ADVERTISEMENT

മനുഷ്യരുടെ എക്കാലത്തെയും മഹാവിസ്മയമായ ചാന്ദ്രഗോളത്തെ അടുത്തറിയാൻ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള  അവസരമൊരുക്കുന്നു. ബ്രിട്ടിഷുകാരനായ ലൂക്ക് ജെറം എന്ന ഇൻസ്റ്റലേഷൻ കലാകാരൻ സൃഷ്ടിച്ച ഭീമാകാരമായ ചാന്ദ്രമാതൃക ഡിസംബർ അഞ്ചിന് രാത്രി കനകക്കുന്നിൽ പ്രദർശിപ്പിക്കും.

ചന്ദ്രന്റെ നിരവധി ഫോട്ടോകളുടെകൂടി പ്രദർശനമായിരിക്കും 'മ്യൂസിയം ഓഫ് ദ മൂൺ' എന്ന ഇൻസ്റ്റലേഷൻ. സയൻസും കലയും ഒരുമിക്കുന്ന ഈ പ്രദർശനം ജനുവരിയില്‍ ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിൽ തുറക്കാൻപോകുന്ന സയൻസിന്റെയും കലയുടേയും മായികലോകത്തെപ്പറ്റിയുള്ള സൂചനയായിരിക്കും നൽകുക. 

ചന്ദ്രോപഗ്രഹത്തിൽ നാസ സ്ഥാപിച്ച ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ ക്യാമറ പകർത്തിയ യഥാർഥ ചിത്രങ്ങൾ കൂട്ടിയിണക്കിയാണ് ലൂക് ജെറം മ്യൂസിയം ഓഫ് ദ മൂൺ ഉണ്ടാക്കിയിട്ടുള്ളത്. അവ ചേർത്ത് 23 മീറ്റർ വിസ്താരമുള്ള ഹൈ റെസൊല്യൂഷൻ ചിത്രം തയ്യാറാക്കിയത് അമേരിക്കയിലെ അസ്‌ട്രോളജി സയൻസ് സെന്ററിലാണ്. ഇരുപതു വർഷത്തോളമുള്ള പരിശ്രമത്തിനൊടുവിൽ 2016ലാണ് ലൂക് ജെറം ആദ്യപ്രദർശനം സംഘടിപ്പിച്ചത്. തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ക്ഷണിക്കപ്പെട്ട് നൂറിലേറെയിടങ്ങളിൽ ഇത് പ്രദർശിപ്പിച്ചുകഴിഞ്ഞു. കേരളത്തിലെ ആദ്യത്തേയും ഇന്ത്യയിലെ രണ്ടാമത്തേയും പ്രദർശനമാണ് കനകക്കുന്നിൽ ഒരുങ്ങുന്നത്. 

ഈ ചാന്ദ്രഗോളത്തിലെ ഓരോ സെന്റീമീറ്ററിലും കാണുന്നത് അഞ്ചു കിലോമീറ്റർ ചന്ദ്രോപരിതലമായിരിക്കും. ഭൂമിയിൽനിന്ന് മനുഷ്യർക്ക് ചന്ദ്രന്റെ ഒരു വശം മാത്രമേ കാണാനാവൂ. അങ്ങകലെ പരന്ന തളികപോലെമാത്രം കാണുന്ന ചന്ദ്രനെ ടെലിസ്‌കോപ്പിലൂടെ നോക്കിയാല്‍ കുറച്ച് അടുത്തും വലുതായും കാണാമെന്നല്ലാതെ ഗോളാകാരത്തിൽ കാണുന്ന അനുഭവം ലഭിക്കില്ല. ഒരിക്കലും കാണാനാകാത്ത ചന്ദ്രന്റെ മറുപുറം ഉള്‍പ്പെടെ തനിരൂപത്തിൽ ഗോളമായിത്തന്നെ തൊട്ടടുത്തു കാണാനുള്ള അവസരമാണ് മ്യൂസിയം ഓഫ് ദ മൂൺ ഒരുക്കുന്നത്.

