നിരവധി ആറ്റംബോംബുകളുടെ കരുത്തുളള 'ബെന്നു' പാഞ്ഞടുക്കുമോ? തുണയാകാന് ‘പ്ലാനറ്ററി ഡിഫൻസ്’!
Mail This Article
2182 സെപ്റ്റംബർ 24. ഒരു ഛിന്നഗ്രഹം ഇതേ തീയതിയിൽ ഭൂമിക്കു നേരെ പാഞ്ഞടുക്കുമോ. 22 ആണവബോംബുകൾ ഒരുമിച്ചു പൊട്ടുന്ന സ്‌ഫോടകശേഷിയോടെ ഇതു ഭൂമിയിൽ പതിക്കുമോ? ഇങ്ങനെയൊരു സംഭവം നടക്കാൻ വലിയ സാധ്യത ഒന്നുമില്ല. എന്നാൽ നേരിയ, വളരെ നേരിയ ഒരു സാധ്യത ഉണ്ടെന്നും പറയേണ്ടിവരും. 2700ൽ ഒന്ന് എന്ന ചെറിയ സാധ്യത മാത്രമാണ് ഇത്തരമൊരു കൂട്ടിയിടിക്കായി നാസ കൽപിക്കുന്നത്. ബെന്നു എന്ന ഛിന്നഗ്രഹമാണ് ഇതിലെ വില്ലൻ. അടുത്തിടെ നാസയുടെ ഓസിരിസ് റെക്‌സ് എന്ന ബഹിരാകാശ ദൗത്യം ബെന്നുവിലിറങ്ങി സാംപിളുകളുമായി തിരികെയെത്തിയിരുന്നു. നമുക്ക് ചെറിയ ഭീഷണി ഉയർത്തുന്ന ഈ ഛിന്നഗ്രഹത്തെപ്പറ്റിയുള്ള പഠനം കൂടി ലക്ഷ്യമിട്ടാണ് നാസ ഓസിരിസ് ദൗത്യം അയച്ചത്.
എംപയർ സ്റ്റേറ്റ് ബിൽഡിങ് കെട്ടിടത്തിന്‌റെ വലുപ്പമുള്ളതാണ് ബെന്നു ഛിന്നഗ്രഹം. പ്രാചീന ഈജിപ്ഷ്യൻ വിശ്വാസത്തിലെ ഒരു പക്ഷിദേവതയുടെ പേരാണ് ബെന്നു. പുനർജന്മത്തിന്റെ ചിഹ്നമായി കരുതപ്പെടുന്ന ഈ മിത്തോളജിക്കൽ പക്ഷിയാണ് ഗ്രീക്ക് വിശ്വാസത്തിലെ ഫീനിക്സ് തുടങ്ങിയ സങ്കൽപങ്ങൾക്ക് കാരണമായതെന്ന് കരുതപ്പെടുന്നു. 1999 സെപ്റ്റംബറിലാണ് ബെന്നു ഛിന്നഗ്രഹം ശാസ്ത്രജ്ഞർ കണ്ടെത്തിയത്. 2016ൽ ആണ് ഓസിരിസ് റെക്സ് ബെന്നുവിൽ നിന്നു സാംപിളുകൾ ശേഖരിച്ചു ഭൂമിയിലേക്കു തിരികെ കൊണ്ടുവരാനായി യാത്ര തുടങ്ങിയത്. 2020 ൽ ആയിരുന്നു ഓസിരിസ് ബെന്നുവിനു സമീപം എത്തിയത്.
