'ഇടി' ഒഴിവായത് തലനാരിഴയ്ക്ക്! റഷ്യൻ ഉപഗ്രഹവും യുഎസ് ഉപഗ്രഹവും മുഖാമുഖം

Mail This Article
ബഹിരാകാശത്ത് ഒരു കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. ഫെബ്രുവരിയിൽ നടന്ന ഈ സംഭവത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. യുഎസിന്റെ ടൈംഡ് എന്ന ഉപഗ്രഹവും റഷ്യയുടെ ഒരുപഗ്രഹവും തമ്മിലാണ് അടുത്തടുത്തെത്തിയത്. വെറും പത്തുമീറ്റർ വ്യത്യാസത്തിൽ വരെ ഇരു ഉപഗ്രഹങ്ങളും എത്തി. ഇവ തമ്മിൽ കൂട്ടിയിടിച്ചിരുന്നെങ്കിൽ തുടർന്നുണ്ടാകുന്ന അവശിഷ്ടങ്ങൾ മറ്റ് പേടകങ്ങൾക്ക് അപകടകരമായേനെ.
ഇതിനിടെ രാജ്യാന്തര ബഹിരാകാശനിലയത്തിലെ റഷ്യൻ ഭാഗത്തുനിന്ന് വാതകച്ചോർച്ചയുണ്ടെന്ന് റഷ്യൻ ബഹിരാകാശ സംഘടനയായ റോസ്കോമോസ് അധികൃതർ അറിയിച്ചു. ശീതയുദ്ധകാലത്തിനുശേഷം വിവിധ ശാക്തികചേരികൾ തമ്മിലുണ്ടായ മൈത്രിയുടെ പ്രതീകമാണ് രാജ്യാന്തര ബഹിരാകാശ നിലയം. നിലയവുമായുള്ള സഹകരണം 2024ൽ റഷ്യ അവസാനിപ്പിക്കുമെന്ന അഭ്യൂഹം ശക്തം. എന്നാൽ, രാജ്യാന്തര ബഹിരാകാശ നിലയവുമായി നീണ്ടകാലമായി നിലനിൽക്കുന്ന സഹകരണം അവസാനിപ്പിച്ച് സ്വന്തം നിലയിൽ ബഹിരാകാശ നിലയം നിർമിക്കുകയെന്ന ലക്ഷ്യത്തിലേക്കാണു റഷ്യ പോകുന്നത്.
യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് യുഎസ്, നാറ്റോ കക്ഷികളായ യൂറോപ്യൻ രാജ്യങ്ങൾ എന്നിവരുമായി ഉടലെടുത്ത പ്രശ്നങ്ങളാണ് സ്വന്തം നിലയം എന്ന ലക്ഷ്യത്തിലേക്കു വീണ്ടും റഷ്യയെ നയിക്കുന്നത്. 2024നു ശേഷം തങ്ങൾ രാജ്യാന്തര ബഹിരാകാശ നിലയവുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിക്കുമെന്നു റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോമോസിന്റെ പുതിയ മേധാവി യൂറി ബോറിസോവ് പ്രഖ്യാപിച്ചതായി റിപ്പോർട്ടുകളുണ്ട് (ഇതു നാസ സ്ഥിരീകരിച്ചിട്ടില്ല). ഭാവിയിൽ സ്വന്തം നിലയ്ക്കു നടപ്പാക്കാനുദ്ദേശിക്കുന്ന ബഹിരാകാശ നിലയത്തിന്റെ വിവരങ്ങളും റഷ്യ പുറത്തുവിട്ടിരുന്നു.

2025–26 കാലയളവിൽ നിലയത്തിന്റെ ആദ്യവിക്ഷേപണം നടത്താനാണു റഷ്യ കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്. 2030ന് അപ്പുറത്തേക്ക് ഇതു നീളരുതെന്നു റോസ്കോമോസിനു നിഷ്കർഷയുണ്ട്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേതുപോലെ എപ്പോഴും മനുഷ്യസാന്നിധ്യം എന്ന രീതി റഷ്യൻ നിലയത്തിനുണ്ടാകില്ല. വർഷത്തിൽ രണ്ടുതവണയാകും ഇവിടെ ആളുകൾ പാർക്കുക.ഇറാൻ, ചൈന എന്നീ രാജ്യങ്ങളുമായി ബഹിരാകാശരംഗത്തു സഹകരണം ശക്തമാക്കാനും റഷ്യയ്ക്കു പദ്ധതിയുണ്ട്.

1998ൽ നിർമാണം തുടങ്ങിയ രാജ്യാന്തര ബഹിരാകാശ നിലയം 2011ൽ പൂർണാർഥത്തിൽ യാഥാർഥ്യമായി. ഇപ്പോഴും പുതിയ ദൗത്യങ്ങളും പരീക്ഷണങ്ങളും ഇവിടെ നടക്കുന്നു. 2000 നവംബർ 2 മുതൽ നിലയത്തിൽ മുഴുവൻ സമയവും മനുഷ്യ സാന്നിധ്യമുണ്ടായിരുന്നു. യൂറോപ്യൻ സ്പേസ് ഏജൻസി അംഗരാജ്യങ്ങൾ, യുഎസ്, റഷ്യ, കാനഡ, ജപ്പാൻ എന്നിവ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാണ്.
ബഹിരാകാശ നിലയങ്ങളുടെ കാര്യത്തിൽ മറ്റൊരു രാജ്യത്തിനുമില്ലാത്ത പെരുമ അവകാശപ്പെടാവുന്ന രാജ്യമാണു റഷ്യ. 1971ൽ ലോകത്തിലെ ആദ്യത്തെ ബഹിരാകാശ നിലയം സല്യൂട്ട് 1 വിക്ഷേപിച്ചതു സോവിയറ്റ് യൂണിയനാണ്. 3 കോസ്മോനോട്ടുകളെ വഹിക്കാൻ ശേഷിയുള്ള സല്യൂട്ട് ഒന്നിൽ അൾട്രാവയലറ്റ് ടെലിസ്കോപ്പുമുണ്ടായിരുന്നു.
സല്യൂട്ട് പദ്ധതിയുടെ ഭാഗമായി രഹസ്യ സൈനിക ദൗത്യങ്ങളും റഷ്യയ്ക്കുണ്ടായിരുന്നു. സല്യൂട്ട് പദ്ധതികൾ 1982ൽ അവസാനിച്ചു. സല്യൂട്ട് 7 എന്ന പദ്ധതിയായിരുന്നു അവസാനത്തേത്. റഫ്രിജറേറ്ററുകൾ അടക്കമുള്ള സൗകര്യങ്ങൾ ഇതിലുൾപ്പെടുത്തിയിരുന്നു. പിന്നീടാണ് റഷ്യയുടെ ഏറ്റവും പ്രശസ്തമായ സ്പേസ് സ്റ്റേഷനായ മിർ ബഹിരാകാശത്തെത്തിയത്. 1986 മുതൽ 2001 വരെ മിർ ബഹിരാകാശത്തു നിലനിന്നു. 1991 വരെ സോവിയറ്റ് യൂണിയനും പിന്നീട് റഷ്യയ്ക്കുമായിരുന്നു മിറിന്റെ നിയന്ത്രണമെങ്കിലും മറ്റു രാജ്യങ്ങളിലെ ബഹിരാകാശ യാത്രികർക്കും മിർ ആതിഥേയത്വം ഒരുക്കി. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലാണ് ഇതു സ്ഥാപിച്ചിരുന്നത്.