ADVERTISEMENT

ആറരക്കോടി വർഷങ്ങൾക്കു മുൻപ് വരെ ഭൂമിയിൽ സർവാധിപത്യം പുലർത്തി വിഹരിച്ചു നടന്ന ദിനോസറുകൾ. ഇവയെ മൊത്തത്തിൽ കൊന്നൊടുക്കിയതിനു കാരണം ഒരു ഛിന്നഗ്രഹമാണെന്നാണ് പൊതുവെയുള്ള ശാസ്ത്രധാരണ. ദിനോസറുകളോടും മറ്റനേകം വംശത്തിലുള്ള ജീവികളോടും യാതൊരു ദാക്ഷിണ്യവും കാട്ടാതിരുന്ന ആ ഛിന്നഗ്രഹം പക്ഷേ മറ്റൊരു ജീവവിഭാഗത്തിനോട് കരുണകാട്ടി. പുഷ്പങ്ങൾ പിടിക്കുന്ന  സസ്യങ്ങളെ ഛിന്നഗ്രഹത്തിന്റെ ആഘാതം ശല്യപ്പെടുത്തിയില്ലെന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്.പിൽക്കാലത്ത് ഭൂമി മുഴുവൻ പുഷ്പിച്ചു പൂത്തുലഞ്ഞത്രേ. അടുത്തിടെ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ശാസ്ത്രപഠനത്തിലാണ് കൗതുകകരമായ ഈ കണ്ടെത്തൽ.

ചൊവ്വയുടെയും വ്യാഴഗ്രഹത്തിന്റെയും ഇടയ്ക്കുള്ള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹ മേഖലയുടെ പുറം അതിർത്തിയിൽ നിന്നാണ് ഈ ഛിന്നഗ്രഹം എത്തിയത്. പ്രത്യേകതരം രാസഘടനയുള്ളതിനാൽ ഇരുണ്ട നിറത്തിലാണ് ഈ മേഖലയിലെ ഛിന്നഗ്രഹങ്ങൾ കാണപ്പെടുന്നത്. ഇതിലൊന്നാണ് ഭൂമിയിൽ പതിച്ച് ദിനോസർ യുഗത്തിന് അന്ത്യമേകിയത്.കെ.പിജി മാസ് എക്സിങ്ഷൻ ഇവന്റെന്നാണ് ഈ സംഭവം അറിയപ്പെടുന്നത്.

Representative image. Photo Credits; Vadim Sadovski/ Shutterstock.com
Representative image. Photo Credits; Vadim Sadovski/ Shutterstock.com

മെക്സിക്കോയിലെ യൂക്കാട്ടൻ മേഖലയിലുള്ള 145 കിലോമീറ്റർ വിസ്തീർണമുള്ള, ചിക്സുലബ് എന്ന പടുകുഴിയിൽ ഈ ഛിന്നഗ്രഹത്തിന്റെ അവശിഷ്ടങ്ങളുടെ സാന്നിധ്യമുണ്ട്. ദിനോസറുകളുടെ ഫോസിലുകൾ ഭൂമിയിൽ മിക്കയിടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവയെല്ലാം തന്നെ ആറരക്കോടി വർഷം പഴക്കമുള്ളതാണ്.അങ്ങനെയാണ് ദിനോസറുകൾ അക്കാലയളവിലാകാം വംശനാശം വന്നുപോയതെന്ന് മുൻപ് ശാസ്ത്രജ്ഞർ ഉറപ്പിച്ചത്.

ദിനോസറുകളെ മാത്രമല്ല, അക്കാലത്ത് ഭൂമിയിലുണ്ടായിരുന്ന മുക്കാൽ പങ്ക് ജീവജാലങ്ങളെയും ഈ ഛിന്നഗ്രഹ പതനത്തെ തുടർന്നുള്ള സംഭവവികാസങ്ങൾ നശിപ്പിച്ചിരുന്നു.എങ്ങനെയാണു നാശം സംഭവിച്ചതെന്നുള്ളതു സംബന്ധിച്ച് വിവിധ സിദ്ധാന്തങ്ങളുണ്ട്. ഛിന്നഗ്രഹം പതിച്ച ശേഷം വ്യാപകതോതിൽ വാതകങ്ങളും പുകയും മറ്റ് അവശിഷ്ടങ്ങളടങ്ങിയ പൊടിപടലങ്ങളും അന്തരീക്ഷത്തിൽ ഉയർന്നെന്നും ഇതു മൂലമുണ്ടായ കാലാവസ്ഥാവ്യതിയാനമാകാം കനത്ത നാശത്തിന് വഴിയൊരുക്കിയതെന്നുമാണ് ഇതിലെ പ്രബലവാദം.

എന്നാൽ ഭീകരമായ ഈ സാഹചര്യങ്ങളെ ആൻജിയോസ്പേമുകൾ എന്നുവിളിക്കുന്ന പുഷ്പസസ്യങ്ങൾ തരണം ചെയ്തു. ഇന്നും നമ്മൾ കാണുന്ന പല പുഷ്പസസ്യങ്ങളും കെ–പിജി കൂട്ടനശീകരണത്തിനു മുൻപുണ്ടായതാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ദിനോസറുകളുടെ കാലം കഴിഞ്ഞതോടെ അതുവരെ പതുങ്ങലിലായിരുന്ന സസ്തനികളും ഭൂമിയിൽ പെരുകിത്തുടങ്ങി. ഒടുവിൽ സസ്തനികൾ ഭൂമിയിൽ ആധിപത്യമുറപ്പിച്ചു.

 

English Summary: The asteroid that killed the dinosaurs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com