ADVERTISEMENT

അനിമേഷന്റെ കമനീയ സാധ്യതകൾ ഉപയോഗിച്ചും ശക്തമായ കഥയും പശ്ചാത്തവുമൊരുക്കിയും ലോകമെമ്പാടുമുള്ള പ്രേക്ഷക മനസ്സുകളിലേക്ക് കുടിയേറിയ ചലച്ചിത്രങ്ങളാണ് പ്ലാനറ്റ് ഓഫ് ദ ഏപ്‌സ് സീരീസിലുള്ളത്.പരീക്ഷണങ്ങളിൽ ജനിതകമാറ്റം വരുത്തിയ അതിബുദ്ധിമാൻമാരായ ആൾക്കുരങ്ങുകൾ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതും അവരുടെ സ്വന്തം സമൂഹം സൃഷ്ടിക്കുന്നതുമാണ് ഇതിവൃത്തം. ആൾക്കുരങ്ങുകളുടെ നായകനായ 'സീസർ' എന്ന ചിംപാൻസിയുടെ കഥയാണ് ഈ പരമ്പരയുടെ അവസാന 3 ചിത്രങ്ങളിൽ കാണിച്ചിരുന്നത്.

20th Century Fox
20th Century Fox

സയൻസ് ഫിക്ഷൻ സിനിമകൾക്കുള്ള ഉത്തമ ഉദാഹരണമായ ഈ ചിത്രങ്ങളുടെ പുതിയ പതിപ്പായ കിങ്ഡം ഓഫ് പ്ലാനറ്റ് ഓഫ് ദ ഏപ്‌സിന്‌റെ ട്രെയിലർ പുറത്തുവന്നിരിക്കുകയാണ്. മനുഷ്യർക്കുമേൽ ആധിപത്യം നേടുന്ന ആൾക്കുരങ്ങുകളാണ് ചിത്രത്തിന്‌റെ ഇതിവൃത്തമെന്ന സൂചന ഇതു നൽകുന്നു. സമൂഹമാധ്യമങ്ങളിൽ ഈ ട്രെയിലർ വൈറലാണ്.

പ്ലാനറ്റ് ഓഫ് ദ ഏപ്‌സ് ഒരു പുതിയ സിനിമാപരമ്പരയല്ല. 1968ലാണ് പരമ്പരയിലെ ആദ്യ സിനിമ ഇറങ്ങിയത്. ആദ്യത്തെ 6 സിനിമകൾ സീസറിന്‌റെ കഥയല്ല പറയുന്നത്. കേവലമൊരു സിനിമ എന്നതിനപ്പുറം ജന്തുശാസ്ത്രജ്ഞരെ ഭരിച്ച വലിയൊരു ആശയക്കുഴപ്പത്തിന്‌റെയും നേർചിത്രമാണ് പ്ലാനറ്റ് ഓഫ് ദ ഏപ്‌സ്. 

മനുഷ്യർ കഴിഞ്ഞാൽ ഏറ്റവും ബുദ്ധിയുള്ള ജീവികളെന്നും പരിണാമദിശയിൽ നമ്മുടെ അടുത്ത ബന്ധുക്കളെന്നും വിശേഷിപ്പിക്കപ്പെടുന്ന ആൾക്കുരങ്ങുകളെ വെറും മൃഗങ്ങളായാണോ പരിഗണിക്കേണ്ടത്, അതോ മനുഷ്യർക്ക് സമാനമായ സ്ഥാനം നൽകണമോയെന്ന ചർച്ചകളും വാദപ്രതിവാദങ്ങളും കാലങ്ങളായുണ്ട്. 

വാലില്ലാക്കുരങ്ങ് എന്നു വിശേഷിപ്പിക്കാറുണ്ടെങ്കിലും കുരങ്ങുകളിൽ നിന്നു വലിയ വ്യത്യാസമുണ്ട് ആൾക്കുരങ്ങുകൾക്ക് . പരിണാമ പ്രക്രിയയിൽ വേർപെട്ട, മനുഷ്യന്റെ ഏറ്റവും അടുത്ത ബന്ധുക്കളാണ് ആൾക്കുരങ്ങുകൾ. ചിംപാൻസി, ഗൊറില്ല, ബൊനോബോസ്, ഒറാങ്ഉട്ടാൻ എന്നിവയാണ് ആൾക്കുരങ്ങുകളിലെ പ്രധാനികൾ. ഗ്രേറ്റ് ഏപ്സ് എന്ന് ഇവർ അറിയപ്പെടുന്നു. ഇവയ്ക്കു കുരങ്ങുകളെക്കാൾ മനുഷ്യരുമായിട്ടാണു സാമ്യം.

വലിയ തോതിലുള്ള ചൂഷണങ്ങൾ ആൾക്കുരങ്ങുകൾ നേരിടുന്നുണ്ട്. ചിംപാൻസികളുടെയും ഗൊറില്ലകളുടെയും ബൊനോബോകളുടെയുമൊക്കെ ജന്മനാടായ കോംഗോ നദിക്കര പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കുന്ന മേഖലയാണ്. അനധികൃത വേട്ടയും മൃഗക്കടത്തലുമൊക്കെ ഇവിടെ വൻതോതിലുണ്ട്. അടുത്തകാലത്തായി ഖനന പ്രവർത്തനങ്ങളും ഇവയെ വളരെയേറെ ബാധിക്കുന്നുണ്ട്.

ആൾക്കുരങ്ങുകളുടെ ബുദ്ധിശക്തിയും മനുഷ്യരുമായുള്ള ബന്ധുത്വവും പരിഗണിച്ച് ഇവയ്ക്ക് മനുഷ്യർക്കു തുല്യമായ പദവി നൽകണമെന്നും മനുഷ്യാവകാശങ്ങൾ ഉറപ്പുവരുത്തണമെന്നും വാദിക്കുന്നവരുണ്ട്.ഗ്രേറ്റ് ഏപ് പേഴ്സൻഹുഡ് എന്നാണ് ഈ ക്യാംപെയ്ൻ അറിയപ്പെടുന്നത്. റിച്ചഡ് ഡോക്കിൻസ് ഉൾപ്പെടെയുള്ളവർ ഇതിന്റെ പ്രയോക്താക്കളാണ്.ആൾക്കുരങ്ങുകളുടെ കൂട്ടത്തിൽ ഏഷ്യ ജന്മനാടായ ഒരേയൊരു വിഭാഗമാണ് ഒറാങ്ഉട്ടാൻ. ഇന്തൊനീഷ്യയിലാണ് ഇവ കൂടുതൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com