മൂന്നുനിലക്കെട്ടിടത്തിന്റെ ഉയരത്തിലാണ് ഏഴുമീറ്റർ വ്യാസമുള്ള ഈ ചാന്ദ്രഗോളം സ്ഥാപിക്കുക. ചന്ദ്രപ്രകാശത്തിനു സമാനമായ വെളിച്ചം ഉള്ളിൽനിന്ന് ഉപരിതലത്തെ പ്രകാശപൂരിതമാക്കുന്നതിനാൽ പ്രകാശിക്കുന്ന ചന്ദ്രൻ കൺമുന്നിൽ നിൽക്കുന്ന അനുഭവമാണ് ലഭിക്കുക. ബാഫ്റ്റ് പുരസ്‌കാരം നേടിയ സംഗീതജ്ഞൻ ഡാൻ ജോൺസ് ചിട്ടപ്പെടുത്തിയ സംഗീതവും പ്രദർശനത്തിനോടനുബന്ധിച്ച് പശ്ചാത്തലത്തിലുണ്ടാകും.

വൈകിട്ട് അഞ്ചിന് ധനകാര്യ മന്ത്രിയും ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ സംഘാടക സമിതി ചെയർമാനുമായ കെ.എം. ബാലഗോപാൽ പ്രദർശനം ഉദ്ഘാടനം ചെയ്യും. ആർട്ടിസ്റ്റ് ലൂക് ജെറം, മേയർ ആര്യ രാജേന്ദ്രൻ, വി.കെ.പ്രശാന്ത് എംഎൽഎ എന്നിവർ പങ്കെടുക്കും. പുലർച്ചെ നാലു വരെ കനകക്കുന്നിൽ ചന്ദ്രൻ ഉദിച്ചുനിൽക്കും. ഇതോടനുബന്ധിച്ച് വിവിധ മല്‍സരങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നുണ്ട്.

 ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള

കേരള ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴില്‍  അമ്യൂസിയം ആർട് സയൻസും കെഎസ്‌എസ്‌ടിഇയും ചേർന്ന് ‘ലൈഫ് സയൻസ്’ എന്ന വിഷയത്തിൽ അധിഷ്ഠിതമായി തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ക്യൂറേറ്റ് ചെയ്ത അതിവിപുലമായ ശാസ്ത്രപ്രദർശനം ഉൾപ്പെടുന്ന ഫെസ്റ്റിവൽ കോംപ്ലക്‌സ് ആയിരിക്കും മുഖ്യ ആകർഷണം. ഇതിനായി കെഎസ്ഐഡിസിയുടെ 20 ഏക്കര്‍ സ്ഥലത്ത് 2.5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പവലിയനാണ് തയ്യാറാകുന്നത്.

ജര്‍മന്‍, യു.എസ്. കോണ്‍സുലേറ്റുകളും ബ്രിട്ടീഷ് കൗണ്‍സില്‍, അമേരിക്കയിലെ സ്മിത്ത്സോണിയന്‍ സെന്റര്‍, യു.കെ. സയന്‍സ് മ്യൂസിയം, കാള്‍ സാഗന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സാങ്കേതിക സർവ്വകലാശാല, ഡിജിറ്റല്‍ സര്‍വ്വകലാശാല, ഐസര്‍, ബാംഗ്ലൂരിലെ വിശ്വേശ്വരയ്യ മ്യൂസിയം, കേരള സ്റ്റാര്‍ട്ടപ് മിഷന്‍, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങി നിരവധി ദേശീയ, അന്തർ ദേശീയസ്ഥാപനങ്ങളും സംഘടനകളും സഹകരിക്കുന്നുണ്ട്. ഒരുമാസം നീളുന്ന ജിഎസ്എഫ്‌കെയില്‍ പത്തുലക്ഷം സന്ദര്‍ശകരെങ്കിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മ്യൂസിയം ഓഫ് ദ മൂണ്‍ ഫെസ്റ്റിവല്‍ വേദിയിലും ഒരു മാസം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com