ADVERTISEMENT

വ്യാഴഗ്രഹം അഥവാ ജൂപ്പിറ്ററിന്റെ പ്രധാന ചന്ദ്രൻമാരിലൊന്നായ യൂറോപ്പയിൽ കാർബൺ ഡയോക്സൈഡ് കണ്ടെത്തി. നാസ വിക്ഷേപിച്ച ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പായ ജെയിംസ് വെബ്ബാണു കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഹിമം നിറഞ്ഞ പുറന്തോടുള്ള ഉപഗ്രഹമാണ് യൂറോപ്പ. ഈ ഉപഗ്രഹത്തിന്റെ ഐസ് പാളികൾക്കടിയിൽ ഉപ്പുവെള്ളം നിറഞ്ഞ സമുദ്രങ്ങളുണ്ടെന്ന് നേരത്തെ ശാസ്ത്രജ്ഞർക്ക് സംശയമുണ്ട്. ഈ സമുദ്രങ്ങൾ ജീവൻ വഹിക്കുന്നുണ്ടോയെന്നും സംശയിക്കപ്പെട്ടിരുന്നു. ജീവന്റെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നായ കാർബൺ ഡയോക്സൈഡ് കണ്ടെത്തിയത് ഈ സാഹചര്യത്തിൽ ഈ സംശയങ്ങളെ കൂടുതൽ ബലപ്പെടുത്തുകയാണ്.

 

ഹൈഡ്രജൻ, ഹീലിയം വാതകങ്ങൾ നിറഞ്ഞ ഭീമൻ ഗ്രഹമാണ് ജൂപ്പിറ്റർ .സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളുടെയും മൊത്തം ഭാരത്തിന്റെ രണ്ടര ഇരട്ടിയാണ് ജൂപ്പിറ്ററിന്റേത്. ഒന്നും, രണ്ടുമല്ല 95 ചന്ദ്രൻമാരാണ് ഈ ഗ്യാസ് വമ്പനെ വലംവയ്ക്കുന്നത്. യൂറോപ്പ കൂടാതെ ഗാനിമീഡ്, ലോ, കലിസ്റ്റോ എന്നിവരാണ് ഇവയിലെ പ്രമുഖൻമാർ. വ്യാഴത്തിന്‌റെ ചന്ദ്രൻമാരിൽ ഒന്നായ ഗാനിമീഡിന്‌റെ അന്തരീക്ഷത്തിൽ നീരാവിയുടെ സാന്നിധ്യം ഇടയ്ക്ക് ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു .ചൊവ്വാഗ്രഹത്തെക്കാൾ അൽപം വലുപ്പം കുറഞ്ഞ ഗാനിമീഡിൽ ഭൂമിയിൽ എല്ലാ സമുദ്രങ്ങളിലുമുള്ള വെള്ളത്തേക്കാൾ കൂടുതൽ ജലസമ്പത്ത് ഉണ്ടെന്ന് ശാസ്ത്രജ്ഞർ പണ്ടുമുതൽ തന്നെ സംശയിക്കുന്നുണ്ട്.സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രനാണ് ഗാനിമീഡ്. 

 

ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന , ബഹിരാകാശ ടെലിസ്‌കോപ്പായ ജയിംസ് വെബ് ഒപ്പിയെടുത്ത ദൃശ്യങ്ങൾ സംയോജിപ്പിച്ചുള്ള ആദ്യചിത്രങ്ങൾ നാസ പുറത്തുവിട്ടത് 2022 ജൂലൈ 12നാണ്. 460 കോടി വർഷം മുൻപുള്ള നക്ഷത്രസമൂഹങ്ങളുടെ ദൃശ്യങ്ങൾ വരെ ഇവയിലുണ്ട്. ജയിംസ് വെബ്ബിനു മുൻപു ബഹിരാകാശത്തുണ്ടായിരുന്ന ഹബിൾ ടെലിസ്കോപ് നൽകിയതിനേക്കാൾ വ്യക്തവും മിഴിവേറിയതുമായിരുന്നു ചിത്രങ്ങൾ.

 

3 പതിറ്റാണ്ടു നീണ്ട ഗവേഷണത്തിനൊടുവിൽ നിർമിച്ച, ഇൻഫ്രാറെഡ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ജയിംസ് വെബ് 2021 ഡിസംബറിലാണ് നാസ ബഹിരാകാശത്തേക്ക് അയച്ചത്.ജയിംസ് വെബ് ടെലിസ്‌കോപ് പുറത്തുവിട്ട ചിത്രങ്ങളിൽ ഒന്ന് ആകാശത്തെ ഏറ്റവും തിളക്കമേറിയതും വലുപ്പമുള്ളതുമായ കാരിന നെബുലയായിരുന്നു. ഭൂമിയിൽ നിന്ന് 7600 പ്രകാശവർഷങ്ങൾ അകലെയാണ് കാരിന. 1752 ജനുവരി 25നാണ് ഇത് ആദ്യമായി കണ്ടെത്തിയത്.

 

ക്ഷീരപഥത്തിൽ സ്ഥിതി ചെയ്യുന്ന കാരിന നെബുലയ്ക്കുള്ളിൽ പിണ്ഡമേറിയ വിവിധ നക്ഷത്രങ്ങളുണ്ട്. ഇവയിൽ പലതിനും സൂര്യനെക്കാൾ പതിന്മടങ്ങു വലുപ്പവുമുണ്ട്. ട്രംപ്ളർ 14, ട്രംപ്ളർ 16 തുടങ്ങിയ താരക്കൂട്ടങ്ങളും കാരിന നെബുലയിലുണ്ട്. ട്രംപ്ളർ 16ൽ ഉള്ള ഡബ്ല്യുആർ 25 എന്ന നക്ഷത്രം ക്ഷീരപഥത്തിലെ ഏറ്റവും പ്രകാശമാനമായ നക്ഷത്രമാണ്. ഒരുപാടുവർഷക്കാലം മുൻപ് പ്രപഞ്ചത്തിൽ നടന്ന പ്രക്രിയകളെ ചിത്രരൂപത്തിലാക്കുന്നതിനാൽ പ്രപഞ്ചത്തിന്റെ ടൈം മെഷീനെന്നും ജയിംസ് വെബ്ബിനു വിളിപ്പേരുണ്ട്.

 

English Summary: Using the James Webb Space Telescope, an upgrade on the Hubble, scientists are now assured that there is a huge ocean of saltwater, kilometres below Europa's ice-covered surface,

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com