഹസ്യ ഡ്രോണുകളോ ചാര വിമാനങ്ങളോ ആകാമെന്നതാണ് അമേരിക്കയുടെ ആശങ്കയുടെ അടിസ്ഥാനം. അതുകൊണ്ടുതന്നെ അന്യഗ്രഹ ജീവികളേക്കാള്‍ അമേരിക്ക അന്യ രാജ്യങ്ങളുടെ 'പറക്കും തളിക'യെയാവാം തേടുന്നത്.