ഉറച്ച പാറ പോലെയുള്ള ഘടനയല്ല ബെന്നുവിന്. മറിച്ച് ഇളകിക്കിടക്കുന്ന പ്രതലമാണ്. പൂഴിമണൽ വിരിച്ചതുപോലുള്ള പ്രതലം. കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് വലിയൊരു ഛിന്നഗ്രഹത്തിൽ നിന്നു മുറിഞ്ഞു വേർപെട്ട ഭാഗമാണ് ബെന്നുവായി മാറിയതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള മെയ്ൻ ആസ്റ്ററോയ്ഡ് ബെൽറ്റിലാണ് ഈ ഛിന്നഗ്രഹത്തിന്റെ ഉദ്ഭവം. കഴിഞ്ഞ വർഷം നാസയുടെ ഡാർട്ട് അഥവാ ‘ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്‌ഷൻ ടെസ്റ്റ്’എന്ന ദൗത്യം ഒരു ചെറു ഛിന്നഗ്രഹത്തെ ഇടിച്ച് അതിന്റെ ഭ്രമണപാത തെറ്റിച്ചിരുന്നു. ഭൗമപ്രതിരോധരംഗത്തെ നിർണായകമായ കാൽവയ്പായിരുന്നു ഇത്.
ഭൂമിയിൽ നിന്ന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹമായ ഡിഡിമോസിനെ ചുറ്റിക്കറങ്ങുന്ന ഡൈഫോർമോസ് എന്ന മറ്റൊരു ചെറുഛിന്നഗ്രഹത്തെയാണ് ഡാർട്ട് ഇടിച്ചത്. ഭാവിയിൽ ഏതെങ്കിലും ഛിന്നഗ്രഹം ഭൂമി ലക്ഷ്യമിട്ടെത്തിയാൽ മറുമരുന്നെന്ന നിലയിൽ ഒരു സാങ്കേതികവിദ്യ വികസിപ്പിക്കുക എന്ന ഉദ്ദേശത്തിന്റെ ഫലമായാണു ഡാർട്ട് പിറവിയെടുക്കുന്നത്. ഭൂമിയിൽ നിന്ന് 1.1 കോടി കിലോമീറ്റർ അകലെയാണ് ഡൈഫോർമോസ് സ്ഥിതി ചെയ്യുന്നത്.
മനുഷ്യവംശം പല തരം പ്രകൃതിക്ഷോഭങ്ങൾക്ക് സാക്ഷിയായിട്ടുണ്ടെങ്കിലും ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ പതിച്ചുണ്ടാകുന്ന അപകടങ്ങൾ കണ്ടിട്ടുണ്ടാകില്ല.ആറരക്കോടി വർഷം മുൻപ് ഭൂമിയിൽ പതിച്ച ഒരു ഛിന്നഗ്രഹത്തിന്റെ ആഘാതത്തിലും തുടർപ്രതിഭാസങ്ങളിലുമാണ് ദിനോസറുകൾ ഈ ഭൂമിയിൽ നിന്നു പൂർണമായി അപ്രത്യക്ഷമായത്. ഭൂമിയിൽ പല തവണ പതിച്ചിട്ടുള്ള ഛിന്നഗ്രഹങ്ങളുടെ ആഘാതം പലയിടത്തുമുള്ള വൻകുഴികളുടെ ആഴത്തിൽ നിന്നു തന്നെ മനസ്സിലാക്കാം.
ഈ കാലഘട്ടത്തിൽ ഛിന്നഗ്രഹ പതനങ്ങൾ കുറവാണെന്നു കരുതി ഇതൊരിക്കലും സംഭവിക്കുകയില്ലെന്ന് പറയാൻ സാധിക്കില്ല.ഓരോ വർഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിനു സമീപത്തുകൂടി കടന്നു പോകാറുണ്ട്.ഭാവിയിൽ ഭൂമിയെ ഛിന്നഗ്രഹ ആക്രമണത്തിൽ നിന്നു രക്ഷിക്കാൻ ‘പ്ലാനറ്ററി ഡിഫൻസ്’എന്ന മേഖല തന്നെ ഇപ്പോൾ പ്രചാരത്തിലായി വരുന്നുണ്ട്. ഈ മേഖലയുടെ ശ്രദ്ധേയമായ ആദ്യ കാൽവയ്പാണു ഡാർട്ട്.
1640-foot asteroid could hit Earth, says UCC professor; know when